| Saturday, 21st May 2022, 7:19 pm

Jack and Jill Review | സന്തോഷ് ശിവന്റെ ഒരു 'കാര്‍ട്ടൂണ്‍' ദുരന്തം

അന്ന കീർത്തി ജോർജ്

മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയതില്‍ ഏറ്റവും മോശം നിലവാരം പുലര്‍ത്തുന്ന സിനിമകളിലൊന്നാണ് ജാക്ക് ആന്‍ഡ് ജില്‍. പേരിന് പോലും കഥയോ തിരക്കഥയോ ഈ സിനിമക്ക് ഉണ്ടായിരുന്നെന്നോ, സന്തോഷ് ശിവന്‍ ഈ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ സംവിധായകനായി ഒരു ദിവസം പോലും പോയിരുന്നെന്നോ കരുതാനാകില്ല.

ഒരു നൂറ്റാണ്ട് മുന്‍പേ ഇറങ്ങേണ്ടിയിരുന്ന സയന്‍സ് ഫിക്ഷനില്‍ അതിലും പഴക്കമുള്ള പ്രതികാര കഥയുമായാണ് ജാക്ക് ആന്‍ഡ് ജില്‍ എത്തിയിരിക്കുന്നത്. മഞ്ജു വാര്യരുടെ ആക്ഷന്‍ സീനുകളും അതിലെ കൊറിയോഗ്രഫിയും മാത്രമാണ് ഈ സിനിമയില്‍ കുറച്ചെങ്കിലും ആശ്വാസം തന്നത്.

സന്തോഷ് ശിവന്‍, മഞ്ജു വാര്യര്‍, കാളിദാസന്‍, സൗബിന്‍ എന്നിവരുടെ കാസ്റ്റ്, വന്‍ വെറൈറ്റി പാട്ടുകള്‍, ജാക്ക് ആന്‍ഡ് ജില്‍ ഇറങ്ങും മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയ പ്രൊമോഷനായാലും അല്ലാതെ വന്നെ റിപ്പോര്‍ട്ടുകളായാലും ഈ സിനിമ ഒരു മിനിമം നിലവാരം പുലര്‍ത്തുമെന്ന പ്രതീക്ഷകള്‍ നല്‍കിയിരുന്നു. അല്ലെങ്കില്‍ ഒരു വെറൈറ്റി ശ്രമമെങ്കിലുമായിരിക്കുമെന്ന് കരുതിയിരുന്നു.

അത്രക്കൊന്നും പ്രതീക്ഷക്കണ്ട എന്ന സൂചന ട്രെയ്‌ലര്‍ തന്നിരുന്നെങ്കിലും ഈ സിനിമയില്‍ നിന്നും ആ ട്രെയ്ലര്‍ കട്ട് ചെയ്തെടുത്തവരെ സമ്മതിക്കണം. കാരണം സിനിമ കാണുമ്പോള്‍ തുടക്കം മുതല്‍ അവസാനം വരെ ഒരു സീനിലോ ആസ്പെക്ടിലോ ജാക്ക് ആന്‍ഡ് ജില്‍ മിനിമം നിലവാരത്തിലേക്ക് എത്തുന്നില്ല.

കേശ് എന്ന് പേരുള്ള ഒരു യങ്ങ് സയന്റിസ്റ്റ്, ഇയാള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു ഗവേഷണം നടത്തുന്നു. ഇയാളുടെ അച്ഛന്റെ നടക്കാതെ പോയ ജാക്ക് ആന്‍ഡ് ജില്‍ എന്ന എന്തോ ഒരു പ്രോജക്ട് റീ സ്റ്റാര്‍ട്ട് ചെയ്യുന്നു. അതിന് വേണ്ടി ഒരു പറമ്പില്‍ ലാബ് സെറ്റ് ചെയ്യുന്നു. അവിടേക്ക് മാനസിക പ്രശ്നം നേരിടുന്ന മനുഷ്യരെ പരീക്ഷണത്തിനായി കൊണ്ടുവരുന്നു.

വളരെ സിമ്പിളായി ഇതൊക്കെ നടക്കുന്നു. അവിടേക്ക് പാര്‍വതി എന്ന മഞ്ജു വാര്യരുടെ കഥാപാത്രമെത്തുന്നു. അവരില്‍ പരീക്ഷണം നടത്തുന്നതാണ് കഥ.

ശരിക്കും ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത് സന്തോഷ് ശിവന്‍ കുട്ടിക്കാലത്ത് കണ്ടൊരു കാര്‍ട്ടൂണ്‍, അത് ഒരു നാടകമായി തട്ടിക്കൂട്ടുന്നു, പിന്നീട് അത് വെറുതെ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നു എന്നാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാറ്റോഗ്രഫേഴ്സിലൊരാളായ, അനന്തഭദ്രം, ഉറുമി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സന്തോഷ് ശിവനാണ് ജാക്ക് ആന്‍ഡ് ജില്ലിന്റെ കഥയും സംവിധാനവും ക്യാമറയും നിര്‍വഹിച്ചതെന്ന് തീരെ വിശ്വസിക്കാനാകുന്നില്ല. ചില സിനിമകള്‍ മോശമാകുമ്പോള്‍ അതിന്റെ ഡയറക്ടറല്ല അത് ചെയ്തതെന്ന് തോന്നുന്നുവെന്ന് ആലങ്കാരികമായി പറയാറുണ്ട്. ജാക്ക് ആന്‍ഡ് ജില്‍ കണ്ടപ്പോള്‍ ലിറ്ററലി അങ്ങനെ തോന്നിയിരുന്നു.

ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസുമൊക്കെയുണ്ടെങ്കിലും സിനിമയിലെ ഹൈലൈറ്റ് വില്ലന്മാരാണ്. ഇത്രയും വെറൈറ്റി വില്ലന്മാര്‍ ഇതുവരെ വന്നിട്ടില്ല. സിനിമയിലെ ബാക്കി കോമഡികളൊക്കെ കട്ട ദുരന്തമാണെങ്കിലും ഈ വില്ലന്മാരുടെ സീരിയസ് ഡയലോഗും പേടിപ്പിക്കാന്‍ നോക്കുന്ന കുറെ ഭാവങ്ങളും നല്ല കോമഡിയായിരുന്നു.

പ്രധാന വില്ലന്‍ ഒരു അപ്പാപ്പനാണ്. ഇയാള്‍ ഒരു കുട്ടിയെ കെട്ടാന്‍ നോക്കുന്നുണ്ട്, മാജിക് കാണിക്കുന്നുണ്ട്, ഇടക്ക് ചുമ്മാ ആളുകളെ കൊല്ലുന്നുണ്ട്, പിന്നെ കെമിക്കല്‍ ഫാക്ടറിയൊക്കെ ഉണ്ടാക്കാന്‍ നോക്കുണ്ട്. ഇയാളുടെ മകനെന്ന അടുത്ത വില്ലന്‍ ഫുള്‍ടൈം നാവിലൊരു ബ്ലേഡും വെച്ചാണ് നടപ്പ്.

അടുത്ത വില്ലനാണ് കട്ട വെറൈറ്റി. പാല്‍ക്കുപ്പിയാണ് ആളുടെ ഐറ്റം. പാല്‍ പാല്‍ എന്നൊരു പാട്ടൊക്കെ പാടിയാണ് ഇത് കുടിച്ചു നടക്കുന്നത്. വേറൊരു വില്ലനുണ്ട്, ആളെന്തോ ചെയ്യുകയാണ്. ഇവരൊക്കെ ഇടക്ക് വന്ന് കുറെ പേരെ ബുള്ളി ചെയ്യും, കൊല്ലും, മരിക്കും അങ്ങനെ ഒരു രീതിയാണ്. ഇതൊക്കെ എന്തിനാ എന്ന് ആരും ചോദിക്കരുത്.

ഇനി സിനിമയിലെ ബാക്കി കഥാപാത്രങ്ങളിലേക്ക് വന്നാല്‍, മഞ്ജു വാര്യരുടെ പാര്‍വതി, കാളിദാസിന്റെ കേശ്, സൗബിന്റെ കുട്ടാപ്പ്സ് എന്ന എ.ഐ ഇവരാണ് പ്രധാനമായിട്ടുള്ളത്. പിന്നെ അജു വര്‍ഗീസ്, ബേസില്‍, നെടുമുടി വേണു എന്നിവരുമുണ്ട്. മറ്റ് ചില അഭിനേതാക്കളും, ഇവരൊക്കെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുകളാണ്.

ഒരു കഥാപാത്രത്തിനും ഡെപ്തോ വളര്‍ച്ചയോ ഒന്നുമില്ലാതിരുന്നതുകൊണ്ട് ക്യാരക്ടറൈസേഷനെ കുറിച്ചൊന്നും പറയാനില്ല. തുടക്കത്തില്‍ പറഞ്ഞതു പോലെ മഞ്ജു വാര്യരുടെ ചില ആക്ഷന്‍ സീനുകള്‍ മാത്രമാണ് ഈ മൊത്തം അഭിനേതാക്കളുടെ പെര്‍ഫോമന്‍സില്‍ കുറച്ചെങ്കിലും ഇഷ്ടപ്പെട്ടത്. അതില്‍ തന്നെ ഭരതനാട്യം കോസ്റ്റ്യൂമില്‍ ചില ഡാന്‍സ് സ്റ്റെപ്പുകള്‍ മിക്സ് ചെയ്തുള്ള ആക്ഷന്‍ സീനുകള്‍ കാണാന്‍ നന്നായിരുന്നു.

സന്തോഷ് ശിവന്‍

സൗബിന്റെ കുട്ടാപ്പ്സ് എന്ന എ.ഐ ബ്രോ ഡാഡിയിലെ സൗബിന്റെ ക്യാരക്ടര്‍ അല്ലെങ്കില്‍ ആ റേഞ്ചില്‍ വരുന്ന ക്യാരക്ടറുകളുടെ കൂട്ടത്തിലെ ഏറ്റവും മോശം അവതരണമായാണ് തോന്നിയത്. കാളിദാസിന് ഈ സിനിമയിലൊന്നും ചെയ്യാനില്ല.

സിനിമയിലെ സെറ്റുകള്‍, ലാബായി കാണിച്ചിരിക്കുന്ന സ്ഥലങ്ങള്‍, വീടുകള്‍ ഇതെല്ലാമാണ് ഇത് എന്താണ് ചെയ്തു വെച്ചിരിക്കുന്നതെന്ന തോന്നല്‍ ഒന്നുകൂടി കൂട്ടിയത്. കിം കിം കിം എന്ന ഹിറ്റായ പാട്ടിന്റെ ഹാങ്ങോവര്‍ കൊണ്ടാണോ എന്നറിയില്ല. സഹിക്കാന്‍ പറ്റാത്ത പരീക്ഷണങ്ങള്‍ പോലുള്ള കുറെ പാട്ടുകളും സിനിമയിലുണ്ടായിരുന്നു.

ഈ സിനിമയില്‍ ലോജിക് അന്വേഷിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെങ്കിലും, കുറച്ച്, വളരെ കുറച്ച് സമയമെങ്കിലും ഈ കഥയെ കുറിച്ച് ഒന്ന് ആലോചിച്ചിരുന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹം തോന്നിയിരുന്നു.

Content Highlight: Jack and Jill movie review | Manju Warrier | Santhosh Sivan

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more