വീണ്ടും അനക്കോണ്ട എത്തുന്നു; ഇത്തവണ പേടിക്കാനും ചിരിക്കാനുമുണ്ടാകും; പ്രൊമോ വീഡിയോ
HollyWood
വീണ്ടും അനക്കോണ്ട എത്തുന്നു; ഇത്തവണ പേടിക്കാനും ചിരിക്കാനുമുണ്ടാകും; പ്രൊമോ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st December 2024, 12:51 pm

1997ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അനക്കോണ്ടയുടെ റീബൂട്ടിനായി ഒന്നിച്ച് പോള്‍ റൂഡും ജാക്ക് ബ്ലാക്കും. സോണി പിക്‌ചേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ ഒരു പ്രോമോ വീഡിയോ വഴിയാണ് ഇരുവരും ഈ കാര്യം പുറത്തുവിട്ടത്.

ചിത്രം 2025 ക്രിസ്മസിനാകും തിയേറ്ററുകളില്‍ എത്തുക. ദ അണ്‍ബെയറബിള്‍ വെയ്റ്റ് ഓഫ് മാസീവ് ടാലന്റ് എന്ന സിനിമയിലൂടെ പേരുകേട്ട ടോം ഗോര്‍മിക്കന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഗോര്‍മിക്കനും കെവിന്‍ ഏറ്റനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

പുതിയ അനക്കോണ്ട ചിത്രത്തിന്റെ പ്ലോട്ട് എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ പ്രൊമോ വീഡിയോയില്‍ പോള്‍ റൂഡും ജാക്ക് ബ്ലാക്കും പരസ്പരം സംസാരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്, ഹൊറര്‍ – കോമഡി ഴോണറിലാകും സിനിമ എത്തുകയെന്നാണ്.

‘നിങ്ങള്‍ക്ക് പേടിക്കണോ? നിങ്ങള്‍ക്ക് ചിരിക്കണോ? സുഹൃത്തുക്കളുമായി ആഘോഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കില്‍ നിങ്ങള്‍ തനിച്ചായത് കൊണ്ട് ആരുമില്ലാത്തതില്‍ സങ്കടപ്പെട്ടിരിക്കുകയാണോ? നിങ്ങള്‍ അത് മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? 2025ലെ ക്രിസ്മസിന് അനകോണ്ട പുറത്തിറങ്ങും,’ പോള്‍ റൂഡ് പ്രൊമോ വീഡിയോയില്‍ പറഞ്ഞു.

അനക്കോണ്ട:

ലൂയിസ് ലോസ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സാഹസിക ഹൊറര്‍ ചിത്രമായിരുന്നു അനക്കോണ്ട. ജെന്നിഫര്‍ ലോപ്പസ്, ഐസ് ക്യൂബ്, ജോണ്‍ വോയ്റ്റ്, എറിക് സ്റ്റോള്‍ട്ട്‌സ്, ജോനാഥന്‍ ഹൈഡ്, ഓവന്‍ വില്‍സണ്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

ചിത്രം റിലീസിന്റെ സമയത്ത് മോശം അഭിപ്രായങ്ങളാണ് നേടിയതെങ്കിലും പിന്നീട് ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ഒപ്പം അനക്കോണ്ട ഒരു കള്‍ട്ട് ക്ലാസിക്കായി മാറുകയായിരുന്നു. ശേഷം സിനിമക്ക് നിരവധി തുടര്‍ച്ചകള്‍ ഉണ്ടാകുകയും ചെയ്തു.

Content Highlight: Jack Black And Paul Rudd Unites For Anaconda Movie  And It release In 2025 Christmas