വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 271 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 150നെതിരെ ഇന്ത്യ 421/5 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിരാട് കോഹ്‌ലി 76 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് ക്യാപ്ടന്റെ നിര്‍ണായക തീരുമാനമെത്തിയത്.
ഇതിന് പിന്നാലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച വിന്‍ഡീസ് മൂന്നാം സെഷനില്‍ 21.1 ഓവറില്‍ 32/4 എന്ന നിലയില്‍ പതറുകയാണ്. ബൗളിങ്ങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായ സ്പിന്‍ ഡ്യുവോസ് വിക്കറ്റ് വേട്ടയാരംഭിച്ചിട്ടുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ രണ്ട് വീതം വിക്കറ്റെടുത്തു.
കരീബിയന്‍ നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (ഏഴ്), ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (ഏഴ്), ജെര്‍മെയ്ന്‍ ബ്ലാക്ക് വുഡ് (അഞ്ച്), റേമണ്‍ റെയ്ഫര്‍ (11) എന്നിവരാണ് പുറത്തായത്. അലിക് അത്തനേസ് (0), ജോഷ്വ ഡാ സില്‍വ (2) എന്നിവരാണ് ക്രീസില്‍.
ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ (171) തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചത്. മൂന്നാംദിനം രണ്ടിന് 312 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്.
ജെയ്സ്വാള്‍-കോഹ്‌ലി സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ജയ്സ്വാളിനെ അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡാ സില്‍വ ക്യാച്ചെടുത്ത് പുറത്താക്കി.
16 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു യശസ്വിയുടെ ഇന്നിങ്സ്. വിരാട് കോഹ്‌ലി 76 റണ്‍സെടുത്ത് പുറത്തായി. റഖീം കോണ്‍വാളിന്റെ പന്തില്‍ അലിക് അത്തനാസെയാണ് വിരാടിന്റെ ക്യാച്ചെടുത്തത്. നായകന്‍ രോഹിത് ശര്‍മ (103) ഇന്നലെ സെഞ്ച്വറി നേടിയിരുന്നു.
അഞ്ചാമനായി ക്രീസിലെത്തിയ അജിങ്ക്യ രഹാനെ (മൂന്ന്) കെമര്‍ റോച്ചിന്റെ പന്തില്‍ ജെറമെയ്ന്‍ ബ്ലാക്ക്വുഡിന് ക്യാച്ച് നല്‍കി മടങ്ങി. രവീന്ദ്ര ജഡേജ (37), ഇഷാന്‍ കിഷന്‍ (ഒന്ന്) പുറത്താവാതെ നിന്നു.