ന്യൂദല്‍ഹി: കര്‍ഷക സമരത്തെ പിന്തുണക്കുന്ന ട്വീറ്റുകള്‍ ലൈക്ക് ചെയ്ത ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍. ഡോര്‍സിയുടെ നിലപാട് ട്വിറ്ററിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന വിമര്‍ശനം സര്‍ക്കാര്‍ കടുപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
” ട്വിറ്റര്‍ മേധാവി തന്നെ പരസ്യമായി നിലപാടുകള്‍ എടുക്കുകയാണെങ്കില്‍ ഇത് ആ പ്ലാറ്റ്‌ഫോമിന്റെ നിഷ്പക്ഷതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
വിഷയത്തില്‍ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങളെ ട്വിറ്റര്‍ എങ്ങനെ കാണുന്നുവെന്നത് കൂടി വ്യക്തമാക്കുന്നതാണ് ഈ പ്രവൃത്തികള്‍,” സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട പോപ് ഗായിക റിയാനയുടെ ട്വീറ്റ് ജാക്ക് ഡോര്‍സി ലൈക്ക് ചെയ്തിരുന്നു. റിയാനയുടെ ട്വീറ്റ് ഇന്ത്യന്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയെന്ന വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ കരണ്‍ അത്തയ്യയുടെ ട്വീറ്റും ജാക്ക് ഡോര്‍സി ലൈക്ക് ചെയ്തിരുന്നു. ഡോര്‍സിയുടെ ഈ നിലപാടുകളിലാണ് കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഇന്ത്യയിലെ പബ്ലിക്ക് പോളിസ് ഹെഡ് മഹിമ കൗള്‍ രാജിവെച്ചു എന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത 250 ഓളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത ട്വിറ്ററിന്റെ നടപടികള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് 250 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.
മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ട്വിറ്റര്‍ ബ്ലോക്ക് നീക്കിയിരുന്നു.
ജനുവരിയില്‍ പാര്‍ലമെന്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ ട്വിറ്റര്‍ എക്സിക്യൂട്ടീവുമാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റ് ബ്ലോക്ക് ചെയ്തതിന് കേന്ദ്രത്തിന്റെ താക്കീതും ലഭിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Jack Dorsey Likes Rihana’s post related to farmers twist; Govt question neutrality of Twitter