| Thursday, 1st August 2019, 6:34 pm

'നമ്മളെല്ലാം കാട്ടാളന്മാരായി മാറിയോ?'; ജയ് ശ്രീ റാം വിളിക്കാന്‍ പറ്റാത്ത കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും ജേക്കബ് തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പൂര്‍വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ് ഐ.പി.എസ്. ജയ് ശ്രീ റാം വിളിക്കാന്‍ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

തൃശ്ശൂരില്‍ നടന്ന രാമായണ ഫെസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജേക്കബ്. ഇന്ന് വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു.

”ശ്രീരാമന്‍ നന്മയുടെയും ധാര്‍മ്മികതയുടെയും പ്രതിരൂപമാണ്. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളെല്ലാം കാട്ടാളന്മാരായി മാറിയോ? പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചു.”- ജേക്കബ് തോമസ് പറഞ്ഞു.

ആര്‍.എസ്.എസിനെ അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ എല്ലാ ബുദ്ധിജീവികളും കൂടെച്ചേരുമെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു.

‘ആര്‍.എസ്.എസ് ഒരു രാഷ്ട്രീയപാര്‍ട്ടിയോ സംഘടനയോ അല്ല. അതു ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. ആര്‍.എസ്.എസിന്റെ പേരില്‍ത്തന്നെ സന്നദ്ധ സേവനമാണ് ലക്ഷ്യമെന്നു വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴയ കാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്. ഭാരതസംസ്‌കാരം പഠിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകളുടെ കൂടെച്ചേരുന്നത് തെറ്റായി കാണുന്നില്ല.’- അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more