ഓസ്‌ട്രേലിയക്കെതിരെയുള്ളഏകദിന പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പെര്‍ഫോമന്‍സിന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരുന്ന കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് ഇന്ത്യ അഞ്ച് വിക്കറ്റിന് ആദ്യ മത്സരം വിജയിച്ചത്.
ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 35.4 ഓവറില്‍ 188 റണ്‍സിന് ഓസ്‌ട്രേലിയയെ പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 10.1 ഓവറും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം കാണുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്.
83 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യക്കായി ആറാം വിക്കറ്റില്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. 108 പന്തില്‍ നിന്നും 123 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഏഴു ഫോറും ഒരു സിക്‌സുമടക്കം 75 റണ്‍സെടുത്ത രാഹുല്‍ പുറത്താകാതെ നിന്നു. രാഹുലിന് കൂട്ടായി ക്രീസില്‍ ഉറച്ച് നിന്ന ജഡേജ 69 പന്തില്‍ നിന്നും 36 റണ്‍സാണ് എടുത്തത്. മിച്ചല്‍ മാര്‍ഷിന്റെയും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും വിക്കറ്റെടുത്ത ജഡേജ മാന്‍ ഓഫ് ദി മാച്ചുമായിരുന്നു.
ഈ നേട്ടത്തോടെ പുതിയൊരു റെക്കോഡും ജഡേജയെ തേടിയെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയവരുടെ പട്ടികയില്‍ യുവരാജ് സിങ്ങിനും രോഹിത് ശര്‍മക്കും ഒപ്പം എത്തിയിരിക്കുകയാണ് ജഡേജ.
ഓസ്‌ട്രേയിക്കെതിരെ നടന്ന കളികളില്‍ നിന്നും ആറ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് ജഡേജ സ്വന്തമാക്കിയിട്ടുള്ളത്. 17 മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 9 അവാര്‍ഡുകള്‍ നേടിയിട്ടുള്ള വിരാട് കോഹ്‌ലി എന്നിവരാണ് ജഡേജക്ക് മുന്നിലുള്ളത്.
അതേസമയം മാര്‍ച്ച് 19ന് വൈ.എസ്.ആര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യയുടെ ഓസീസിനെതിരെയുള്ള അടുത്ത മത്സരം. കളിയില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
Content Highlight: Jadeja joins Yuvraj Singh and Rohit Sharma in the list of most man of the match awards against Australia