കൊച്ചി: ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ്. ആര്‍.എസ്.എസുകാരും ഇന്ത്യക്കാരല്ലേ എന്നും ജേക്കബ് തോമസ് ചോദിച്ചു.
ആര്‍.എസ്.എസുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല തന്റേതെന്നും ജേക്കബ് തോമസ് പറഞ്ഞു. കൊച്ചിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച ഗുരൂപൂജ ഗുരു ദക്ഷിണ മഹോല്‍സവത്തില്‍ പങ്കെടുക്കവേയായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരിയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നുണ്ടെന്ന് നേരത്തെ ജേക്കബ് തോമസ് പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു.
ശബരിമലയില്‍ ആര്‍എസ്എസുകാര്‍ക്ക് പൊലീസുകാര്‍ വിവരം ചോര്‍ത്തിക്കൊടുത്തു എന്നായിരുന്നു മുഖ്യമന്ത്രി പൊലീസ് യോഗത്തില്‍ സംസാരിച്ചതിനെക്കുരിച്ചായിരുന്നു ജേക്കബ് തോമസിന്റെ വിമര്‍ശനം.
അതേസമയം പൊലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താന്‍ പറഞ്ഞെതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.