ഇന്ത്യന്‍ യുവ ബാറ്റര്‍ റിങ്കുസിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലീസ്.
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ആറാം നമ്പര്‍ പൊസിഷനിലേക്ക് ഏറ്റവും അനുയോജ്യനായ താരമാണ് റിങ്കു സിങ് എന്നാണ് കാലീസ് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൗത്ത് ആഫ്രിക്കൻ ഇതിഹാസം.
‘റിങ്കു സിങ് ശ്രദ്ധേയനായ ഒരു താരമാണ്. അവന്‍ വ്യത്യസ്ത തരം ഷോട്ടുകള്‍ കളിച്ചു മത്സരങ്ങള്‍ നന്നായി ഫിനിഷ് ചെയ്യുന്നു. സമീപകാലങ്ങളില്‍ റിങ്കു ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ ഞങ്ങള്‍ കണ്ടു. മത്സരങ്ങളില്‍ അവന്‍ വെറുതെയല്ല കളിക്കുന്നത് ടീമിന് ആവശ്യമുള്ളപ്പോള്‍ യഥാര്‍ത്ഥ ഷോട്ടുകള്‍ അവന്‍ കളിക്കളത്തില്‍ നടപ്പിലാക്കുന്നു. ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ കൃത്യമായി ആക്രമിച്ചു കളിച്ച് മികച്ച ഫിനിഷിങ് നടത്താന്‍ അവനു സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ ആറാം നമ്പര്‍ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ ബാറ്ററാണ് റിങ്കു സിങ്,’ കാലീസ് പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ റിങ്കു ഉണ്ടായാല്‍ അത് ഫിനിഷിങ്ങിന് കൂടുതല്‍ സഹായകമാകുമെന്നും കാലീസ് പറഞ്ഞു.
‘ഫിനിഷിങ്ങില്‍ മികച്ച കോമ്പിനേഷന്‍ ഉണ്ടാക്കാന്‍ റിങ്കുവിന് സാധിക്കും. എന്റെ അഭിപ്രായത്തില്‍ റിങ്കുവിന് ഇന്ത്യന്‍ ടീമിന്റെ ആറാം നമ്പര്‍ സ്ഥാനം നല്‍കണം,’ സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി-20 പരമ്പരയില്‍ റിങ്കു ഇടം നേടിയിരുന്നു. ആ പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്. ഇന്ത്യക്കായി പത്ത് ടി-20 മത്സരങ്ങളില്‍ നിന്നും 180 റണ്‍സാണ് റിങ്കു സ്വന്തമാക്കിയിട്ടുള്ളത്. 187.5 സ്‌ട്രൈക്ക്‌റേറ്റില്‍ 60 ശരാശരിയിലാണ് താരം ബാറ്റ് വീശുന്നത്.
ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയ്ക്കുള്ള ടീമിലും റിങ്കു ഇടം നേടിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെയും താരത്തിന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ദര്‍ബനില്‍ നടന്ന ഇന്ത്യ- സൗത്ത് ആഫ്രിക്ക ആദ്യ ടി-20 മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഡിസംബര്‍ 12ന് സെന്റ് ജോര്‍ജ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടാം ടി-20 നടക്കുക.
Content Highlight: Jacques Kallis praises Rinku Singh.