| Thursday, 13th June 2013, 3:58 pm

ഷൊര്‍ണ്ണൂര്‍ നഗരസഭാ ഉപാധ്യക്ഷ സ്ഥാനം ജെ.വി.എസിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിക്ക്  ജയം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച  ജെ.വി.എസ്സിന്റെ അഡ്വ.പി.എം ജയ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു.[]

സി.പി.ഐ.എമ്മിന്റെ പിന്തുണയോടെ 20 വോട്ടുകളാണ് ജയ നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ യു.ഡി.എഫിലെ ഷീനയ്ക്ക് എട്ട് വോട്ടും, ബി.ജെ.പി സ്ഥാനാര്‍ഥിക്ക് മൂന്നു വോട്ടുമാണ് ലഭിച്ചത്.

ജനകീയ വികസന മുന്നണിയുമായി സഖ്യമുണ്ടാക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ വേട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നു.
സി.പി.ഐ.എമ്മുമായി കൂട്ടുചേര്‍ന്ന് ജെ.വി.എസിന് വോട്ട് ചെയ്യില്ലെന്ന് സി.പി.ഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നഗരസഭാ കൗണ്‍സിലില്‍ സി.പി.ഐക്ക് ഒരംഗമാണുള്ളത്.
ജനകീയ വികസന മുന്നണി നേതാവ് എം.ആര്‍ മുരളിയുടെ അവസരവാദ രാഷ്ട്രീയത്തെ പിന്തുണക്കാന്‍ തയ്യാറല്ലെന്ന് സി.പി.ഐ നേതാക്കള്‍ പ്രതികരിച്ചു.

സി.പി.എം-12, ജെ.വി.എസ്-എട്ട്, കോണ്‍ഗ്രസ്-എട്ട്, ബി.ജെ.പി-മൂന്ന്, സി.പി.ഐ-ഒന്ന്, എസ്.ഡി.പി.ഐ- ഒന്ന് എന്നിങ്ങനെയാണ് നഗരസഭയില്‍ അംഗബലം.

യു.ഡി.എഫ് പിന്തുണയോടെ അധികാരത്തിലിരുന്ന മുരളി കോണ്‍ഗ്രസുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. മുന്‍ ധാരണപ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ രാജിവെയ്ക്കാമെന്ന് സമ്മതിച്ചിരുന്ന മുരളി ഇതിനു വിസമ്മതിച്ചതോടെയാണ് കോണ്‍ഗ്രസുമായി പിരിഞ്ഞത്.

തുടര്‍ന്ന് സി.പി.ഐ.എമ്മുമായി മുരളിയും കൂട്ടരും ധാരണയിലെത്തുകയായിരുന്നു. ഈ ധാരണയനുസരിച്ച നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും സി.പി.ഐ.എം സ്ഥാനാര്‍ഥിയെ ജനകീയ വികസന മുന്നണി പിന്തുണക്കും.

We use cookies to give you the best possible experience. Learn more