| Wednesday, 23rd August 2023, 8:18 pm

ജാദവ്പുര്‍ സര്‍വകലാശാലയിലെ മരണം: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; നഗ്നനായി നടത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിയെ നഗ്നനനായി ഹോസ്റ്റല്‍ വരാന്തയിലൂടെ നടത്തിച്ചതായി പൊലീസ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ 17കാരന്‍ മരിക്കുന്നതിന് മിനിറ്റുകള്‍ മുമ്പാണ് സംഭവമെന്നും കൊല്‍ക്കത്ത പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥി ലൈംഗിക പീഡനത്തിനിരയായതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ‘പൗരുഷം കാണിക്കാന്‍’ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. ഗേ എന്ന് വിളിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്വപ്‌നദിപിനെ കളിയാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റാഗിങ് വിവരങ്ങള്‍ മറച്ചുവെക്കാനും പൊലീസിനെ വഴിതെറ്റിക്കാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും അതിന് വേണ്ടി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതായും പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ സ്വപ്‌നദിപ് തങ്ങളുടെ മുന്നില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. നിലവില്‍ മരണത്തില്‍ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്തവരില്‍ സര്‍വകലാശാലയിലെ നിലവിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ പാചകക്കാരനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പൊലീസിന് മുന്നില്‍ ഹാജരാകാന്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പതിനാണ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് ചാടി മരിക്കുന്നത്.

അതേസമയം സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ ഏത് ഉത്തരവും പുറപ്പെടുവിക്കുകയുള്ളൂവെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ക്യാമ്പസിനെ കുറിച്ച് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞിരുന്നു. സര്‍വകലാശാല സൃഷ്ടിച്ചത് ഒരു ചട്ടപ്രകാരമാണെന്നും അധികാരികള്‍ക്ക് അത് നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നുമാണ് കോടതി അറിയിച്ചത്.

content highlights: Jadavpur University death: Student sexually assaulted; Conducted naked

We use cookies to give you the best possible experience. Learn more