തിരുവനന്തപുരം: ഓഖി ദുരന്തബാധിരെ കുറിച്ചുള്ള വിവരണശേഖരണത്തില്‍ തുടരുന്ന ആശങ്കകള്‍ക്കെതിരെ ആഞ്ഞടിച്ച ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്. ഓഖി ദുരന്തത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം ആരോപിച്ചു. “എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ”യെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുവേയാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ സംവിധാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ സംവാദത്തിനു പോലും കേരളത്തില്‍ ഭയമാണ്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശ്ശബ്ദനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഓഖി ദുരന്തം; 1843 കോടിയുടെ കേന്ദ്രസഹായം തേടി കേരളം; ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും
സുതാര്യതയെ കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കാരെല്ലാം ഒന്നാണ്. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ഇന്നു കണ്ടെത്തിയിരുന്നു. ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫിഷറീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം മറ്റൊരു മൃതദേഹം തിരിച്ചറിഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരം അടിമലത്തുറ സ്വദേശി സേസിലന്റിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.