|

ഓസ്‌കാറിലെ അടി രക്ഷിച്ചത് എന്റെ ദാമ്പത്യം, വില്‍ സ്മിത്തിനെ ഒരിക്കലും ഉപേക്ഷിക്കില്ല: ജെയ്ഡ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്‌കാറിലെ വിവാദമായ അടിയില്‍ പ്രതികരണവുമായി നടി ജെയ്ഡ പിങ്കറ്റ് സ്മിത്ത്. 2022 ഓസ്‌കാര്‍ വേദിയില്‍ വെച്ച് അവതാരകനായ ക്രിസ് റോക്കിനെ തന്റെ പങ്കാളിയും നടനുമായ വില്‍ സ്മിത്ത് അടിച്ചതിനെ വിശുദ്ധം എന്ന് വിശേഷിപ്പിച്ച ജെയ്ഡ ആ അടി തന്റെ ദാമ്പത്യജീവിതം രക്ഷിച്ചുവെന്നും പറഞ്ഞു.

ആ അടിക്ക് ശേഷം ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചുവെന്നും വില്‍ സ്മിത്തിനൊപ്പം ജീവിക്കണോ എന്ന വര്‍ഷങ്ങള്‍ നീണ്ട സംശയത്തിന് ഉത്തരം ലഭിച്ചത് ഓസ്‌കാര്‍ വേദിയിലെ സംഭവങ്ങള്‍ക്ക് ശേഷമാണെന്നും ജെയ്ഡ പറഞ്ഞു. ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘വില്‍ സ്മിത്തിനൊപ്പം നില്‍ക്കണോ എന്ന് നീണ്ട വര്‍ഷങ്ങളായുള്ള സംശയത്തിനൊടുവില്‍ ഒരു അടി വേണ്ടി വന്നു, അദ്ദേഹത്തെ ഞാനിനി ഉപേക്ഷിക്കില്ല എന്ന് മനസിലാക്കാന്‍. അങ്ങനെ സംഭവിച്ചില്ലായിരുന്നില്ലെങ്കില്‍ ഞങ്ങളുടെ ബന്ധം എവിടെ ചെന്ന് നില്‍ക്കുമെന്ന് ആര്‍ക്കറിയാം?

അതിനെ ‘വിശുദ്ധമായ അടി’ എന്ന് ഞാന്‍ വിളിക്കും, കാരണം ആ അടിക്ക് ശേഷം ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിച്ചു,’ ജെയ്ഡ പറഞ്ഞു.

വില്‍ സ്മിത്തിന്റൈ ഭാര്യയായിട്ടല്ല ആ വേദിയിലേക്ക് താന്‍ പോയതെന്നും എന്നാല്‍ അവിടെ നിന്നും മടങ്ങിയത് അദ്ദേഹത്തിന്റെ ഭാര്യ ആയിട്ടാണെന്നും അടുത്തിടെ സി.ബി.എസ് മോണിങ്ങിന് നല്‍കിയ അഭിമുഖത്തിലും അവര്‍ പറഞ്ഞിരുന്നു.

വര്‍ഷമായി താനും വില്‍ സ്മിത്തും തമ്മില്‍ പിരിഞ്ഞു താമസിക്കുകയാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ജെയ്ഡ പറഞ്ഞിരുന്നു. 2016 മുതല്‍ ഇരുവരും ഒരുമിച്ചല്ല താമസമെന്നും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെച്ചാണ് നടി വ്യക്തമാക്കിയത്. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഇനി വില്‍ സ്മിത്തിനെ പിരിയില്ലെന്നും ജെയ്ഡ പറഞ്ഞിരിക്കുന്നത്.

ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങില്‍ ജെയ്ഡയെ കളിയാക്കിയെന്നതായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്യാന്‍ കാരണമായത്. വേദിയിലേക്ക് വന്ന വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു.

‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഓസ്‌കാര്‍ ചടങ്ങില്‍ നിന്നും മുഴുവന്‍ പരിപാടികളില്‍ നിന്നും പത്ത് വര്‍ഷത്തേക്ക് അക്കാദമി ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്സ് സ്മിത്തിനെ വിലക്കുകയും ചെയ്തിരുന്നു.

Content Highlight: Jada Pinkett Smith reacts to the controversial slap of Will Smith at the Oscars