എസ്സേയ്‌സ് / ജെ. രഘു
എന്റെ ലേഖനങ്ങള്‍ പമ്പരവിഡ്ഡിത്തങ്ങളാണെന്ന് ഡോ. തോമസ് ഐസക്കിനു ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് “ചിന്ത”യുടെ നാലു ലക്കങ്ങളിലായി 24 പേജുകള്‍ പാഴാക്കിയതെന്ന് മനസിലാകുന്നില്ല. ആശയസംവാദത്തില്‍ പുതിയൊരു ശൈലികൂടി ഡോ. തോമസ് ഐസക്ക് ആവിഷ്‌കരിക്കുന്നു. ഭിന്ന വീക്ഷണങ്ങളെ തുറന്നുകാണിക്കുന്നതിനുള്ള മുന്നുപാധിയെന്നോണം, അവ ഉന്നയിക്കുന്ന, വ്യക്തിയുടെ “പൂര്‍വാശ്രമവിവരണ”മെന്ന നവീനശൈലി. “ഈ വിദ്വാന്‍ കുട്ടിയായിരുന്നപ്പോള്‍ കിടക്കയില്‍ മൂത്രമൊഴിക്കുമായിരുന്നു” എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍ ഈ പൂര്‍വാശ്രമവിവരണം കുറച്ചുകൂടി വര്‍ണാഭമായേനെ![]
ധൈഷണികസംവാദത്തിന്റെ അടിസ്ഥാനനിയമങ്ങളും പ്രോട്ടോക്കാളും നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഡോ. തോമസ് ഐസക്ക് എന്റെ ലേഖനങ്ങളെ നേരിടുന്നത്. ഏതൊരു ധൈഷണിക സംവാദത്തിലും ഇരുകക്ഷികളും പാലിക്കേണ്ടതായ ചില അടിസ്ഥാനമര്യാദകളുണ്ട്. വ്യത്യസ്ത വീക്ഷണങ്ങളെ മുന്‍കൂറായിതന്നെ “പമ്പരവിഡ്ഡിത്തങ്ങള്‍”, “അഭ്യാസങ്ങള്‍” എന്നൊക്കെയുള്ള നാടന്‍പദപ്രയോഗങ്ങളിലൂടെ ആക്ഷേപിക്കുന്നത് ആരോഗ്യകരമായ ആശയസംവാദത്തിന്റെ അന്തസ്സിനു ചേര്‍ന്നതല്ല.
അഭ്യാസങ്ങളെയും നാട്യങ്ങളെയും നേരിടാന്‍ ആശയങ്ങള്‍ക്കാവില്ല. അതിന് അഭ്യാസങ്ങള്‍ തന്നെയാണ് ആവശ്യം. ഡോ. തോമസ് ഐസക്കിന്റെ പാര്‍ട്ടിയുടെ കണ്ണൂര്‍ നേതൃത്വം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നത് ഇത്തരമൊരു ശൈലിയാണ്. ബലപ്രയോഗവും ഭീഷണിയുംകൂടി കലര്‍ത്തിയ ഒരു അഭ്യാസനാട്യശൈലിയാണ് കണ്ണൂര്‍ മോഡലിന്റെ പ്രത്യേകത.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പ്രതികൂട്ടില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിയെ, വലിയ താത്വികപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നതുപോലും സംവാദത്തിന്റെ നീതിയല്ല
വലിയ അധോലോക സാമ്പത്തിക ശക്തിയുടെ അമരക്കാരായി മാറിയ ഒരു രാഷ്ട്രീയ നേതൃത്വത്തിന് വിജയകരമായി പരീക്ഷിക്കാവുന്ന “ആശയസംവാദ”ശൈലിതന്നെയാണ് സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ മോഡല്‍. സഹിഷ്ണുത, മാന്യത, സത്യസന്ധത, അന്തസ്സ് തുടങ്ങിയ ആശയസംവാദമൂല്യങ്ങള്‍ ലോകത്തെവിടെയുമുള്ള രാഷ്ട്രീയ അധോലോകത്തിന്റെ പദനിഘണ്ടുവില്‍ ഉണ്ടാവില്ല.
കണ്ണൂര്‍ മോഡലിന്റെ ഒരു മിതരൂപമാണ് ഡോ. തോമസ് ഐസക്ക് എനിക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്. ആശയസംവാദമെന്ന “കളി”യുടെ സാര്‍വത്രികമായ നിയമങ്ങള്‍ ഡോ. തോമസ് ഐസക്ക് ലംഘിച്ചിരിക്കുകയാണ്. “കളി നിയമ”ങ്ങള്‍ തെറ്റിക്കുമ്പോള്‍, കളി “കയ്യാങ്കളി”യോ, “കള്ളക്കളി”യോ ആയി മാറും. രാഷ്ട്രീയ കയ്യാങ്കളിയും കള്ളക്കളിയും പാരമ്പര്യമാക്കി മാറ്റിയ ഒരു പാര്‍ട്ടിയുടെ നേതാവായ, തനിക്ക് നിയമബദ്ധവും മാന്യവുമായ ആശയസംവാദത്തിന്റെ രീതിശാസ്ത്രം വഴങ്ങില്ല എന്ന് ഡോ. തോമസ് ഐസക്ക് തെളിയിച്ചിരിക്കുന്നു.
ഡോ. തോമസ് ഐസക്കിന്റെ പാര്‍ട്ടിയുടെ നേതൃത്വം ഗൂഡമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധം, ആ പാര്‍ട്ടിയെ അപരിഹാര്യമായ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. എത്ര ശക്തിയായി ഉച്ചാടനം ചെയ്താലും വിട്ടുമാറാത്തവണ്ണം ടി.പി. ചന്ദ്രശേഖരന്റെ ഭൂതം സി.പി.എമ്മിനെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക പ്രബുദ്ധതയ്ക്കുമേല്‍ പതിഞ്ഞ മാരകമായ ഈ കളങ്കത്തിന്റെ പേരില്‍ സി.പി.എം. ഇന്ന് പ്രതിക്കൂട്ടിലാണ്.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പ്രതിക്കൂട്ടില്‍നില്ക്കുന്ന ഒരു പാര്‍ട്ടിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയവും നിയമപരവുമായ “കുറ്റപത്ര”ത്തെ പ്രതിരോധിക്കാനുള്ള ശ്രമം ഡോ. തോമസ് ഐസക്കിന്റെ സമനില തെറ്റിച്ചിരിക്കുന്നു. അതുകൊണ്ടാണ് സംവാദത്തിന്റെ സാര്‍വത്രികമായ പ്രോട്ടോക്കോള്‍ നിര്‍ലജ്ജം ലംഘിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.
മാതൃഭൂമി പ്രസിദ്ധീകരിച്ച എന്റെ മൂന്നു ലേഖനങ്ങളില്‍ ഒരു കൊലപാതക സംഘമായി മാറിയ സി.പി.എമ്മിന്റെ സാമൂഹിക-ശാസ്ത്രത്തെയും ഫാസിസ്റ്റു സംഘടനാ സംവിധാനത്തെക്കുറിച്ചുമാണ് ഞാന്‍ ചര്‍ച്ച ചെയ്തിരുന്നത്. കേരളത്തിന്റെ സവിശേഷമായ പശ്ചാത്തലത്തില്‍, ഒരു അധോലോക സാമ്പത്തിക ശക്തിയായി മാറിയ സി.പി.ഐ.എമ്മിന്റെ സംഘടനാ ശൈലി, ജനാധിപത്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ധ്വംസിക്കുന്ന മാഫിയാ ശക്തിയായി മാറിയതെങ്ങനെയെന്ന പ്രശ്‌നം അപഗ്രഥിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
എന്നാല്‍ എന്റെ ലേഖനങ്ങളിലെ വാദമുഖങ്ങളെ അതിന്റെതന്നെ തലത്തില്‍ അഭിമുഖീകരിക്കുന്നതിനുപകരം മൂലധനത്തെയും ലെനിനിസത്തെയുംകുറിച്ചുള്ള ചര്‍ച്ചക്കാണ് ഡോ. തോമസ് ഐസക്ക് മുതിര്‍ന്നത്. തന്റെ വാദങ്ങള്‍ക്കൊരു സൈദ്ധാന്തിക പ്രതിച്ഛായ നല്കാനുള്ള ഈ ശ്രമം പക്ഷെ വിമര്‍ശന നവീകരണങ്ങളുടെ ശുദ്ധവായു ശ്വസിക്കാത്ത ഒരു മാര്‍ക്‌സിസ്റ്റു സൈദ്ധാന്തിക വിശ്വാസിയാണ് താനെന്നുള്ള ഡോ. തോമസ് ഐസക്കിന്റെ വിളംബരമായി മാറുകയാണുണ്ടായത്.
ഡോ. തോമസ് ഐസക്കിന്റെ സൈദ്ധാന്തികമായ എതിര്‍വാദങ്ങള്‍ പരിശോധിക്കുന്നതിനുമുമ്പ് എന്റെ വിമര്‍ശനങ്ങളുടെ സന്ദര്‍ഭം ഒന്നുകൂടി സ്ഥിരീകരിക്കേണ്ടതുണ്ട്. കാരണം, ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പ്രതികൂട്ടില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിയെ, വലിയ താത്വികപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നതുപോലും സംവാദത്തിന്റെ നീതിയല്ല.
തങ്ങളുടെ കൈകളില്‍ പതിഞ്ഞിരിക്കുന്ന ചന്ദ്രശേഖരന്റെ ചോരക്കറയെ മാര്‍ക്‌സിസ്റ്റു താത്വികവിചാരംകൊണ്ട് മറികടക്കാനുള്ള സി.പി.ഐ.എമ്മിന്റെ മാഫിയാബുദ്ധിയാണ് ഡോ. തോമസ് ഐസക്കിന്റെ വ്യഥാസ്ഥൂലമായ ലേഖനപരമ്പര. അതിനാല്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉയര്‍ത്തുന്ന അഗാധസമസ്യകള്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്.അടുത്തപേജില്‍ തുടരുന്നു
പാര്‍ട്ടിക്കുള്ളിലുള്ളവരുടെ ഭിന്നാഭിപ്രായം അടിച്ചമര്‍ത്തുന്ന സി.പി.ഐ.എം, അഭിപ്രായങ്ങളുടെ പേരില്‍ പുറത്തുപോകുന്നവരുടെ ജീവിക്കാനുള്ള അവകാശത്തെക്കൂടിയാണ് ഇല്ലാതാക്കുന്നത്. []
പുറത്തുപോകുന്ന വിമതരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ സി.പി.ഐ.എമ്മിനു കഴിയില്ല. കാരണം സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയതുപോലെ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ നിരോധിക്കാനോ ദേശസാത്കരിക്കാനോ സി.പി.ഐഎമ്മിന് ആവില്ലല്ലോ.
പാര്‍ട്ടിയില്‍ തുടരുകയാണെങ്കില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശം അച്ചടക്കത്തിന്റെ പേരില്‍ വിമതര്‍ക്ക് നിഷേധിക്കപ്പെടും. എന്നാല്‍ സ്വാഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പാര്‍ട്ടിവിടുന്ന ഒരു വിമതന്‍ അതിനു നല്‌കേണ്ടിവരുന്ന വിലയെന്താണ്?
സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ജീവനുതുല്യം വിലമതിക്കുന്ന ആരെങ്കിലും ഇനിയും സി.പി.ഐ.എമ്മില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, ടി.പി. ചന്ദ്രശേഖരന്‍ വധം അവര്‍ക്കുനല്കുന്ന സന്ദേശം എന്താണ്? അങ്ങനെയുള്ളവരുടെ മുമ്പില്‍ ഒരൊറ്റ തിരഞ്ഞെടുപ്പേ ഉള്ളൂ. സ്വാഭിപ്രായ സ്വാതന്ത്ര്യം അടിയറ വച്ചുകൊണ്ട് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക.
മറ്റൊരു പോംവഴി, അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി പാര്‍ട്ടി വിടുക. പാര്‍ട്ടി വിടുന്ന നിമിഷം മുതല്‍ വിമതനു അഭിപ്രായസ്വാതന്ത്ര്യം ലഭിക്കുന്നു. പക്ഷെ, ജീവിക്കാനുള്ള സ്വാതന്ത്ര്യം സി.പി.ഐ.എം. നിഷേധിക്കും. ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന വിമതരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാനാകാത്തതുകൊണ്ട് അവരുടെ ജീവാവകാശത്തെ, നിലനില്ക്കാനുള്ള അവകാശത്തെത്തന്നെ, അപഹരിക്കുന്ന നയമാണ് സി.പി.ഐ.എം. സ്വീകരിക്കുന്നത്. സ്വാതന്ത്ര്യത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഒരു തെരഞ്ഞെടുപ്പിനു നടുവിലായിരുന്നു, ടി.പി. ചന്ദ്രശേഖരന്‍.
പ്രാഥമികമായ വിമര്‍ശനസ്വാതന്ത്ര്യത്തിനു വിലയായി ജീവന്‍ നല്‌കേണ്ടിവരുന്ന ഒരു സാഹചര്യം ഒരു സമൂഹത്തെ എങ്ങനെയാണ് ബാധിക്കുക? ജീവിക്കുവാനുള്ള അവകാശം തന്നെ അപഹരിക്കപ്പെടുമ്പോള്‍, സ്വാതന്ത്ര്യത്തിന്, നിര്‍ഭയത്വത്തിന് എന്തര്‍ഥമാണുള്ളത്?
സ്വാതന്ത്ര്യം എന്നത് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമല്ലെങ്കില്‍, പിന്നെ അതിന്റെ മൂല്യം എന്താണ്? ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ യഥാര്‍ഥമാനം ഇതാണ്. ഒരിക്കല്‍ പാര്‍ട്ടിയുടെ ഭാഗമായിരുന്നവര്‍ക്ക് പുറത്തുപോകാനും സ്വാതന്ത്ര്യത്തോടെ അഭിപ്രായപ്രകടനം നടത്താനും കഴിയാത്ത ഒരു സാഹചര്യമാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിലൂടെ സംജാതമായിരിക്കുന്നത്.
സി.പി.ഐ.എമ്മില്‍ നിന്നും പുറത്തുപോകുന്ന വിമതരെ കാത്തിരിക്കുന്നത് ചന്ദ്രശേഖരന്റെ ഗതിയാണെങ്കില്‍, കേരളത്തിന് ഒരു ജനാധിപത്യസമൂഹമായി എങ്ങനെ പുലരാന്‍ കഴിയും? വിമര്‍ശനം, സ്വാതന്ത്ര്യം തുടങ്ങിയവ മനുഷ്യജീവിതത്തിനു മൂല്യവും അര്‍ഥവും നല്കുന്ന സങ്കല്പങ്ങളാണെന്നു നാം കരുതുകയാണെങ്കില്‍, ചന്ദ്രശേഖരന്‍ വധത്തിലൂടെ സി.പി.എം. റദ്ദാക്കാന്‍ ശ്രമിക്കുന്നത് അത്തരം സങ്കല്പങ്ങളെത്തന്നെയാണ്.
അതിനാല്‍, മനുഷ്യാന്തസ്സിനെ മറ്റെന്തിനേക്കാളും ഉപരിയായ ജീവിതമൂല്യമായി കാണുന്ന ഒരു ആധുനിക സമൂഹത്തിനു ചന്ദ്രശേഖരന്‍ വധത്തെ വെറുമൊരു രാഷ്ട്രീയകൊലപാതകം മാത്രമായി ചുരുക്കാന്‍ ആവില്ല.
സ്വാതന്ത്ര്യത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഒരു തെരഞ്ഞെടുപ്പിനു നടുവിലായിരുന്നു, ടി.പി. ചന്ദ്രശേഖരന്‍
പാര്‍ട്ടി വിട്ടതിനുശേഷവും പാര്‍ട്ടിക്ക് അപ്രിയവും അനഭിമതവുമായ ആശയാഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ടി.പി. ചന്ദ്രസേഖരന്‍ സി.പി.ഐ.എമ്മിനു ശത്രുവാകുന്നത്. പാര്‍ട്ടിവിട്ട ചന്ദ്രശേഖരന്‍ നിശബ്ദനോ, അരാഷ്ട്രീയവാദിയോ കോണ്‍ഗ്രസുകാരനോ, ബി.ജെ.പി.ക്കാരനോ ആയിരുന്നുവെങ്കില്‍ സി.പി.ഐ.എമ്മിനു അദ്ദേഹം ശത്രുവാകില്ലായിരുന്നു.
എന്നാല്‍, പാര്‍ട്ടിയിലുള്ളപ്പോള്‍, സി.പി.ഐ.എമ്മിനെതിരെ ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങളെ പാര്‍ട്ടി വിട്ടതിനുശേഷവും ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. സി.പി.ഐ.എമ്മിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം അടിയറ വയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
തനിക്കു ശരിയെന്നു ബോധ്യമുള്ള ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് തന്റെ ജീവിതത്തെ അര്‍ഥസാന്ദ്രമാക്കുന്നതെന്ന് ചന്ദ്രശേഖരന്‍ വിശ്വസിച്ചു.
ചന്ദ്രശേഖരന്റെ വിമതാഭിപ്രായങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സി.പി.ഐ.എം. സ്വീകരിച്ച മാര്‍ഗം, ആ അഭിപ്രായങ്ങളുടെ ഉടമയായ മനുഷ്യന്റെ ജീവനെത്തന്നെ ഇല്ലാതാക്കുകയെന്നതാണ്. ക്വട്ടേഷന്‍ സംഘത്തിലൂടെ നടപ്പാക്കിയ ഈ കൊല നല്കുന്ന സന്ദേശം സി.പി.ഐ.എമ്മിന്റെ വിമര്‍ശകര്‍ക്കും വിമതര്‍ക്കും അന്തസ്സുറ്റ ജീവിതം ആ പാര്‍ട്ടി അനുവദിക്കില്ല എന്നതാണ്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം അതിനാല്‍ മനുഷ്യജീവിതത്തിന്റെ അന്തസ്സിനെതിരായ ഹിംസയാണ്. ചന്ദ്രശേഖരന്‍ വധത്തെ വെറുമൊരു രാഷ്ട്രീയ കൊലപാതകം മാത്രമായി ചുരുക്കരുതെന്നു പറയുന്നത് അതുകൊണ്ടാണ്.
അടുത്തപേജില്‍ തുടരുന്നു
ആധുനിക സാമൂഹിക ജീവിതത്തിന്റെയും ജനാധിപത്യ മൂല്യവ്യവസ്ഥയുടെയും അച്ചുതണ്ട്, “വ്യക്തിജീവിതാന്തസ്സ്” എന്ന സങ്കല്പമാണ്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ഈ ഭൂമിയിലെ എല്ലാ സ്വാതന്ത്ര്യാവകാശ സംഹിതകളും പൂര്‍വകല്പന ചെയ്യുന്നു.
വ്യക്തിജീവിതാന്തസ്സിനെ ആധുനികമനുഷ്യാവസ്ഥയുടെ “നിയാമകതത്വ”മെന്നു നിര്‍വചിക്കാം. ചന്ദ്രശേഖരന്‍വധം, വാസ്തവത്തില്‍, ഈ നിയാമകതത്വത്തിന്റെ ഹിംസാത്മകധ്വംസനമാണ്. നിയാമകതത്വങ്ങളുടെ ധ്വംസനത്തെയാണ് “മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യ”മായി കണക്കാക്കുന്നത്.[]
ടി.പി. ചന്ദ്രശേഖരന്‍വധം, അതിനാല്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ കേരളീയ പശ്ചാത്തലത്തില്‍നിന്നു സ്വയം വിച്ഛേദിക്കുകയും മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യത്തിന്റെ ആഗോളമാനത്തിലേക്കുയരുകയും ചെയ്യുന്നു. അതിനാല്‍, ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍, മനുഷ്യരാശിക്കെതിരായ കുറ്റവാളികളാകുന്നു.
സാങ്കേതികമായി, അന്താരാഷ്ട്രാ ക്രിമിനില്‍കോടതിയിലോ പ്രത്യേക ട്രൈബ്യൂണലിലോ ഈ കൊലപാതകം വിചാരണ ചെയ്യപ്പെടില്ലായിരിക്കാം. പക്ഷെ, താത്വികമായും നിയാമകതത്വപരമായും ചന്ദ്രശേഖരന്റെ കൊലയാളികള്‍ ആഗോളകുറ്റവാളികളാണ്. അവരെ വിചാരണ ചെയ്യേണ്ടത്, ന്യൂറംബര്‍ഗ് വിചാരണ പോലെ ഒരു വിചാരണകോടതിയിലാണ്.
ചന്ദ്രശേഖരന്‍ വധത്തിലന്തര്‍ഭവിച്ചിട്ടുള്ള അഗാധമാനവികവിവക്ഷകളെ ഗൗരവമായി കാണുന്നവര്‍ക്ക് ഒരു “ഒഞ്ചിയം വിചാരണ”യെ സങ്കല്പിക്കാവുന്നതാണ്. നാസികൊലയാളികളെപ്പോലെ, പോള്‍പോട്ടിനെപ്പോലെ, മോഡിയെപ്പോലെ ചന്ദ്രശേഖരന്റെ കൊലയാളികള്‍ സാങ്കല്പികമായ ഒരു “ഒഞ്ചിയം വിചാരണ”യ്ക്ക് വിധേയരാകണം.
ചന്ദ്രശേഖരന്‍ വധത്തിലന്തര്‍ഭവിച്ചിട്ടുള്ള മാനവരാശിയ്‌ക്കെതിരായ കുറ്റകൃത്യം കോടതിയുടെ പരിശോധനാവിഷയമല്ല. “ഒഞ്ചിയം വിചാരണ”യിലൂടെ മാത്രമെ, ചന്ദ്രശേഖരന്‍ വധത്തിനുപിന്നിലെ ഗൂഡാലോചന, മനുഷ്യാന്തസ്സിനെതിരായ ഗൂഡാലോചനയാണെന്നു സമര്‍ഥിക്കാനാവൂ. മനുഷ്യാന്തസ്സിനെതിരായ ഗൂഡാലോചന, മനുഷ്യരാശിയ്‌ക്കെതിരായ ഗൂഡാലോചനയാകുന്നു. അതിനാല്‍, മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യത്തിന്റെ പ്രതിക്കൂട്ടിലാണ് സി.പി.ഐ.എം നില്ക്കുന്നത്.
അടുത്തപേജില്‍ തുടരുന്നു
ഒരൊറ്റ വ്യക്തിയുടെ കൊലപാതകം മുതല്‍ ദശലക്ഷക്കണക്കിനാളുകളുടെ കൂട്ടഹത്യവരെ ഇത്തരം കുറ്റകൃത്യമാകാം. നാസിനരഹത്യകളില്‍, അനേകലക്ഷങ്ങള്‍ കൊലചെയ്യപ്പെടുകമാത്രമായിരുന്നില്ല. ആധുനിക മനുഷ്യസമൂഹം സാര്‍വത്രികമായി അംഗീകരിക്കുന്ന മാനവിക മൂല്യങ്ങളും നിയാമകതത്വങ്ങളും ധ്വംസിക്കുകയും ഇരകളെ അപരമാനവീകരിക്കുകയും ചെയ്തതിനുശേഷമാണ് നാസികള്‍ കൂട്ടക്കൊലകള്‍ നടത്തിയത്.
അതുകൊണ്ടാണ് നാസിക്കൂട്ടക്കൊലകള്‍ മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യമാകുന്നത്. ഒറ്റപ്പെട്ട ഒരു കൊലയില്‍പ്പോലും ചിലപ്പോള്‍ ഇത്തരം ധ്വംസനങ്ങള്‍ അന്തര്‍ഭവിക്കാം. ടി.പി. ചന്ദ്രശേഖരന്‍ എന്ന വ്യക്തിയുടെ കൊലപാതകം ഒരു സാധാരണ രാഷ്ട്രീയ കൊലപാതകമല്ലാതാവുന്നതും മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യമാകുന്നതും അതുകൊണ്ടാണ്.
നാസി കുറ്റവാളിയായ ഐഷ്മാന്റെ വിചാരണയെക്കുറിച്ച് ഹന്ന അരന്റ് നടത്തുന്ന നീരീക്ഷണങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാകുന്നു. “മഹത്തായ ജര്‍മന്‍ രാഷ്ട്ര”ത്തിനുവേണ്ടി തങ്ങള്‍ നടത്തിയ വംശീയ ഉച്ചാടനത്തില്‍ അഭിമാനിക്കുന്ന ഐഷ്മാന്റെ കുറ്റകൃത്യത്തിനുമുന്നില്‍, മനുഷ്യരാശി കണ്ടുപിടിച്ച ഏതു ശിക്ഷാരീതിയും നിസ്സാരമാണെന്ന് അരന്റ് നിരീക്ഷിക്കുന്നു.
‘സ്വതന്ത്രചാനല്‍’ എന്നവകാശപ്പെടുന്ന കൈരളിയുടെ ‘മാധ്യമധര്‍മം’ സി.പി.ഐ.എമ്മിന്റെ ആശയം പ്രചരിപ്പിക്കുകയാണെന്ന് തോമസ് ഐസക്ക് പ്രസ്താവിക്കുന്നു
ഡോ. തോമസ് ഐസക്കിന്റെ പാര്‍ട്ടി ചെയ്ത “മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യ”വുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കു നല്‍കാന്‍ കഴിയുന്ന ശിക്ഷ എത്രയോ നിസ്സാരമാണ്. ലഭിക്കാവുന്ന ശിക്ഷയുടെ നിസ്സാരതയായിരിക്കാം ധൈഷണികസംവാദത്തിന്റെ അംഗീകൃത മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ഡോ. തോമസ് ഐസക്കിനെ പ്രേരിപ്പിച്ചത്.
സൈദ്ധാന്തിക പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടി ഡോ. തോമസ് ഐസക്ക് നിരത്തുന്ന എതിര്‍വാദങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, ജനങ്ങള്‍ നല്കുന്ന സംഭാവനകള്‍ ഉപയോഗിച്ചുകൊണ്ടാണ് പാര്‍ട്ടി സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇതു വിശദീകരിക്കാന്‍ തോമസ് ഐസക്ക് മാര്‍ക്‌സിന്റെ “മൂലധന”ത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.
രണ്ട്, “റെനഗ്രേഡ്” എന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സംജ്ഞയുടെ തദ്ദേശീയ രൂപംമാത്രമാണ് “കുലംകുത്തി” പ്രയോഗം. മൂന്ന്,, ജനാധിപത്യ കേന്ദ്രീകരണത്തിലധിഷ്ഠിതമായ ലെനിനിസ്റ്റു സംഘടനാ ശൈലി സി.പി.ഐ.എം. സ്വയം സ്വീകരിച്ചതാണ്. എനിക്കെതിരായ ലേഖനപരമ്പരയുടെ സിംഹഭാഗവും വിനിയോഗിക്കുന്നത് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ജനാധിപത്യവിരുദ്ധമല്ലെന്നു സ്ഥാപിക്കാനാണ്.
അടുത്തപേജില്‍ തുടരുന്നു
ഒരു തൊഴില്‍ ദാതാവ് എന്ന നിലയിലേക്കുള്ള സി.പി.ഐ.എമ്മിന്റെ പരിണാമം വിശദീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. സി.പി.ഐ.എമ്മിന്റെ സാമൂഹ്യശാസ്ത്രത്തെക്കുറിച്ച് ഞാന്‍ ഉന്നയിച്ച വാദങ്ങള്‍ക്കു മറുപടി പറയുന്നതിനുപകരം, മാധ്യമങ്ങളും സഹകരണസ്ഥാപനങ്ങളും നടത്തുന്നത് പാപമാണോ എന്ന് “നിര്‍ദോഷ”മായി ചോദിക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്.[]
എന്തായാലും, “സ്വതന്ത്രചാനല്‍” എന്നവകാശപ്പെടുന്ന കൈരളിയുടെ “മാധ്യമധര്‍മം” സി.പി.ഐ.എമ്മിന്റെ ആശയം പ്രചരിപ്പിക്കുകയാണെന്ന് തോമസ് ഐസക്ക് പ്രസ്താവിക്കുന്നു. ഇത് ഒരു “ഫ്രോയ്ഡിയന്‍ സ്ലിപ്പ്” ആണോ എന്നറിയില്ല.
മാധ്യമധര്‍മത്തെക്കുറിച്ച് കേരളത്തിലെ കുത്തകപ്പത്രങ്ങളെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന സി.പി.ഐഎമ്മിന്, കൈരളി, പാര്‍ട്ടിയുടെ ഒരു ജിഹ്വയാണെന്നു സമ്മതിക്കേണ്ടിവന്നിരിക്കുന്നു. “സ്വതന്ത്ര മാധ്യമധര്‍മം” എന്നതുകൊണ്ട് സി.പി.ഐ.എം. വിവക്ഷിക്കുന്നത് പാര്‍ട്ടിയുടെ ആശയപ്രചരണമാണോ?
“മാധ്യമസിന്‍ഡിക്കേറ്റ്” എന്ന ശകാരത്തിനുകാരണം സി.പി.എമ്മിന്റെ ആശയം പ്രചരിപ്പിക്കുകയെന്ന മാധ്യമധര്‍മം നിര്‍വഹിക്കാന്‍ മാധ്യമങ്ങള്‍ വിസമ്മതിക്കുന്നതുകൊണ്ടായിരിക്കാം.
എന്റെ മാതൃഭൂമി ലേഖനത്തില്‍, സി.പി.എമ്മിന്റെ സമീപകാല സാമ്പത്തികപ്രവര്‍ത്തനങ്ങളെ “അധോലോകസാമ്പത്തിക ക്രമ”മെന്നു വിശേഷിപ്പിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ രൂപീകരണത്തെ അപഗ്രഥിക്കുന്നതിന്, “സാമ്പത്തിക പ്രബുദ്ധത”(economic enlightenment)യെന്ന സങ്കല്പം പ്രയോജനകരമാണ്.
സാമ്പത്തിക പ്രബുദ്ധതയ്ക്ക് രണ്ടു വശങ്ങളുണ്ട്. ഒന്ന്, “പ്രയോജനകരമായ അറിവിനെ ഉപയോഗിച്ചുകൊണ്ട് സ്വന്തം സമ്പത്ത് വര്‍ധിപ്പിക്കുകയെന്ന വ്യക്തിഗത താല്പര്യം.
രണ്ട്, പ്രയോജനകരമായ അറിവിന്റെ വിന്യാസത്തിലൂടെ സമൂഹത്തിന്റെ പൊതുവായ പുരോഗതി കൈവരിക്കുക. 17, 18 നൂറ്റാണ്ടുകളില്‍ രൂപംകൊണ്ട പുരോഗതി എന്ന ആശയം ഭൗതിക പുരോഗതിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സമൂഹത്തിന്റെ സാംസ്‌കാരികവും മൂല്യപരവും സൗന്ദര്യപരവും ധൈഷണികവുമായ വികാസത്തെക്കൂടി പുരോഗതി എന്ന ആശയം ലക്ഷ്യമാക്കിയിരുന്നു.
ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍, ജനങ്ങളുടെ ചിന്തയ്ക്കുമേലുള്ള ഫ്യൂഡല്‍-മതബോധത്തിന്റെ സ്വാധീനം തകര്‍ക്കേണ്ടതുണ്ടെന്ന് പുരോഗതിയുടെ വക്താക്കള്‍ വാദിച്ചു. മതനിരപേക്ഷതയിലും വ്യക്തിസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ പുരോഗതി, വാസ്തവത്തില്‍ യൂറോപ്യന്‍ പ്രബുദ്ധത സൃഷ്ടിച്ച ഒരു മൂല്യമാണ്.
മുതലാളിത്തരൂപീകരണത്തെയും വ്യാവസായിക വിപ്ലവത്തെ സാധ്യമാക്കിയ മൂല്യപരിസരത്തെയും സാമ്പത്തികപ്രബുദ്ധതയെന്നു വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്.
ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍, സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്ക്, സാമ്പത്തിക പ്രബുദ്ധതയുടെ മൂല്യാടിത്തറയില്ലെന്ന് വ്യക്തമാണ്. സ്വന്തം അണികളെയും അനുഭാവിവിഭാഗങ്ങളെയും അശ്രിതത്വത്തിന്റെ ശാശ്വതമായ സാമ്പത്തിക കെണിയില്‍പ്പെടുത്താനുള്ള രാഷ്ട്രീയതാല്പര്യമാണ് സി.പി.ഐ.എമ്മിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്.
പാര്‍ട്ടിസ്ഥാപനങ്ങള്‍ നല്കുന്ന തൊഴിലിന് പ്രതിഫലമായി നല്‌കേണ്ടത് അന്ധമായ കൂറും വിധേയത്വവുമാണ്. ഈ തൊഴില്‍ ബന്ധത്തെ ക്ലാസിക്കല്‍ മുതലാളിത്തത്തില്‍നിന്ന് ഭിന്നമാക്കുന്നത്, തൊഴിലാളിയുടെ പാരതന്ത്ര്യമാണ്. അധ്വാനശക്തിയെ ചരക്കുവത്കരിക്കുന്നതിലൂടെ സ്വതന്ത്രതൊഴാലിളി വര്‍ഗത്തിന്റെ രൂപീകരണത്തിനു കാരണമായ മുതലാളിത്തത്തെ മാര്‍ക്‌സ് പ്രശംസിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ വിശ്വാസപരവും പ്രത്യയശാസ്ത്രപരവുമായ സ്വാതന്ത്ര്യത്തില്‍ പ്രത്യക്ഷമായി ഇടപെടാന്‍ മുതലാളിത്തം ശ്രമിക്കാറില്ല. മുതലാളിത്തതൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നത് തൊഴിലാളിയുടെ രാഷ്ട്രീയമോ മതമോ അല്ല; മറിച്ച് ഉത്പാദനക്ഷമതയാണ്.
സി.പി.എമ്മിന്റെ സാമ്പത്തികസ്ഥാപനങ്ങളില്‍ ജോലിലഭിക്കുന്നതിനുള്ള യോഗ്യത ഉദ്യോഗാര്‍ഥിയുടെ തൊഴില്‍പരമായ കാര്യക്ഷമതയോ ഉത്പാദനക്ഷമതയോ ആണെന്ന് ഡോ. തോമസ് ഐസക്ക് പോലും പറയുമെന്നു തോന്നുന്നില്ല. “പാര്‍ട്ടിക്കൂറ്” മാത്രമാണ് യോഗ്യത.
തൊഴിലാളികള്‍ക്ക് സ്ഥാപനനടത്തിപ്പുകാരായ പാര്‍ട്ടി നേതാക്കളുമായുള്ള ബന്ധത്തെ നിര്‍ണയിക്കുന്നത് ഒരുതരം “അടിയായ്മ”യാണ്. മുതലാളിത്തത്തിന്റെ ലിബറലിസത്തിനുപകരം ഫ്യൂഡല്‍ അടിയായ്മ സംസ്‌കാരമാണ് ഈ തൊഴില്‍ ബന്ധത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനെ “രാഷ്ട്രീയ അടിയായ്മ” എന്നോ “പ്രത്യയശാസ്ത്രഅടിയായ്മ” എന്നോ വിശേഷിപ്പിക്കാം. സാമ്പത്തിക പ്രബുദ്ധതയുടെ അഭാവവും രാഷ്ട്രീയ അടിയായ്മയുടെ സാന്നിധ്യവുമാണ് സി.പി.എമ്മിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളെ “അധോലോക സാമ്പത്തിക സാമ്രാജ്യ”മാക്കുന്നത്.
ത്യാഗപൂര്‍ണവും നിസ്വാര്‍ഥവുമായ വിപ്ലവപ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന് ഡോ. തോമസ് ഐസക്ക് വിശ്വസിക്കുന്ന ഈ സാമ്പത്തിക പ്രതിഭാസത്തിന്റെ കുറ്റകരമായ അന്തര്‍ധാരകള്‍ അനാവരണം ചെയ്യപ്പെട്ടപ്പോഴുള്ള നടുക്കമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ ധ്വനിക്കുന്നത്.
(തുടരും)