തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വികസനകാര്യത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും പരാജയമാണ്. സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാനടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും. ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിനാണ് ശിക്ഷാനടപടി നേരിട്ടത്. ഇനി യാതൊരു നടപടികളും നേരിടാതെ ജനങ്ങളോട് സംസാരിക്കണം, ജേക്കബ് തോമസ് പറഞ്ഞു.
നേരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നല്ല ഭരണമാറ്റത്തിന് വേണ്ടിയാണ് ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുന്നതെന്നും എന്‍.ഡി.എ പോലെ നിലവില്‍ ദേശീയ ശ്രദ്ധ കിട്ടുന്ന മറ്റു പാര്‍ട്ടികള്‍ ഇല്ലെന്നുമായിരുന്നു ജേക്കബ് പറഞ്ഞിരുന്നത്. എല്ലാതരം വൈവിധ്യവും ഉള്‍ക്കൊള്ളുന്ന 40ഓളം പാര്‍ട്ടികള്‍ എന്‍.ഡി.എയുടെ ഭാഗമാണ് എന്നത് വലിയൊരു പ്രത്യേകതയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ മാത്രമേ യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും വിജയിക്കാന്‍ സാധിക്കൂ എന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയ ഫോര്‍മുല സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ ബി.ജെ.പി സാധ്യതാ പട്ടികയില്‍ ടി.പി സെന്‍കുമാറിനും സി.വി ആനന്ദബോസിനുമൊപ്പം ജേക്കബ് തോമസിന്റെ പേരും ഉണ്ടായിരുന്നു. ജേക്കബ് തോമസിന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക