ഞാനവനെ പോലെയല്ല; കഠിന പ്രയത്‌നമാണ് അവന്റെ ജയത്തിന് പിന്നില്‍: ജാക്ക് ഗ്രീലിഷ്
Football
ഞാനവനെ പോലെയല്ല; കഠിന പ്രയത്‌നമാണ് അവന്റെ ജയത്തിന് പിന്നില്‍: ജാക്ക് ഗ്രീലിഷ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th August 2023, 2:11 pm

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത കളിക്കാരനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. തുടര്‍ന്ന് മിന്നുന്ന പ്രകടനമാണ് താരം ക്ലബ്ബിനായി കാഴ്ചവെച്ചത്.

ഹാലണ്ടിന്റെ പെര്‍ഫോമന്‍സിന് പിന്നില്‍ അദ്ദേഹത്തിന്റെ കഠിന പ്രയത്നമാണെന്നും അദ്ദേഹം സക്സസ്ഫുള് പ്ലെയറാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി സഹതാരം ജാക്ക് ഗ്രീലിഷ്. ഡെയ്ലി മെയ്ലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രീലിഷ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ കണ്ടതില്‍ വെച്ച് മികച്ച പ്രൊഫഷണല്‍ ഫുട്ബോളറാണ് ഹാലണ്ട്. അവന്റെ മൈന്‍ഡ് സെറ്റ് എങ്ങനെയാണെന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. അവനെല്ലാം ചെയ്യുന്നുണ്ട്. ജിമ്മില്‍ പോകുന്നു, മണിക്കൂറുകളോളം പരിശീലിക്കുന്നു, ഐസ് ബാത്തും ഡയറ്റുമെടുക്കുന്നു. അതുകൊണ്ടൊക്കെയാണ് അവനിങ്ങനെ പെര്‍ഫോം ചെയ്യുന്നത്. എന്നെ കൊണ്ടൊന്നും അതിന് സാധിക്കില്ല.

ഞാനവനെ പോലെ സക്സസ്ഫുള്‍ പ്ലെയര്‍ അല്ല. ഈ സീസണില്‍ അവന്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഞാനെന്റെ കരിയറില്‍ നേടിയതിനെക്കാള്‍ കൂടുതലാണ് അത്,’ ഗ്രീലിഷ് പറഞ്ഞു.

അതേസമയം, ബാലണ്‍ ഡി ഓര്‍ നേടുന്നതിന് ഇത്തവണ ഹാലണ്ട് മെസിക്ക് വെല്ലുവിളിയായിരിക്കുമെന്നാണ് വെയ്ന്‍ റൂണി അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഹാലണ്ടാണ് നിലവില്‍ ഏറ്റവും മികച്ച താരമെന്നും പുരസ്‌കാരം അദ്ദേഹം തന്നെ നേടുമെന്നും റൂണി പറഞ്ഞു. ‘ദ ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് റൂണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ സീസണില്‍ 52 ഗോളുകളാണ് മാന്‍ സിറ്റിയുടെ ജേഴ്‌സിയില്‍ ഹാലണ്ടിന്റെ സമ്പാദ്യം. ഇതിനകം ടോപ് 100 സ്ട്രൈക്കര്‍മാരുടെ പട്ടികയില്‍ എര്‍ലിങ് ഹാലണ്ട് ഒന്നാമതെത്തിയിരുന്നു. കരിം ബെന്‍സിമ, ഹാരി കെയ്ന്‍, വിക്ടര്‍ ഒസിംഹന്‍, റോബേര്‍ട്ട് ലെവന്‍ഡോസ്‌കി, ഗബ്രിയേല്‍ ജീസസ്, റണ്ടാല്‍ കൊളോ മുവാനി, അലക്സാണ്ടര്‍ ഇസാക്ക്, ഡുസാന്‍ വ്ലാഹോവിച്, ജൊനാതന്‍ ഡേവിഡ് എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള താരങ്ങള്‍.

Content Highlights: Jack Grealish praises Erling Haaland