വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡേന്‍.
ഈ വരുന്ന ഫെബ്രുവരി ഏഴ് ആയിരിക്കും അധികാരത്തിലെ തന്റെ അവസാന ദിവസമെന്നും ഇനി ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നുമാണ് ജസീന്ത വ്യക്തമാക്കിയത്. വികാരഭരിതയായായിരുന്നു 42കാരിയായ ജസീന്ത ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
”ഈ ജോലി ബുദ്ധിമുട്ടേറിയത് കൊണ്ടല്ല ഞാന്‍ സ്ഥാനമൊഴിയുന്നത്. അതായിരുന്നു സാഹചര്യമെങ്കില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ടതായിരുന്നു.
ഇത്തരമൊരു പ്രത്യേക പദവിക്കൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങളും വരുന്നുണ്ട് എന്നതിനാലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. എപ്പോഴാണ് നിങ്ങള്‍ രാജ്യത്തെ നയിക്കാന്‍ ശരിയായ വ്യക്തി, എപ്പോഴാണ് അങ്ങനെ അല്ലാത്തത് എന്നറിയാനുള്ള ഉത്തരവാദിത്തം കൂടിയാണത്.
ഈ ജോലിക്ക് എന്തൊക്കെ ആവശ്യമുണ്ടെന്ന് എനിക്കറിയാം. അതിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ എനിക്കിനി സാധിക്കില്ലെന്നും എനിക്കറിയാം. കാര്യം അത്രയും ലളിതമാണ്,” വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.
2017ല്‍ തന്റെ 37ാം വയസിലായിരുന്നു ജസീന്ത ആര്‍ഡേന്‍ സഖ്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി കൂടിയായിരുന്നു അവര്‍.