| Thursday, 11th April 2019, 10:39 pm

ഐ.പി.എല്ലില്‍ നൂറ് വിക്കറ്റുകള്‍ തികച്ച് ജഡേജ; ചെന്നൈയ്ക്ക് ജയിക്കാന്‍ 152 റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ നൂറ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മിന്നും താരം രവീന്ദ്ര ജഡേജ. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തിനിടെയാണ് തന്റെ ഐ.പി.എല്‍ കരിയറിലെ 100ാം വിക്കറ്റ് ജഡേജ സ്വന്തമാക്കിയത്.

ഐ.പി എല്ലില്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന 13ാമത്തെ താരമാണ് ജഡേജ. രാഹുല്‍ ത്രിപാഠിയായിരുന്നു ജഡേജയുടെ നൂറാമത്തെ ഇര. രാഹുല്‍ ത്രിപാഠിയെയും സ്റ്റീവന്‍ സ്മിത്തിനെയും പുറത്താക്കിയാണ് രവീന്ദ്ര ജഡേജ തന്റെ നൂറ് വിക്കറ്റ് നേട്ടം കൊയ്തത്. ഇന്നത്തെ മത്സരത്തില്‍ വെറും 20 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജയുടെ രണ്ട് വിക്കറ്റുകള്‍.

161 മത്സരങ്ങള്‍ കളിച്ചാണ് ജഡേജ ഐ.പി.എല്ലില്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 157 വിക്കറ്റുകള്‍ നേടിയ ലസിത് മലിംഗയാണ് ഐ.പി.എല്‍ വിക്കറ്റു വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. 113 മത്സരങ്ങളില്‍ നിന്നാണ് മലിംഗ 157 തവണ ബാറ്റ്സ്മാന്‍മാരെ പവലിയനിലേക്ക് അയച്ചത്. 149 വിക്കറ്റുകള്‍ അക്കൗണ്ടിലുള്ള അമിത് മിശ്രയാണ് ഐ.പി.എല്‍ വിക്കറ്റുവേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ചെന്നൈ നിരയില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്താണ് ജഡേജ ഈ നേട്ടത്തിലേക്ക് നീങ്ങുന്നത്.

അതേസമയം ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പൊരുതുന്നുണ്ട്. 152 റണ്‍സാണ് ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കുകയായിരുന്നു. ഒരുതാരത്തിനും 30 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ലെന്നുള്ളതാണ് രാജസ്ഥാന്‍ ഇന്നിങ്സിലെ പ്രത്യേകത. ബെന്‍ സ്റ്റോക്സാ (26 പന്തില്‍ 28) ണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

We use cookies to give you the best possible experience. Learn more