സിനിമ പ്രേക്ഷകരേയും പ്രേക്ഷകര്‍ സിനിമയേയും സ്വാധീനിക്കുന്നുണ്ടെന്ന് നടന്‍ ലുക്മാന്‍. തന്റെ താരമൂല്യത്തെക്കുറിച്ച് ചിന്തിക്കാറില്ലെന്നും നല്ല സിനിമകളുടെ ഭാഗമാകാനാണ് കൂടുതല്‍ താല്‍പര്യമെന്നും നടന്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇങ്ങനെ പറഞ്ഞത്.
‘പ്രേക്ഷകരും സിനിമയും തമ്മില്‍ ഒരു കണക്ഷനുണ്ട്. സിനിമയിങ്ങനെ മാറിക്കൊണ്ടിരിക്കും. സിനിമ പ്രേക്ഷകരേയും, പ്രേക്ഷകര്‍ സിനിമയേയും മാറ്റും. പ്രേക്ഷകര്‍ അവരുടെ ആസ്വാദന നിലവാരത്തിനനുസരിച്ച് റെസ്‌പോണ്ട് ചെയ്യുമ്പോള്‍ നമ്മള്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരും.
സിനിമയില്‍ ഇന്ററസ്റ്റിങ് ആയ ഒരു മാറ്റം വരുമ്പോള്‍ പ്രേക്ഷകര്‍ക്കത് ഇഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. അത് പരസ്പരം കണക്ടട് ആണ്. അതൊരു സൈക്കിള്‍ ആയിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ തരത്തിലുള്ള സിനിമകളും ഉണ്ടാവേണ്ടതുണ്ട്. പ്രേക്ഷകര്‍ അതാഗ്രഹിക്കുന്നുമുണ്ട്’. ലുക്മാന്‍ പറഞ്ഞു.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും ഓരോ സിനിമയിലും തനിക്ക് പുതിയതായെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം സംവിധായകര്‍ തന്നെയാണെന്നും ലുക്മാന്‍ പറഞ്ഞു. തന്നെ മികച്ചതാക്കുന്നതില്‍ വലിയ പങ്കും ഡയക്ടേര്‍സിന് തന്നെയാണെന്നും ലുക്മാന്‍ അഭിപ്രായപ്പെട്ടു.
‘സംവിധായകര്‍ തന്നെയാണ് എന്നെ ഓരോ സിനിമയിലും പുതിയതെന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സിനിമയില്‍ ഡാന്‍സ് ചെയ്യാനിടയായതും അങ്ങനെ തന്നെയാണ്. റയീസ്, അര്‍ഷദ്ക്ക, സക്കറിയ, മുഹ്സിന്‍ പെരാരി, അഷ്‌റഫ്ക്ക ഇവരുടെയൊക്കെ കൂടെ ആദ്യമേ ഉണ്ടായിരുന്നയാളാണ് ഞാന്‍ . അതുകൊണ്ട് തന്നെ പലയിടത്തും എനിക്ക് ഒരു സ്‌പേസ് കിട്ടി.
ഇവരുടെയൊക്കെ സിനിമകളിലൂടെ മെച്ചപ്പെട്ടുവന്നയാളാണ് ഞാന്‍. ഈ സിനിമയും ഒരു പുതിയ അനുഭവമായിരുന്നു. ഞാന്‍ എപ്പോഴും ആലോചിക്കാറ് നല്ല സിനിമകളുണ്ടാവണമെന്നും നല്ല ഡയറക്ടേര്‍സിനോടൊത്ത് പ്രവര്‍ത്തിക്കാനുമാണ്. അങ്ങനെയാണെങ്കില്‍ മാത്രമേ നമ്മള്‍ മെച്ചപ്പെടുകയുള്ളൂ. ഞാന്‍ പതിയെ റെഡിയായി വരുന്ന ഒരു നടനാണ്. സിനിമകള്‍ ചെയ്ത്‌കൊണ്ട് മാത്രമേ മെച്ചപ്പെടാന്‍ കഴിയുള്ളൂ. വേറെയൊരു രീതിയിലൂടെയും അത് സാധ്യമല്ല.
എന്നെ സംബന്ധിച്ചിടത്തോളം ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്ന സിനിമ വളരെ മികച്ച ഒരനുഭവമായിരുന്നു. സിനിമയില്‍ ട്രംബറ്റ് വായിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. 26 ദിവസത്തിന് ശേഷമാണ് അതില്‍ നിന്ന് ഒരു ശബ്ദമെങ്കിലും വരുത്താന്‍ കഴിഞ്ഞത്. ഒരു പ്രോഗ്രാമിനൊക്കെ പോയാല്‍ ഇവരോട് (ട്രംബറ്റ് വായിക്കുന്നവര്‍) ലേറ്റസ്റ്റ് പാട്ടൊക്കെ വായിക്കാന്‍ പറയും. അവരൊക്കെ വളരെ സ്‌കില്‍ഡ് ആണ്. ചില പാട്ടുകളൊക്കെ പ്രാക്ടീസ് ചെയ്യാന്‍ ആഴ്ചകള്‍ എടുക്കും.’ ലുക്മാന്‍ പറഞ്ഞു.
നവാഗതനായ ഷമല്‍ സുലൈമാന്റെ സംവിധാനത്തില്‍ ലുക്മാനും ജാഫര്‍ ഇടുക്കിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. നിരവധി പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം കോമഡി-ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നു.