| Thursday, 22nd February 2018, 12:08 am

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ജാക്കിചാന്‍, 100 ഏക്കറില്‍ 'മഹഭാരത സിറ്റി'; മോഹന്‍ലാല്‍-എം.ടി കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമൂഴത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: എം.ടി വാസുദേവന്‍ നായര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന “രണ്ടാമൂഴം” എന്ന ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ക്കൊപ്പം താരനിര്‍ണ്ണയവും പുരോഗമിക്കുകയാണ്.

അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജാക്കിചാനും ഉണ്ടാവുമെന്നാണ് സൂചനയെന്ന് “റിപ്പോര്‍ട്ടര്‍ ലൈവ്” റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അണിയറക്കാര്‍ തയ്യാറായിട്ടില്ല. രണ്ടാമൂഴത്തിന്റെ താരനിര്‍ണ്ണയം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നതെന്നും “റിപ്പോര്‍ട്ടര്‍ ലൈവ്” റിപ്പോര്‍ട്ട് ചെയ്യുന്നു.

100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം “മഹാഭാരത സിറ്റി” എന്ന പേരില്‍ മ്യൂസിയമാക്കും.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും. ഒടിയനില്‍ മെലിഞ്ഞ മോഹന്‍ലാല്‍ ഭീമന്‍ ആവുമ്പോള്‍ ശാരീരികമായി വിണ്ടും തടിക്കണം എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ജനുവരിയില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനായി തിരക്കിട്ടാണ് പാലക്കാട് ആസ്ഥാനമായി ഇപ്പോള്‍ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ നടക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും രണ്ടാമൂഴമെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

We use cookies to give you the best possible experience. Learn more