| Tuesday, 3rd November 2015, 11:22 am

താന്‍ ചെയ്ത തെറ്റെന്ത് ? സര്‍ക്കാരിന് ജേക്കബ് തോമസിന്റെ മറുചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അച്ചടക്കലംഘനത്തിന് രണ്ടാമതും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാരുമായി വീണ്ടും കൊമ്പുകോര്‍ക്കുന്നു. എന്തടിസ്ഥാനത്തിലാണ് തനിക്ക് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നതെന്നും തനിക്കെതിരെ തെളിവുണ്ടെങ്കില്‍ വിശദീകരിക്കണമെന്നും ജേക്കബ് തോമസ് ചോദിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസണിനെഴുതിയ കത്തിലാണ് ജേക്കബ് തോമസിന്റ മറു ചോദ്യം.

എന്നാല്‍ ജേക്കബ് തോമസിന് ഈ ഘട്ടത്തില്‍ മറുപടിയില്ലെന്നും അന്വേഷണ സമിതി രൂപവത്ക്കരിക്കുമ്പോള്‍ മാത്രം തെളിവുകള്‍ നോക്കിയാല്‍ മതിയെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതികരിച്ചു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ജേക്കബ് തോമസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ബാര്‍ കോഴക്കേസില്‍ സത്യം ജയിച്ചുവെന്ന് അഭിപ്രായപ്പെടുകയും കൈയ്യില്‍ സൂക്ഷിച്ചിരുന്ന ഇന്‍സുലേഷന്‍ ടേപ്പ് മാധ്യമ പ്രവര്‍ത്തകരെ കാണിക്കുകയും ഇതുകൊണ്ട് വായ മൂടിക്കെട്ടാനാണ് ആഗ്രഹിച്ചതെങ്കിലും കഴിഞ്ഞില്ലെന്ന് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്.

നേരത്തെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയപ്പോള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more