| Friday, 6th April 2018, 9:49 pm

'ഇവന്‍ ടീമിനു മുതല്‍ക്കൂട്ടാകും'; ബാംഗ്ലൂരിനെ കഴിഞ്ഞതവണത്തേതുപോലെ തളയ്ക്കും; നയം വ്യക്തമാക്കി കാലിസ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: രണ്ടു തവണ ഐ.പി.എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു ഐ.പി.എല്‍ പതിനൊന്നാം സീസണിന്റെ താരലേലം മുതല്‍ തന്നെ തിരിച്ചടികളായിരുന്നു. താരലേലത്തില്‍ നഷ്ടമായ ഗൗതം ഗംഭീറിനു പകരം നായകനെ തെരഞ്ഞെടുക്കാന്‍ കൊല്‍ക്കത്തന്‍ ക്യാമ്പ് ഏറെ പണിപ്പെട്ടിരുന്നു.

പിന്നീട് ദിനേഷ് കാര്‍ത്തിക്കിനെ നായകനും ഉത്തപ്പയെ ഉപനായകനുമാക്കി പ്രഖ്യാപിച്ച ടീം പരിശീലനത്തിലേക്ക് കടന്നപ്പോഴാണ് മിച്ചല്‍ സ്റ്റാര്‍ക്കിനു പരിക്കേറ്റെന്ന വാര്‍ത്തകള്‍ ടീം ക്യാമ്പിലെത്തുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ സ്റ്റാര്‍ക്കിനു പകരക്കാരനെ കണ്ടെത്താന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം കാലിസ് പരിശീലിപ്പിക്കുന്ന കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞിരുന്നു.

ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ടോം കുറനെയാണ് സ്റ്റാര്‍ക്കിനു പകരക്കാരനായി കൊല്‍ക്കത്ത ടീമിലെത്തിച്ചത്.യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റായ ടോം കൂറന്റെ സേവനം ടീമിനു മുതല്‍ക്കൂട്ടാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കാലിസ്.

ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമായാണ് കൊല്‍ക്കത്തയുടെ സീസണിലെ ആദ്യ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ കൊല്‍ക്കത്ത ബാംഗ്ലൂരിനെ തങ്ങളുടെ മൈതാനത്ത് സ്വീകരിച്ചപ്പോള്‍ വെറും 49 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ബാറ്റിങ്ങ് നിരയെ ചുരുട്ടിക്കെട്ടിയത്.

ഇത്തവണയും മികച്ച ബൗളിങ്ങിലൂടെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കാലിസ് അവകാശപ്പെടുന്നത്. “എല്ലാവരും ആദ്യ മത്സരത്തെക്കുറിച്ച് അല്‍പ്പം അസ്വസ്ഥരാണ് പക്ഷേ ഇപ്പോള്‍ ചില പുതുമുഖങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അവര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് നമുക്കുള്ളത്. അത് തുടരാനാണ് ഞങ്ങള്‍ശ്രമിക്കുന്നത്.” കാലിസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more