Kerala News
ട്വന്റി ട്വന്റിക്കാകുമെങ്കില്‍ എന്തുകൊണ്ട് ബി.ജെ.പിക്കാവില്ല?; എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജേക്കബ് തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 14, 03:47 pm
Thursday, 14th January 2021, 9:17 pm

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഇത്തവണ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് പ്രര്‍ത്തിക്കുമെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്.

ട്വന്റി ട്വന്റിയുടെ ഭാഗമായി ആണ് മത്സര രംഗത്തേക്ക് വന്നതെന്നും ഇത്തവണ ബി.ജെ.പിക്കൊപ്പായിരിക്കും മത്സരരംഗത്ത് ഉണ്ടാവുകയെന്നും ജേക്കബ് തോമസ് അറിയിച്ചു. മനോരമ ന്യൂസ് ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല ഭരണമാറ്റത്തിന് വേണ്ടിയാണ് ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. എന്‍.ഡി.എ പോലെ നിലവില്‍ ദേശീയ ശ്രദ്ധ കിട്ടുന്ന മറ്റു പാര്‍ട്ടികള്‍ ഇല്ല. എല്ലാതരം വൈവിധ്യവും ഉള്‍ക്കൊള്ളുന്ന 40ഓളം പാര്‍ട്ടികള്‍ എന്‍.ഡി.എയുടെ ഭാഗമാണ് എന്നത് വലിയൊരു പ്രത്യേകതയാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.

ട്വന്റി ട്വന്റിക്കാകുമെങ്കില്‍ എന്തുകൊണ്ട് ബി.ജെ.പിക്ക് ഭരണം പിടിക്കാനാവില്ലെന്നും ജേക്കബ് തോമസ് ചോദിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ മാത്രമേ യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും വിജയിക്കാന്‍ സാധിക്കൂ എന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയ ഫോര്‍മുല സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുള്ള നാല് മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കില്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

നേരത്തെ ബി.ജെ.പി സാധ്യതാ പട്ടികയില്‍ ടി.പി സെന്‍കുമാറിനും സി.വി ആനന്ദബോസിനുമൊപ്പം ജേക്കബ് തോമസിന്റെ പേരും ഉണ്ടായിരുന്നു. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ജേക്കബ് തോമസിന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jacob Thomas says he will be contest in BJP ticket in upcoming election