കപില്‍ ദേവിന് ശേഷം ആദ്യം! മൈല്‍സ്‌റ്റോണുമായി റോക്ക്‌സ്റ്റാര്‍
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബാംഗ്ലാദേശിനെ നേരിടുകയാണ്. നേരത്തെ തന്നെ ഫൈനല്‍ ലൈനപ്പായതിനാല്‍ ഈ മത്സരത്തിന് പ്രാധാന്യം വളരെ കുറവാണ്.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 265 റണ്‍സ് നേടി. എട്ട് വിക്കറ്റാണ് കടുവകള്‍ക്ക് നഷ്ടമായത്.
മത്സരത്തില്‍ രവീന്ദ്ര ജഡേജ പുതിയ ഒരു മൈല്‍സ്റ്റോണ്‍ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഒരു വിക്കറ്റാണ് ജഡേജ നേടിയത് . എന്നാല്‍ ആ വിക്കറ്റ് നേട്ടത്തോടെ ചരിത്രത്തിലാണ് ജഡേജ നടന്നുകയറിയത്. ഏകദിന കരിയറില്‍ താരത്തിന്റെ 200ാം വിക്കറ്റ് നേട്ടമാണിത്.
175 ഇന്നിങ്‌സില്‍ നിന്നുമാണ് താരം 200 വിക്കറ്റ് നേട്ടം കൈവരിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ മാത്രം ഇന്ത്യന്‍ ബൗളറും ആദ്യെ ലെഫ്റ്റ് ഹാന്ഡ് സ്പിന്നറുമാണ് ജഡ്ഡു. ഷമീം ഹൊസൈനെ എല്‍.ബി.ഡബ്ല്യു ആക്കിയാണ് ജഡ്ഡു ആ നേട്ടത്തിലെത്തിയത്. പത്തോവറില്‍ 53 റണ്‍സ് വഴങ്ങിയാണ് ജഡേജ ഒരു വിക്കറ്റ് നേടിയത്.
200 വിക്കറ്റ് തികച്ചതോടെ 2000 റണ്‍സും 200 വിക്കറ്റും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓള്‍റൗണ്ടറാകാനും ജഡേജക്ക് സാധിച്ചു. മുമ്പ് കപില്‍ ദേവ് മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
ഏകദിനത്തില്‍ ഏഴ് തവണ താരം നാല് വിക്കറ്റ് ഹോള്‍ സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. 2013 ചാമ്പ്യാന്‍സ് ട്രോഫിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 5/36 ആണ് ജഡ്ഡുവിന്റെ ഏകദിനത്തിലെ മികച്ച സ്‌പെല്‍.
ടെസ്റ്റില്‍ 275ഉം ടി-20യില്‍ 51 വിക്കറ്റും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Jadeja joins in Elite Club with Kapil Dev with 2000 runs and 200 wickets in ODI