കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമാണെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ലെന്നു ഡി.ജി.പി ജേക്കബ് പുന്നൂസ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യലല്ല പൊലീസിന്റെ പണിയെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഡി.ജി.പി അറിയിച്ചു.
കുറ്റകൃത്യമാണ് പോലീസ് അന്വേഷിക്കേണ്ടത്. പ്രതികളുടെ രാഷ്ട്രീയബന്ധം അന്വേഷിക്കേണ്ടത് മാധ്യമങ്ങളാണ് പോലീസല്ല, രാഷ്ട്രീയ കൊലപാതകമാണെങ്കിലും അതിന്റെ പേരില്‍ രാഷ്ട്രീയ പരിഹാരത്തിനൊന്നും താനില്ല.
കൊലക്കേസുണ്ടാകുമ്പോള്‍ അതിലെ രാഷ്ട്രീയം പറയുക പോലീസിന്റെ രീതിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും കൊലയിലെ രാഷ്ട്രീയം അന്വേഷിച്ചുണ്ടാക്കലല്ല പ്രതികളെ പിടിക്കലിനാണ് പോലീസില്‍ പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി .
ചന്ദ്രശേഖരനെ ആരാണ് കൊന്നതെന്ന് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അറിയാമെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. കണ്ണൂരില്‍ ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിനെത്തിയ ഡി.ജി.പി. റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെ പ്രതികരിച്ചത്.
ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയകൊലപാതകമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കോഴിക്കോട് വച്ച് നേരത്തെ ഡി.ജി.പി പ്രതികരിച്ചത് ഇങ്ങനെയാണ്-
പോലീസിന് ഇതൊരു നിഷ്ഠൂരമായ കൊലപാതകം മാത്രമാണ്. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നുള്ള കാര്യമെല്ലാം മാധ്യമങ്ങളെ സംബന്ധിച്ചുള്ളതാണ്. രാഷ്ട്രീയ കൊലപാതകം എന്ന വാക്ക് ഞാന്‍ സാധാരണ ഉപയോഗിക്കാറില്ല.