| Saturday, 29th June 2019, 12:31 pm

23 വര്‍ഷമായി ആര്‍.എസ്.എസുമായി സഹകരിക്കുന്നു; അതൊരു സാംസ്‌കാരിക സംഘടനയെന്ന് ജേക്കബ് തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: 23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നുണ്ടെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസ് രാഷ്ട്രീയ സംഘടനയല്ല, സാംസ്‌കാരിക സംഘടനയാണ്. അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റമായി തോന്നുന്നില്ല. കേരളത്തില്‍ ആര്‍.എസ്.എസ് എന്നു പറയുന്നതിനോട് ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. ആ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ടെന്നും 24ന്യൂസ് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.

ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹം ആര്‍.എസ്.എസുമായി അടുപ്പം വിശദീകരിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം അദ്ദേഹം ദല്‍ഹിയിലെത്തി ആര്‍.എസ്.എസ് നേതാക്കളെ കണ്ട് പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളാണ് ജേക്കബ് തോമസിന്റെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷനിലാണ്. സര്‍ക്കാര്‍ അനുവാദമില്ലാതെ സര്‍വ്വീസ് സ്റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയെന്നും സര്‍ക്കാറിനെ വിമര്‍ശിച്ചെന്നും ആരോപിച്ചായിരുന്നു ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more