തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. കേസില്‍ മാണിക്കെതിരെ ശക്തമായ തെളിവുകളുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന്റെ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഴിമതിക്കസുകള്‍ എഴുതിത്തള്ളുകയാണെന്നും അഴിമതിക്കെതിരെ നടപടിയെടുക്കുന്നവരെ ചൂഷണം ചെയ്യുന്ന രീതിയാണ് സര്‍ക്കാരിന്റേത് എന്നുമാണ് ജേക്കബ്ബിന്റെ വാദം.
ബാര്‍ക്കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പാരിതോഷികങ്ങള്‍ കിട്ടിയെന്നും ജേക്കബ് തോമസ് ആരോപിച്ചു.
താന്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുന്നിരുന്നെങ്കില്‍ കേസുകള്‍ അട്ടിമറിക്കപ്പെടുമായിരുന്നില്ല. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് കാത്തിരുന്നത്.
അപ്പോഴേയ്ക്കും തന്നെ നിര്‍ബന്ധിത അവധിയെടുപ്പിച്ചുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ബാര്‍ കോഴ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ അടക്കം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.