സമുദ്രനിരപ്പില്‍ നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായു പക്ഷി ശില്പം ഒരുങ്ങിയിരിക്കുന്നത് . സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം ചേര്‍ന്നതാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു വിനോദസഞ്ചാരപദ്ധതി.
കേബിൾ കാറും ദൃശ്യവിരുന്നും
ജടായു ശിൽപ്പത്തിലേക്കുള്ള ആകാശയാത്ര കൂറ്റൻ ടവറുകളിൽ സ്ഥാപിച്ച ഗ്ലാസ് ഭിത്തിയുള്ള കേബിൾ കാറിലൂടെയാണ്. ദൈർഘ്യം ഏകദേശം ഒരു കിലോമീറ്റർ. ഒരു കാറിൽ എട്ട് പേർക്ക് യാത്ര ചെയ്യാം. ഇത്തരത്തിൽ മണിക്കൂറിൽ 400 പേരെ ജടായു പാറയിലെത്തിക്കാവുന്ന 16 കേബിൾ കാറുകൾ. പൂർണമായും സ്വിറ്റ്സർലൻഡിൽനിന്ന് ഇറക്കുമതി ചെയ്തവ. മുകളിലെത്തുന്ന സഞ്ചാരികൾക്ക് ജടായു ശിൽപ്പത്തിന്റെ കണ്ണുകളിലൂടെ പശ്ചിമഘട്ട മലനിരകളുടെ ഹരിതശോഭ ആസ്വദിക്കാം.
ആകാശക്കാഴ്ച കാണാൻ ഹെലികോപ്ടറുമുണ്ട്. ഒരേ സമയം ആറുപേർക്ക് ഹെലികോപ്ടർ യാത്ര സാധിക്കും. അഞ്ച് മിനിറ്റ് മുതൽ പതിനഞ്ച് മിനിറ്റ് വരെയാണ് ലോക്കൽ ഫ്ളൈയിങ്ങിന്റെ ദൈർഘ്യം.
സാഹസിക കേന്ദ്രം
അഡ്വഞ്ചർ സെന്ററിൽ കൂറ്റൻ പാറക്കെട്ടുകളിലായി ഇരുപതിൽപ്പരം സാഹസിക വിനോദങ്ങളുണ്ട്. 118 അടി ഉയരമുള്ള പാറക്കെട്ടിലേക്ക് കയറുന്ന ഫ്രീ ക്ലൈംബിങ് മുതൽ 45 അടി ഉയരമുള്ള പാറക്കെട്ടിൽനിന്ന് താഴേക്ക് ചാടിയിറങ്ങാൻ അവസരമൊരുക്കുന്ന റാപ്പലിങ് ഗെയിം വരെ. റോക്ക് ക്ലൈമ്പിങ്, ബോൾഡറിങ്, ജൂമറിങ്, ചിമ്മിനി ക്ലൈമ്പിങ്, കമാൻഡോ നെറ്റ്, സിപ് ലൈൻ, ബർമ ബ്രിഡ്ജ് തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങൾ ആസ്വദിക്കാം.
തെന്നിന്ത്യയിലെ ഏറ്റവുംവലിയ ഔട്ട് ഡോർ പെയിന്റ് ബോൾ ഡെസ്റ്റിനേഷനും ഇവിടെയാണ്. രാജസ്ഥാൻ കോട്ടകളുടെ മാതൃകയിലുള്ള പെയിന്റ് ബോൾ ഡെസ്റ്റിനേഷനിൽ സഞ്ചാരികൾക്ക് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കാം. സംരക്ഷിത സ്വകാര്യ വനത്തിലൂടെയുള്ള ഒരുമണിക്കൂർ ദൈർഘ്യം വരുന്ന ട്രെക്കിങ്ങും ആസ്വദിക്കാം. ഗ്രൂപ്പായി ആസ്വദിക്കാൻ കഴിയുംവിധമാണ് സാഹസിക വിനോദ കേന്ദ്രത്തിന്റെ രൂപകൽപ്പന.
സീതയും രാവണനും
രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ജഡായു പാറയുടെ സ്ഥാനം. സീതാദേവിയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയ രാവണനെ തടഞ്ഞ ജഡായു എന്ന പക്ഷിരാജൻ ചിറകറ്റുവീണ പാറയാണിതെന്നാണ് സങ്കൽപ്പം. ഐതിഹ്യത്തിൽ ജഡായുമംഗലം എന്നറിയപ്പെട്ട ഈ മലനാട് കാലാന്തരത്തിൽ ചടയമംഗലം എന്നായി. ഇടതു ചിറകറ്റ നിലയിലും വലതു ചിറക് വിടർത്തിയും കൊക്കും കാൽനഖങ്ങളും ഉയർത്തിയും ജഡായു കിടക്കുന്ന രൂപത്തിലാണ് നിർമാണം. ശ്രീരാമ പാദവും പാറയിൽ തീർത്തിട്ടുണ്ട്.