അഴിമതിക്കേസില്‍ അന്വേഷണം തീരുംവരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
Kerala News
അഴിമതിക്കേസില്‍ അന്വേഷണം തീരുംവരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 8:30 am

തിരുവനന്തപുരം: അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജേക്കബ് തോമസ് സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ കഴിഞ്ഞ ദിവസം വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തുറമുഖ ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം.


സസ്‌പെന്‍ഷന്‍ അന്യായമാണെന്നു ചൂണ്ടികാട്ടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചതോടെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചത്. സര്‍ക്കാര്‍ അനുവാദമില്ലാതെ പുസ്തകമെഴുതല്‍, അന്വേഷണത്തിലിരിക്കുന്ന കേസിന്റെ കാര്യങ്ങള്‍ അടക്കം ഉള്ളടമാക്കിയ നടപടിയില്‍ അന്വേഷണ കമ്മീഷന്റെ നടപടികളും തുടരുകയാണ്. ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് ഇതുവരെയും ഹാജരായില്ലെന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നീട്ടാനുള്ള അനുമതിയാവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിനു കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചിരുന്നില്ല.

ജേക്കബ് തോമസിന്റെ നേരത്തെയുള്ള സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ വീണ്ടും കാലാവധി നീട്ടണമെങ്കില്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. കാലാവധി നീട്ടാന്‍ അപേക്ഷിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.


ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കവെ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ജേക്കബ് തോമസിന് നേരത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചത്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയെന്ന് കാണിച്ച് ജേക്കബ് തോമസിനെ രണ്ടാമതും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാനത്ത് അപൂര്‍വമായാണ് ഒരു ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷനുമേല്‍ വീണ്ടും സസ്പെന്‍ഷന്‍ നേരിട്ടത്.