യുവേഫയുടെ മികച്ച താരമായി മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും സിറ്റിയിലെ സഹതാരമായ കെവിന്‍ ഡി ബ്രൂയിനെയും പിന്തള്ളിയാണ് 23കാരനായ നോര്‍വീജിയക്കാരന്‍ യുവേഫയുടെ ഈ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഹാലണ്ടിനെ പ്രശംസിച്ച് സിറ്റിയിലെ സഹതാരം ജാക്ക് ഗ്രീലിഷ് മുമ്പ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ഹാലണ്ടിന്റെ പെര്‍ഫോമന്‍സിന് പിന്നില്‍ അദ്ദേഹത്തിന്റെ കഠിന പ്രയത്‌നമാണെന്നും അദ്ദേഹം സക്‌സസ്ഫുള്‍ പ്ലെയറാണെന്നുമാണ് ഗ്രീലിഷ് പറഞ്ഞത്. ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രീലിഷ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ കണ്ടതില്‍ വെച്ച് മികച്ച പ്രൊഫഷണല്‍ ഫുട്‌ബോളറാണ് ഹാലണ്ട്. അവന്റെ മൈന്‍ഡ് സെറ്റ് എങ്ങനെയാണെന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. അവനെല്ലാം ചെയ്യുന്നുണ്ട്. ജിമ്മില്‍ പോകുന്നു, മണിക്കൂറുകളോളം പരിശീലിക്കുന്നു, ഐസ് ബാത്തും ഡയറ്റുമെടുക്കുന്നു. അതുകൊണ്ടൊക്കെയാണ് അവനിങ്ങനെ പെര്‍ഫോം ചെയ്യുന്നത്. എന്നെ കൊണ്ടൊന്നും അതിന് സാധിക്കില്ല.
ഞാനവനെ പോലെ സക്‌സസ്ഫുള്‍ പ്ലെയര്‍ അല്ല. ഈ സീസണില്‍ അവന്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഞാനെന്റെ കരിയറില്‍ നേടിയതിനെക്കാള്‍ കൂടുതലാണ് അത്,’ ഗ്രീലിഷ് പറഞ്ഞു.
അതേസമയം, പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി കാഴ്ചവെച്ചത്. ഫുള്‍ഹാമിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ഹാട്രിക് അടിച്ചുകൊണ്ട് ഹാലണ്ടാണ് മത്സരത്തില്‍ തിളങ്ങിയത്. ഹാലണ്ടിന് പുറമെ ജൂലിയന്‍ അല്‍വാരസും നഥാന്‍ അക്കെയും സിറ്റിക്കായി ഓരോ ഗോളുകള്‍ നേടി. ടിം റീമാണ് ഫുള്‍ഹാമിനായി ഗോള്‍ നേടിയത്.
ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. തുടര്‍ന്ന് മിന്നുന്ന പ്രകടനമാണ് താരം ക്ലബ്ബിനായി കാഴ്ചവെക്കുന്നത്.
Content Highlights: Jack Grealish praises Erling Haaland