ക്രൈസ്റ്റ്ചര്‍ച്ച്: സെപ്തംബര്‍ 19ന് നടക്കാനിരുന്ന ന്യൂസിലാന്‍ഡ് പൊതു തെരഞ്ഞെടുപ്പ് മാറ്റിയതായി പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കണ്ടെത്തിയതോടെയാണ് തീരുമാനം.
ചൊവ്വാഴ്ച ഓക്കലാന്റിലെ ഒരു കുടുംബത്തിലെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യൂസിലാന്‍ഡില്‍ നൂറ് ദിവസത്തോളം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല.
നിലവില്‍ പാര്‍ട്ടി നേതാക്കളുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ല്‍ നടത്താനാണ് തീരുമാനം.
തീരുമാനത്തില്‍ നിന്നും മാറ്റമില്ലെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുമെന്നും ആര്‍ഡന്‍ വ്യക്തമാക്കി.
‘എനിക്ക് തീരുമാനത്തില്‍ നിന്നും മാറാന്‍ യാതൊരു ഉദ്ദേശവുമില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടികള്‍ക്ക് അടുത്ത ഒന്‍പത് ആഴ്ചകളിലായി പ്രചരണം നടത്താനുള്ള സമയം ലഭിക്കും. ഇലക്ഷന്‍ നടത്താന്‍ കമ്മീഷനും വേണ്ടത്ര സമയം ലഭിക്കും,’ ആര്‍ഡന്‍ പറഞ്ഞു.
ഓക്ക്‌ലാന്റില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആര്‍ഡന്റെ രാഷ്ട്രീയ എതിരാളികളും സ്വന്തം പാര്‍ട്ടിയില്‍ തന്നെയുള്ള കക്ഷികളും തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതിനാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് ആര്‍ഡന്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ആ വാദത്തെ തള്ളി.
‘ഞാന്‍ ആരുമായും ഫോണിലൂടെ ബന്ധപ്പെട്ടിട്ടില്ലായിരുന്നുവെങ്കിലും ഇതുപോലൊരു സാഹചര്യത്തില്‍ ഞാന്‍ എടുക്കുന്ന തീരുമാനം ഇത് തന്നെയാണ്,’ ആര്‍ഡന്‍ പറഞ്ഞു.