| Wednesday, 28th March 2018, 8:48 am

പ്രശ്നമുണ്ടാക്കുന്നത് അഹങ്കാരം മുഖമുദ്രയാക്കിയ ആക്ഷന്‍ ഹീറോ ബിജുമാര്‍; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള പൊലീസില്‍ പ്രശ്നമുണ്ടാക്കുന്നത് അഹങ്കാരം മുഖമുദ്രയാക്കിയ ആക്ഷന്‍ ഹീറോ ബിജുമാരാണെന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്. പൊലീസിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുന്നതിനിടെയാണ് രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡി.ജ.പി രംഗത്തെത്തിയത്.

“ചിലര്‍ ഈഗോയും അധികാരവും കാട്ടാന്‍ ശ്രമിക്കുന്നു. ആരും ചോദിക്കാനില്ല എന്നാണ് മനോഭാവം. മോശം പ്രവണത കാണുമ്പോഴേ കടുത്ത ശിക്ഷാ നടപടികള്‍ വേണം” ജേക്കബ് പുന്നൂസ് പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സേനയ്ക്കുമെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. വാഹന പരിശോധന നടത്തുമ്പോഴും സമാനമായ സാഹചര്യങ്ങളിലും ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രായോഗിക പരിശീലനം.

വാഹന പരിശോധന നടത്തുന്ന വേളയില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തുമായ കാര്യങ്ങള്‍ പരിശീലനത്തിനിടെ വിശദീകരിക്കുകയായിരുന്നു പരിശീലനത്തില്‍. പരിശീലനം തുടര്‍ന്നു കൊണ്ടുപോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്നും കഴിഞ്ഞദിവസം ഡി.ജി.പി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസുകാര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സ്വഭാവവൈകല്യമുള്ള പോലീസുകാര്‍ സേനയ്ക്ക് ചേര്‍ന്നതല്ലെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more