വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ പീറ്റര്‍ ഇംഗ്ലണ്ട് സ്‌കൂളിലെ കുട്ടികളെല്ലാവരും ചേര്‍ന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് ഒരു കത്തയച്ചു. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍ കത്തയച്ചത്. പക്ഷേ കത്തിന് മറുപടിയായി പ്രധാനമന്ത്രിയെന്ത് പറയുമെന്ന് കാത്തിരുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തേടിയെത്തിയത് മറ്റൊരു സര്‍പ്രൈസായിരുന്നു.
ജസീന്ത നേരിട്ട് സ്‌കൂളിലെത്തി കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയെക്കുറിച്ചാണ് കുട്ടികള്‍ ജസീന്തയ്ക്ക് കത്തയച്ചത്. മറുപടി അയക്കേണ്ട, പകരം കുട്ടികളെ നേരിട്ട് പോയി കാണാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ജസീന്ത പറഞ്ഞു.
ജസീന്ത സ്‌കൂളിലെത്തുക മാത്രമല്ല, കുട്ടികളുടെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും, അവരുടെ സ്‌കൂളിലെ ന്യൂസ് നെറ്റ്‌വര്‍ക്കിന് അഭിമുഖം നല്‍കുകയും ചെയ്തു. സ്‌കൂളിലെ അസംബ്ലിയിലും ജസീന്ത പങ്കെടുത്തു. കുട്ടികള്‍ നേതൃത്വം നല്‍കിയ ഒരു കൊച്ചു വിനോദയാത്രയിലും അവര്‍ക്കൊപ്പം പങ്കെടുക്കാന്‍ സാധിച്ചുവെന്ന് ജസീന്ത പറഞ്ഞു.
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന് ആഗോള തലത്തില്‍ നിരവധി ആരാധകരുണ്ട്. ന്യൂസിലാന്‍ഡിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മ്യാന്‍മറിലെ സൈന്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സൈന്യത്തലവന്മാര്‍ക്ക് ന്യൂസിലാന്‍ഡ് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.
49.2 ശതമാനം വോട്ട് നേടിയാണ് ജസീന്തയുടെ സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടി ഭരണതുടര്‍ച്ച നിലനിര്‍ത്തിയത്. പാര്‍ലമെന്റിലെ 120 സീറ്റില്‍ 64 ഉം ലേബര്‍ പാര്‍ട്ടി സ്വന്തമാക്കുകയായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥി ജൂഡിത്ത് കോളിനേക്കാള്‍ വലിയ ഭൂരിപക്ഷം ജസീന്തയ്ക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു.