| Monday, 17th December 2012, 3:26 pm

'അടിയന്തിരാവസ്ഥാ'പാര്‍ട്ടിയും ധൈഷണികസംവാദത്തിന്റെ കണ്ണൂര്‍ മോഡലും! ഭാഗം: രണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലെനിന്റെ പാര്‍ട്ടി, ജനങ്ങളെ നിര്‍ജീവ വസ്തുക്കളാക്കുന്നുവെന്നാണ് പ്ലെഹനോവ് വിമര്‍ശിച്ചത്. ‘ഒരു അട്ടിമറിക്കാരന്റെ മനശാസ്ത്രമാണ് തന്റെ മജ്ജവരെ ലെനിന്‍ സ്വാംശീകരിച്ചിരിക്കുന്നതെ’ന്ന് മാര്‍ട്ടോവ് പറഞ്ഞു. ലെനിന്റെ സംഘടനാതത്വങ്ങള്‍, തൊഴിലാളിവര്‍ഗത്തിനുമേലുള്ള സര്‍വാധിപത്യമായി കലാശിക്കുമെന്ന് ഗ്രോട്‌സ്‌കിയും ഭയന്നിരുന്നു


എസ്സേയ്‌സ് / ജെ. രഘു


മൂലധനവും പുനരുക്തിവാദവും

എന്റെ ലേഖനത്തിന്റെ ലക്ഷ്യം മൂലധനത്തെക്കുറിച്ചുള്ള ഒരു താത്വികാപഗ്രഥനമായിരുന്നില്ല. സി.പി.ഐഎമ്മിന്റെ അധോലോകസാമ്പത്തിക സാമ്രാജ്യത്തെക്കുറിച്ച്  ചര്‍ച്ച ചെയ്തപ്പോള്‍ മൂലധനത്തെക്കുറിച്ച് ആനുഷംഗികമായി പരാമര്‍ശിക്കുക മാത്രമാണുണ്ടായത്.

എന്റെ ലേഖനത്തിന്റെ മുഖ്യപരാമര്‍ശവിഷയം അവഗണിക്കുന്ന ഡോ. തോമസ് ഐസക്ക് ഒരു മൂലധനചര്‍ച്ചയിലേക്കാണ് വഴുതിവീണത്. മൂലധനത്തെക്കുറിച്ചുള്ള എന്റെ പ്രസ്താവന ബാലിശമെന്നു പരിഹസിക്കുന്ന തോമസ് ഐസക്ക് തന്റെ സൈദ്ധാന്തിക വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അത് എത്രത്തോളം യുക്തിഭദ്രമാണെന്നു നോക്കാം.

“മിച്ചമൂല്യം സ്വായത്തമാക്കുന്നതിനുവേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രമേ പണം മൂലധനമാകുകയുള്ളൂ. മിച്ചമൂല്യമുണ്ടാകണമെങ്കില്‍ ചരക്കുല്പാദനവ്യവസ്ഥ സാര്‍വത്രികമാകണം. അതിന്, അധ്വാനശക്തി ചരക്കായി മാറണം…. എന്നുവച്ചാല്‍ മുതലാളിത്തമുണ്ടാകണം എന്നര്‍ഥം””.

ഇതാണ് ഡോ. തോമസ് ഐസക്കിന്റെ യുക്തി. “മൂലധനമുണ്ടാകണമെങ്കില്‍ മുതലാളിത്തം രൂപംകൊള്ളണം; മുതലാളിത്തമുണ്ടാകണമെങ്കില്‍ മൂലധനം രൂപംകൊള്ളണം”. ഈ യുക്തിയെ “ചാക്രികവാദം” അഥവാ “പുനരുക്തിവാദം” (tautology) എന്നാണ് പറയുന്നത്. മൂലധനം എന്ന കൃതിയില്‍ മൂലധനത്തെക്കുറിച്ച് മാര്‍ക്‌സ് നടത്തുന്ന സുദീര്‍ഘചര്‍ച്ച തന്നെ ഈ പുനരുക്തിവാദത്തിനുദാഹരണമാണ്. ഈ പ്രശ്‌നം ഡോ. തോമസ് ഐസക്കിനു മനസിലായിട്ടുണ്ടോ എന്നറിയില്ല.[]

ഒരു വസ്തുത അഥവാ പ്രതിഭാസത്തെക്കുറിച്ചുള്ള വിവരണവും വിശദീകരണവും രണ്ടും രണ്ടാണ്. മൂലധനം എന്ന കൃതിയില്‍ വിശദീകരിക്കപ്പെടുന്ന പ്രമേയം (explanandum) മൂലധനമാണ്. അതിന്റെ വിശദീകരണഘടകങ്ങള്‍ (explanans) നിര്‍ദ്ധാരണം ചെയ്യുമ്പോഴാണ്, അത് ഒരു സൈദ്ധാന്തികവിശദീകരണമായി മാറുന്നത്. എന്തുകൊണ്ട്? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വിശദീകരണം.

ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ നാനാവശങ്ങളെ അതിദീര്‍ഘമായി വിവരിക്കുന്ന മാര്‍ക്‌സിന്, എന്തുകൊണ്ട് മുതലാളിത്തം ആവിര്‍ഭവിച്ചു എന്ന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സിമോണ്‍ വെയ്ല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

“ഉത്പാദനശക്തികള്‍ എന്തുകൊണ്ട് വികസിക്കുന്നു എന്ന് മാര്‍ക്‌സ് ഒരിക്കലും വിശദീകരിച്ചിട്ടില്ല. പ്രതിബദ്ധങ്ങളെ തരണം ചെയ്യാനുള്ള ഏതോ ഗൂഢശക്തി ഉത്പാദനശക്തികള്‍ക്കുണ്ടെന്ന് മാര്‍ക്‌സ് പരോക്ഷമായി വിശ്വസിക്കുന്നതുപോലെയാണിത്, ഫ്യൂഡല്‍ ഉത്പാദനക്രമം തകരുന്ന ചരിത്രപ്രക്രിയയാണ് പണത്തെ മൂലധനമാക്കിയതെന്ന് മാര്‍ക്‌സ് പറയുന്നു.

ഈ പ്രക്രിയ വിവരിക്കുന്ന മാര്‍ക്‌സ്, എന്തുകൊണ്ട് എന്നു വിശദീകരിക്കാന്‍ പരാജയപ്പെടുന്നു. മൂലധനം ഒന്നാം വാല്യത്തിന്റെ 14-ാം അധ്യായം നോക്കുക: “”മൂലധന സമാഹരണം മിച്ചമൂല്യത്തെ പൂര്‍വകല്പന ചെയ്യുന്നു; മിച്ചമൂല്യം മുതലാളിത്ത ഉത്പാദനത്തെ പൂര്‍വകല്പന ചെയ്യുന്നു; ചരക്കുല്പാദകരുടെ നിയന്ത്രണത്തില്‍ മൂലധനവും അധ്വാനശക്തിയും മുന്‍കൂട്ടി നിലനില്‍ക്കുന്നതുകൊണ്ടാണ് മുതലാളിത്ത ഉത്പാദനം ഉണ്ടാകുന്നത്””.

ഒരു സാമ്പത്തിക പ്രതിഭാസത്തെ, സാമ്പത്തിക സംവര്‍ഗങ്ങളിലൂടെ വിശദീകരിക്കുന്നതിന്റെ രീതിശാസ്ത്രപരമായ ന്യൂനതയാണ് ഇത്തരം പുനരുക്തി വാദത്തില്‍ പ്രകാശിതമാകുന്നത്. ഈ വിരോധാഭാസം മറികടക്കുന്നതിനുവേണ്ടിയാണ് “പ്രാഥമിക മൂലധനസമാഹരണം” എന്ന സങ്കല്പം ആവിഷ്‌കരിക്കുന്നത്.

‘വര്‍ഗവഞ്ചകന്‍’ എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന ‘റെനിഗേഡ്’ എന്ന പദം ആവിര്‍ഭവിച്ചത് 16-ാം നൂറ്റാണ്ടില്‍ സ്പാനിഷ് കാത്തോലിക്കാ ഇന്‍ക്വിസിഷന്‍ കാലത്താണ്

ഭരണകൂടത്തിന്റെ ബലപ്രയോഗവും കൊള്ളയുമാണ് പ്രാഥമിക മൂലധനസമാഹരണത്തെ സാധ്യമാക്കിയതെന്ന് മാര്‍ക്‌സ് വാദിച്ചു. “ബലപ്രയോഗം സ്വയം ഒരു സാമ്പത്തികശക്തിയാണെ”ന്ന് മാര്‍ക്‌സ് സിദ്ധാന്തിച്ചു. ഭരണകൂടത്തെ സാമ്പത്തികാടിത്തറയുടെ രാഷ്ട്രീയ പ്രതിഫലനമെന്നാണ് മാര്‍ക്‌സ് നിര്‍വചിച്ചത്.

പ്രാഥമിക മൂലധനസമാഹരണത്തെക്കുറിച്ചുള്ള മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍, പരോക്ഷമായി സമര്‍ഥിക്കുന്നത്, മുതലാളിത്തത്തിനുവേണ്ടി ബലപ്രയോഗം നടത്തുന്ന ഒരു മുതലാളിത്ത ഭരണകൂടം മുന്‍കൂട്ടി നിലനിന്നിരുന്നു എന്നാണ്. എങ്കില്‍, ഭരണകൂടം സാമ്പത്തികാടിത്തറയുടെ പ്രതിഫലനമല്ലെന്നും അതിന് സ്വതന്ത്രമായ അസ്തിത്വമുണ്ടെന്നും മാര്‍ക്‌സിസ്റ്റുകള്‍ക്ക് അംഗീകരിക്കേണ്ടിവരില്ലേ?.

സാമ്പത്തികസംവര്‍ഗങ്ങളിലൂടെ സാമ്പത്തിക പ്രക്രിയയെ വിശദീകരിക്കുന്ന രീതിശാസ്ത്രത്തെ മാക്‌സ് വെബറും റിച്ചാര്‍ഡ് ടോണിയും മാത്രമല്ല, വെര്‍ണര്‍ സോംബാര്‍ട്ടും ഷുംപീറ്ററും കാള്‍ പൊളാനിയും ലുയിമംഫോര്‍ഡും ഹെന്റിപിയരെനെയും എറിക് ഫോയെജലിനും ഫെര്‍ണാന്‍ഡ് ബ്രോദലും ഷോങ് ബെയ്കലറും ഉള്‍പ്പെടെ അനേകം ചിന്തകര്‍ വിമര്‍ശനവിധേയമാക്കുകയും കൂടുതല്‍ ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

മുതലാളിത്തത്തിന്റെ സാമ്പത്തികചരിത്രവിജ്ഞാനീയത്തില്‍, ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രമേയം 17-ാം നൂറ്റാണ്ടിലെ “ശാസ്ത്രീയവിപ്ലവ”മാണ്. ന്യൂട്ടോണിയന്‍ മെക്കാനിക്‌സിന്റെ വെളിച്ചത്തില്‍ രചിക്കപ്പെട്ട എന്‍ജിനീയറിങ് മാന്വലുകള്‍ വ്യവസായവിപ്ലവത്തില്‍ വഹിച്ച പങ്ക് സമീപകാല ഗവേഷണവിഷയമാണ്.

ആവിയന്ത്രത്തിന്റെ ഉപജ്ഞാതാക്കളായ ന്യൂക്കോമനും ജെയിംസ് വാട്ടും എന്‍ജിനീയര്‍മാരായിരുന്നല്ലോ. “മുതലാളിത്തം അടിസ്ഥാനപരമായി ഒരു സാമ്പത്തികക്രമമാണെ”ന്ന പ്രമാണത്തിലുള്ള “അന്ധവിശ്വാസ”ത്തെ പുതിയ ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും സ്പര്‍ശിക്കാനാവില്ലെന്നുമാത്രമേ ഡോ. തോമസ് ഐസക്കിന്റെ മൂലധന ചര്‍ച്ച തെളിയിക്കുന്നുള്ളൂ.

ഇന്‍ക്വിസിഷനും കുലംകുത്തിയും

“വര്‍ഗവഞ്ചകന്‍” എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന “റെനിഗേഡ്” എന്ന പദം ആവിര്‍ഭവിച്ചത് 16-ാം നൂറ്റാണ്ടില്‍ സ്പാനിഷ് കാത്തോലിക്കാ ഇന്‍ക്വിസിഷന്‍ കാലത്താണ്. “സഭാവിശ്വാസ”ത്തില്‍നിന്നു വിട്ടുപോകുന്നവരെയും വിശ്വാസത്തെ വിമര്‍ശിക്കുന്നവരെയും അസ്പൃശ്യരാക്കി അടിച്ചമര്‍ത്തുന്നതിനുവേണ്ടി പൗരോഹിത്യത്തിന്റെ ഇന്‍ക്വിസിറ്റോറിയല്‍ മനസ്സ് രൂപംനല്കിയ സംജ്ഞയാണിത്.

ഒരാളെ സഭാവിശ്വാസത്തിന്റെ ശത്രുവായി മുദ്രയടിച്ചാല്‍, അയാളെ മതദ്രോഹവിചാരണയ്ക്കു വിധേയമാക്കുന്നതും കൊല്ലുന്നതും സാധൂകരിക്കപ്പെടുന്നു. സഭാവിശ്വാസത്തില്‍നിന്നു വിട്ടുപോകുന്നവരും വിമര്‍ശകരും വഞ്ചകരും ശത്രുക്കളുമാകുന്നത് എന്തുകൊണ്ടാണ്? “സഭ”യെ ആത്യന്തികസത്യമായിക്കാണുകയും സഭയല്ലാതെ മറ്റൊരു സത്യവും സാധ്യമല്ല എന്ന് വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് സഭയോടുള്ള വിയോജിപ്പ് “അസത്യ”വും അതിനാല്‍ “തിന്മ”യുമായി വ്യാഖ്യാനിക്കപ്പെടുന്നത്.

ഏകസത്യത്തില്‍നിന്നുള്ള വ്യതിയാനം ദൈവത്തില്‍ നിന്നുള്ള വ്യതിയാനമാണ്. ദൈവത്തില്‍ നിന്നു വ്യതിചലിക്കുന്നവര്‍ സ്വാഭാവികമായും ചെകുത്താനുമായി കൂട്ടുകൂടുന്നു. സഭയുടെ പരമശത്രുവായ ചെകുത്താനെതിരായ നിതാന്തയുദ്ധമാണ് സഭയെ നിലനിര്‍ത്തുന്നത്!

ഒരിക്കല്‍ വിശ്വാസിയായാല്‍ ജീവിതകാലമത്രയും ആ വിശ്വാസത്തെ അനുസരണയോടെ പിന്തുടര്‍ന്നുകൊള്ളണമെന്ന കാത്തോലിക്കാസഭയുടെ ഇന്‍ക്വിസിറ്റോറിയല്‍ മനസ്സാണ് റെനിഗേഡ് എന്ന ആക്ഷേപമുദ്രയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സി.പി.ഐ.എം. വിട്ടുപോകുന്നവരെ റെനിഗേഡ് എന്നും കുലംകുത്തികളെന്നും ആക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇതേ മനസ്സിന്റെ സാന്നിധ്യമാണ്. കേരളത്തിലെ സി.പി.ഐ.എം. രാഷ്ട്രീയസത്യത്തിന്റെ ഏകസ്രോതസ്സാണെന്നു വിശ്വസിക്കുന്നതുകൊണ്ടാണ്, പാര്‍ട്ടി വിടുന്നവര്‍ ശത്രുവായി മാറുന്നത്.

ഈ ശത്രുമുദ്രയ്ക്കുപിന്നില്‍ കാത്തോലിക്കാ ഇന്‍ക്വിസിറ്റോറിയല്‍ മനസ്സിനുപുറമേ, അതിപ്രാകൃതമായ കുല-ഗോത്രബോധം കൂടി അന്തര്‍ഭവിച്ചിരിക്കുന്നു. ഒരു കുല-ഗോത്രത്തിലുള്ളവര്‍ പരസ്പരം മിത്രങ്ങളും പുറത്തുള്ളവര്‍ അന്യരും ശത്രുക്കളുമാണ്.

കുലഗോത്രമനസ്സിന് അങ്ങനെ മാത്രമെ ചിന്തിക്കാനാവൂ. കാരണം, കുല-ഗോത്രത്തിന്റെ ലോകം വളരെ ചെറുതാണ്. ഇന്‍ക്വിസിറ്റോറിയന്‍ മനസ്സും കുല-ഗോത്രസങ്കുചിതത്വവും സമന്വയിക്കുന്ന സി.പി.ഐ.എമ്മിന്റെ മനശാസ്ത്രം അതിനാല്‍ കൂടുതല്‍ അപകടകരമാണ്.

ഒരു ജനാധിപത്യഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന പൗരനെ താത്വികമായി ശത്രുവെന്ന് മുദ്രകുത്താറില്ല. കാരണം, ജനാധിപത്യഭരണഘടനകള്‍ പൗരര്‍ക്ക് തുല്യമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നു. ഭിന്നാഭിപ്രായങ്ങള്‍ തമ്മിലുള്ള പരസ്യസംവാദങ്ങളാണ്, ജനാധിപത്യപരമായ തീരുമാനങ്ങളെ സാധ്യമാക്കുന്നത്.

ഓരോ പൗരനും ഭിന്നമായ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനകള്‍ ഉറപ്പുനല്കുന്നുണ്ട്. ആശയപരമായ ഈ അനേകത ഒരു ജനാധിപത്യരാജ്യത്തിന് അപകടകരമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല.

ഇതിനൊരപവാദം, ജനാധിപത്യരാജ്യങ്ങളിലെ “രാജ്യദ്രോഹ”നിയമമാണ്. “തെമ്മാടിയുടെ അവസാനത്തെ അഭയ”മെന്നു ബര്‍ണാഡ് ഷാ വിശേഷിപ്പിച്ച “രാജ്യസ്‌നേഹം” എങ്ങനെ ജനാധിപത്യത്തിന് ഭീഷണിയാകുന്നു എന്നതിന്റെ തെളിവാണിത്.

പൗരര്‍ അവരവരുടെ ജീവിത-പ്രവൃത്തി മണ്ഡലങ്ങളില്‍ സ്വാഭിപ്രായം രഹസ്യമായി പറയുകയും പരസ്യവേദികളില്‍ രാജ്യത്തിന്റെ അഥവാ ഗവണ്‍മെന്റിന്റെ ഔദ്യോഗികാഭിപ്രായം ഉയര്‍ത്തിപ്പിടുക്കുകയും ചെയ്യണമെന്ന സ്ഥിതിവിശേഷം എത്ര ഭയാനകമായിരിക്കും!

ഇന്‍ക്വിസിറ്റോറിയന്‍ മനസ്സും കുല-ഗോത്രസങ്കുചിതത്വവും സമന്വയിക്കുന്ന സി.പി.ഐ.എമ്മിന്റെ മനശാസ്ത്രം അതിനാല്‍ കൂടുതല്‍ അപകടകരമാണ്

ഇന്ത്യയിലെ അടിയന്തിരാവസ്ഥ ഇതിനു സമാനമായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് പക്ഷെ, ജനാധിപത്യത്തിന്റെ സമ്മര്‍ദങ്ങളെ ദീര്‍ഘകാലം അതിജീവിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ സി.പി.ഐ.എം. എന്ന പാര്‍ട്ടി ജനാധിപത്യത്തിന്റെ സമ്മര്‍ദത്തെ എന്നന്നേക്കുമായി അതിജീവിക്കുകയും ശാശ്വതമായ അടിയന്തിരാവസ്ഥയെ സ്ഥാപനവത്കരിക്കുകയും ചെയ്ത ഒരു പാര്‍ട്ടിയാണ്. അതിനാല്‍ സി.പി.ഐഎമ്മിനെ ഒരു “അടിയന്തിരാവസ്ഥപാര്‍ട്ടി”യെന്ന് നിര്‍വചിക്കാം.

ടി.പി. ചന്ദ്രശേഖരന്‍മാരില്ലാതെ ഒരു അടിയന്തിരാവസ്ഥാപാര്‍ട്ടിയ്ക്ക് നിലനില്ക്കാനാവില്ല. “നാവടക്കൂ, പണിയെടുക്കൂ” എന്ന ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് സി.പി.ഐ.എം. ഉയര്‍ത്തുന്നത്, “നാവടക്കൂ, പാര്‍ട്ടിയെ സേവിക്കൂ” എന്നാണ്.

ശാശ്വതമായ അടിയന്തിരാവസ്ഥയില്‍ ജീവിക്കുന്ന ഒരു സി.പി.ഐ.എംകാരന് അതിനാല്‍, ജനാധിപത്യത്തിന്റെ ബഹുസ്വരതയെ, ആശയങ്ങളുടെ അനേകതയെ, പരസ്യമായ അഭിപ്രായ പ്രകടനസ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ പോലുമുള്ള ഭാവുകത്വമുണ്ടാവില്ല.

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, ഒരു അടിയന്തിരാവസ്ഥാ പാര്‍ട്ടിയായ സി.പി.ഐ.എം. അതിന്റെ അംഗങ്ങളെയും നേതാക്കളെയും “ധൈഷണികമായ വരിയുടയ്ക്ക”ലി(intellectual castration)നു വിധേയമാക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഡോ. തോമസ് ഐസക്കിന് പാര്‍ട്ടി നോട്ടീസുകളിലെ ചിരപുരാതന പദാവലികളും പ്രയോഗങ്ങളും മുറപോലെ ഉദ്ധരിക്കാനാല്ലാതെ, സ്വന്തം മസ്തിഷ്‌കത്തിന്റെ സാധ്യതകളെ ഉപയോഗിക്കാനാവില്ല. ധൈഷണികസംവാദങ്ങളില്‍ പാര്‍ട്ടി നോട്ടീസുകള്‍ ഉദ്ധരിക്കുന്നത് അനുകമ്പാര്‍ഹമാണെങ്കിലും, അത് കേള്‍ക്കുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഓക്കാനം വരുത്തുമെന്ന് ഡോ. തോമസ് ഐസക്ക് മനസ്സിലാക്കിയിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു.
അടുത്തപേജില്‍ തുടരുന്നു

സ്വയം വരിച്ച അടിമത്തം

“പാര്‍ട്ടിയില്‍ ചേരുന്ന ഞങ്ങള്‍ സ്വയം അംഗീകരിക്കുന്ന സംഘടനാ തത്വം ഉപേക്ഷിക്കണമെന്നു ശഠിക്കുന്നവരല്ലേ ജനാധിപത്യനിഷേധികള്‍” എന്നു ചോദിച്ചുകൊണ്ടാണ് ഡോ. തോമസ് ഐസക്ക് ലെനിനിസ്റ്റു സംഘടനാതത്വങ്ങളെ ന്യായീകരിക്കുന്നത്. “ഈ സംഘടനാതത്വം അംഗീകരിക്കാത്തവരെ പാര്‍ട്ടിയില്‍ ചേരാന്‍ ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ! എന്നും അദ്ദേഹം പ്രസ്താവിക്കുന്നു.

“എന്റെ അടിമത്തം ഞാന്‍ സ്വയം പേറുന്ന നുകമാണ്. ആരും ബലാല്‍ക്കാരമായി എന്റെ കഴുത്തില്‍ കെട്ടിയതല്ല” എന്നു പറയുന്ന ആത്മബോധശൂന്യനായ അടിമയേയാണ് ഈ പ്രസ്താവന ഓര്‍മിപ്പിക്കുന്നത്. അടിമത്തം അടിച്ചേല്‍പിക്കപ്പെട്ടതാണ് എന്നു ചിന്തിക്കാന്‍ കഴിയണമെങ്കില്‍, മിനിമം സ്വാതന്ത്ര്യബോധമെങ്കിലുമുണ്ടാകണം.[]

അതില്ലാത്ത അടിമകള്‍ക്ക് അടിമത്തത്തില്‍ ആനന്ദിക്കാന്‍ മാത്രമേ കഴിയൂ. അതുപോലെ, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യ-ഭാവുകത്വങ്ങളില്ലാത്തവര്‍ക്ക്, ജനാധിപത്യകേന്ദ്രീകരണമെന്ന ലെനിനിസ്റ്റു സംഘടനാതത്വം അനുഭവപ്പെടുന്നത് നുകമായിട്ടല്ല, പൂമാലയായിട്ടാണ്.

ജനാധിപത്യകേന്ദ്രീകരണത്തെ സ്വയംവരിച്ച ഡോ. തോമസ് ഐസക്കില്‍ ഞാന്‍ കാണുന്നത് വാസ്തവത്തില്‍, സ്വാതന്ത്ര്യത്തിന്റെ ആത്മബോധസ്പര്‍ശമനുഭവിച്ചിട്ടില്ലാത്ത പാവം അടിമയുടെ “ദയനീയത”യെയാണ്.

എന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതിന് ഡോ. തോമസ് ഐസക്ക് മുഖ്യമായി ആശ്രയിക്കുന്നത് പാര്‍ട്ടി പ്രമേയങ്ങളാണ്. പാര്‍ട്ടി കോണ്ടഗ്രസുകളില്‍ മുറപോലെ തയ്യാറാക്കുന്ന, യാതൊരു സൈദ്ധാന്തികമൂല്യവുമില്ലാത്ത ഇത്തരം പാര്‍ട്ടി നോട്ടീസുകള്‍ ഉദ്ധരിച്ചുകൊണ്ടു നടത്തുന്ന ധൈഷണികസംവാദം അപഹാസ്യമാണ്.

“തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്” എന്നതുപോലെ, തന്റെ പാര്‍ട്ടി നോട്ടീസുകള്‍ മൗലിക സൈദ്ധാന്തിക രേഖകളാണ് എന്നു വിശ്വസിക്കാനുള്ള നിര്‍ദോഷസ്വാതന്ത്ര്യം തോമസ് ഐസക്കിനുണ്ട്. എന്നാല്‍, ഈ നോട്ടീസുകള്‍ക്ക് താന്‍ ആഗ്രഹിക്കുന്ന സൈദ്ധാന്തിക പ്രതീതി സൃഷ്ടിക്കാനാവില്ല എന്ന് അദ്ദേഹം അറിയേണ്ടതാണ്.

“ചര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ ജനാധിപത്യവും പ്രയോഗത്തില്‍ കേന്ദ്രീകരണവും മാറിമാറി മുന്‍പന്തിയിലേക്ക് വരുന്ന ഡയലക്ടിസ് രഘുവിന് മനസിലാകില്ല. കാരണം അദ്ദേഹത്തിന്റെ ചിന്ത കേവലമാണെ”ന്ന് ഡോ. തോമസ് ഐസക്ക് പറയുന്നു. കേവലചിന്തയ്ക്കു പിടികിട്ടാത്ത ഈ “അത്ഭുത ഡയലക്ടിസ്” എന്താണെന്ന്, പക്ഷെ, വിശദീകരിക്കുന്നില്ല.

വിപ്ലവത്തിന്റെ ആത്യന്തിക- ലക്ഷ്യത്തിനുവേണ്ടി ഹിംസയേയും ഭീകരവാദത്തെയും ഈ കൃതി ന്യായീകരിക്കുന്നു

ഹെഗലിന്റെ ഡയലക്ടിസിനെ ഇത്ര ലളിതമായാണോ തോമസ് ഐസക്ക് മനസ്സിലാക്കിയിരിക്കുന്നത്? തോമസ് ഐസക്ക് അഭിമാനം കൊള്ളുന്ന, കമ്മിറ്റികളിലെ അഭിപ്രായസ്വാതന്ത്ര്യം, പാര്‍ട്ടിയോടുള്ള സമ്പൂര്‍ണ വിധേയത്വത്തിന് നല്‍കുന്ന പ്രതിഫലം മാത്രമാണ്.

കമ്മിറ്റിയുടെ സ്വകാര്യതയില്‍, ഒരു അംഗത്തിന് സ്വയം പ്രകാശിപ്പിക്കാം. എന്നാല്‍ രാഷ്ട്രീയജീവിതത്തിന്റെ പൊതു-പരസ്യമണ്ഡലങ്ങളില്‍ അയാള്‍ക്കു സ്വയം പ്രകാശിപ്പിക്കാനാവില്ല. ഭൂരിപക്ഷാഭിപ്രായത്തെ പ്രകാശിപ്പിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്.

സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഇതപര്യന്തമുള്ള ചിന്തകര്‍ ആവിഷ്‌കരിച്ച തത്വങ്ങള്‍ക്കെല്ലാം വിപരീതവും വികലവുമായ സ്വാതന്ത്ര്യസങ്കല്പമാണിത്. അടിമയുടെ “സ്വാതന്ത്ര്യ”ത്തെക്കുറിച്ച് തോമസ് ഹോബ്‌സ് പറഞ്ഞ പ്രസിദ്ധമായ വരികള്‍ നോക്കുക: “വിജയിക്ക്/യജമാനന് വിധേയമായി ജീവിക്കുമെന്ന ഉപാധിയിന്‍മേലാണ് അടിമയ്ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്കിയിരിക്കുന്നത്… തന്റെ മേല്‍നോട്ടക്കാരനും രക്ഷിതാവുമായ യജമാനന് വിധേയനായിരിക്കുകയല്ലാതെ, അടിമയ്ക്ക് മറ്റു മാര്‍ഗങ്ങളില്ല.” മേല്‍നോട്ടക്കാരനും രക്ഷിതാവുമായ പാര്‍ട്ടിയ്ക്ക് വിധേയമായിരിക്കുന്നിടത്തോളം മാത്രമാണ് കമ്മിറ്റികളിലെ അഭിപ്രായസ്വാതന്ത്ര്യം!

“ഷെയ്ക്‌സ്പിയറെ കല്ലെറിഞ്ഞു കൊല്ലുന്ന” സംഘടനാതത്വം

1902-ല്‍ പ്രസിദ്ധീകരിച്ച “എന്തുചെയ്യണം?” (what is to be done?) എന്ന കൃതിയിലാണ് ലെനിന്‍ തന്റെ ബോള്‍ഷെവിക് സംഘടനാതത്വങ്ങള്‍ ആവിഷ്‌കരിച്ചത്. സംഘടനാതത്വങ്ങളുടെ രൂപീകരണത്തില്‍ ലെനിനെ ഏറ്റവുമധികം സ്വാധീനിച്ചത് നിക്കോളായ് ചെര്‍ണിഷെവ്‌സ്‌കിയായിരുന്നു.

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ റഷ്യയിലാവിര്‍ഭവിച്ച അനാര്‍ക്കിസ്റ്റ്-വിപ്ലവപ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ചെര്‍ണിഷെവ്‌സ്‌കി 1863-ല്‍ “എന്തുചെയ്യണം” (what is to be done? Tale of a New people) എന്നപേരില്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ചിരുന്നു.

പുതിയ റഷ്യന്‍ ബുദ്ധിജീവിവിഭാഗങ്ങളിലെ രണ്ടുതലമുറകള്‍ തമ്മിലുള്ള  മൂല്യസംഘര്‍ഷങ്ങളെ പശ്ചാത്തലമാക്കി, യുവതലമുറയുടെ ഹിംസാത്മകരാഷ്ട്രീയത്തെ പരിഹസിക്കുന്ന ടര്‍ജനേവിന്റെ “ഫാദേഴ്‌സ് ആന്‍ഡ് സണ്‍സ് ” എന്ന നോവലിനെ വിമര്‍ശിക്കാനാണ് “എന്തുചെയ്യണ”മെന്ന നോവല്‍ രചിച്ചത്.

വിപ്ലവത്തിന്റെ ആത്യന്തികലക്ഷ്യത്തിനുവേണ്ടി ഹിംസയേയും ഭീകരവാദത്തെയും ഈ കൃതി ന്യായീകരിക്കുന്നു. യുവവിപ്ലവകാരികള്‍ ചെര്‍ണിഷെവ്‌സികിയുടെ നോവലിനെ “വിപ്ലവത്തിന്റെ ബൈബിള്‍” ആയിട്ടാണ് ആരാധിച്ചത്.

ഈ ബൈബിള്‍ വായിച്ച് ആവേശഭരിതരായ യുവാക്കളുടെ നേതാവായ നിക്കോളായ് ഇഷൂത്തിന്‍ 1865-ല്‍ മോസ്‌കോയില്‍ സ്ഥാപിച്ച രഹസ്യസംഘടനയുടെ പേര് “നരകം” (hell) എന്നായിരുന്നു.

സി.പി.ഐഎമ്മിന്റെ, സംഘടനാവംശാവലി ആരംഭിക്കുന്നത് ഈ “നരക”ത്തില്‍ നിന്നാണ്. നരകം മാതൃകയാക്കിയത് മധ്യകാല ജെസ്യൂട്ട് മൊണാസ്റ്ററിയുടെ കര്‍ശനമായ അച്ചടക്കത്തെയാണ്. നരകത്തിലെ അംഗങ്ങള്‍ കള്ളപ്പേരുകള്‍ ഉപയോഗിക്കുകയും വീടുപേക്ഷിച്ച് മുഴുസമയ വിപ്ലവകാരികളാവുകയും ചെയ്യണമെന്നായിരുന്നു ചട്ടം.

ഒരു “യുദ്ധയന്ത്ര”ത്തെപ്പോലെ സംഘടിക്കപ്പെട്ട നരകത്തിന്റെ പ്രമാണങ്ങള്‍ ചെര്‍ണിഷെവ്‌സികിയുടെ “എന്തുചെയ്യണ”മെന്ന നോവലും സെര്‍ജി നെചെയ്‌വിന്റെ “കാറ്റക്കിസം ഒഫ് ദ് റെവല്യൂഷണറി”യുമായിരുന്നു. യൂറോപ്പിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ “വിപ്ലവമനോരോഗി”യെന്നു വിലയിരുത്തിയ നാചെയ്‌വ്, പക്ഷെ, ലെനിന്റെ ആദര്‍ശമാതൃകയായിരുന്നു.
അടുത്തപേജില്‍ തുടരുന്നു

നവലോകത്തിനുവേണ്ടിയുള്ള പൈശാചിക തൃഷ്ണയുടെ മൂര്‍ത്തീരൂപമായിട്ടാണ് നാചെയ്‌വിനെ ഡോസ്‌ടോവ്‌സ്‌കി, കരമസോവ് സഹോദരന്മാരില്‍ ചിത്രീകരിക്കുന്നത്.

ഡോസ്‌ടോവ്‌സ്‌കിയുടെ ദ് ഡെമണ്‍ എന്ന കൃതിയിലെ ഷിഗാലെവ്, നാചെയ്‌വിനെയാണ് ആവിഷ്‌കരിക്കുന്നത്. “കേവല സ്വാതന്ത്ര്യത്തിലാരംഭിക്കുന്ന ഷിഗാലെവ്, കേവല സ്വേഛാധിപത്യത്തി ലവസാനിക്കുന്നു”വെന്ന് ഡോസ്‌ടോവ്‌സ്‌ക്കി നിരീക്ഷിക്കുന്നു.

മനുഷ്യരാശിയെ പത്തിലൊന്നും പത്തിലൊമ്പതുമെന്ന രണ്ട് അസമഗ്രൂപ്പുകളായി വിഭജിക്കുകയെന്നതാണ്് ഷിഗാലെവിന്റെ അന്തിമപരിഹാരം. സ്വതത്രരായ പത്തിലൊരു വിഭാഗത്തിന് എല്ലാ അവകാശങ്ങളുമുണ്ട്. പത്തിലൊമ്പതും വ്യക്തിത്വമില്ലാത്ത ആട്ടിന്‍പറ്റമാണ്.

അന്ധമായ അനുസരണയിലൂടെയും അച്ചടക്കത്തിലൂടെയും ഇവരെ നവീകരിക്കുകയും പ്രാചീനമായ പറുദീസയിലെത്തിക്കുകയും ചെയ്യുകയെന്നതാണ് ഷിഗലെവിന്റെ ലക്ഷ്യം. ഈ പ്രാചീന പറുദീസയില്‍ ഓരോ വ്യക്തിയും അപരനെ നിരീക്ഷിക്കുകയും അധികൃതര്‍ക്കു റിപ്പോര്‍ട്ടു നല്കുകയും വേണം. എല്ലാവരും അന്യോന്യസ്വത്തുക്കളാണ്. എല്ലാവരും അടിമകളും അടിമത്തത്തില്‍ തുല്യരുമാണ്….

പറുദീസയിലെ ഉന്നതസ്ഥാനങ്ങള്‍ കഴിവുള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. എന്നാല്‍ അസാധാരണ പ്രതിഭാശാലികളെ പറുദീസയ്ക്ക് ആവശ്യമില്ല. അവര്‍ മറ്റുള്ളവരെ വഴിതെറ്റിക്കും. അതിനാല്‍ അവരെ നാടുകടത്തുകയോ അടിച്ചമര്‍ത്തുകയോ ചെയ്യും.

സിസറോയുടെ നാവരിയും, കോപ്പര്‍നിക്കസിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും, ഷെയ്ക്‌സ്പിയറെ കല്ലെറിഞ്ഞുകൊല്ലം….” ഇതാണ് ഡോസ്‌ടോവ്‌സ്‌കി ചിത്രീകരിക്കുന്ന പറുദീസയുടെ ഭരണഘടന. ഇത്തരമൊരു പറുദീസയാണ് റഷ്യന്‍ വിപ്ലവകാരികള്‍ സ്വപ്നം കാണുന്നതെന്ന് ഡോസ്‌ടോവ്‌സ്‌കി ദീര്‍ഘദര്‍ശനം ചെയ്തിരുന്നു.

മുന്‍സോഷ്യലിസ്റ്റു രാജ്യങ്ങളുടെ സമഗ്രാധിപത്യചരിത്രം ഡോസ്‌ടോവ്‌സ്‌കിയുടെ ദീര്‍ഘദര്‍ശനത്തെ സാധൂകരിക്കുന്നു. “നോട്ട്‌സ് ഫ്രം അണ്ടര്‍ഗ്രൗണ്ടി”ലും “കുറ്റവും ശിക്ഷ”യിലും ഡോസ്‌ടോവ്‌സ്‌കി ചെര്‍ണിഷെവ്‌സ്‌കിയുടെ വിപ്ലവഹിംസയെ പരിഹസിക്കുന്നുണ്ട്.[]

ഡോ. തോമസ് ഐസക്കിന്റെ പാര്‍ട്ടിയും “ജനാധിപത്യത്തിന്റെ പരിമിതികള്‍”ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ഇത്തരമൊരു പറുദീസയെയാണ് വിഭാവന ചെയ്യുന്നത്. ടി.പി. ചന്ദ്രശേഖരന്‍മാരെ 51 വെട്ടുകള്‍വെട്ടി കൊലപ്പെടുത്തുമെന്നതായിരിക്കും ആ പറുദീസയുടെ ഭരണഘടനയിലെ ആദ്യത്തെ നിയമം.

ചെര്‍ണിഷെവ്‌സ്‌കിയെ വിമര്‍ശിക്കുന്നതിനുവേണ്ടി ടോള്‍സ്റ്റോയ് 1906-ല്‍ “എന്തുചെയ്യണം” എന്ന പേരില്‍തന്നെ ഒരു കൃതി രചിക്കുകയുണ്ടായി. ലെനിന്‍ ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയത്തെ “വിപ്ലവബാധയുടെ ആത്മീയരോഗ”മെന്നാണ് ടോള്‍സ്റ്റോയ് വിശേഷിപ്പിച്ചത്.

ഫാഷനബിള്‍ ആയ ആശയങ്ങള്‍ക്കുപിന്നാലെ പോകുന്ന വഷളന്മാരും ബുദ്ധികെട്ടവരുമാണെന്നാണ്, ചെര്‍ണിഷെവ്‌സ്‌കിയുടെ ആദര്‍ശവിപ്ലവാകാരികളെ ടോള്‍സ്റ്റോയി ആക്ഷേപിച്ചത്. ചെര്‍ണിഷെവ്‌സ്‌കിയുടെ ഹിംസാത്മകരാഷ്ട്രീയത്തോടുള്ള ഭ്രമമാണ്, സംഘടനാതത്വങ്ങള്‍ സിദ്ധാന്തീകരിക്കുന്ന തന്റെ കൃതിയ്ക്ക് “എന്തുചെയ്യണം” എന്ന പേരിടാന്‍ ലെനിനെ പ്രേരിപ്പിച്ചത്.

ഈ കൃതിയിലൂടെ ലെനിന്‍ സിദ്ധാന്തീകരിച്ച സംഘടനാ സമ്പ്രദായത്തിന്റെ ഭീകരവാദപരവും ജനാധിപത്യവിരുദ്ധവുമായ അന്തര്‍ധാരകളെക്കുറിച്ച് ടോള്‍സ്റ്റോയിയും ഡോസ്‌ടോവ്‌സ്‌കിയും നടത്തിയ ദീര്‍ഘദര്‍ശനങ്ങള്‍, പാര്‍ട്ടി നോട്ടീസുകളെ ഉപജീവിക്കുന്ന ധൈഷണികതയുടെ തരംഗദൈര്‍ഘ്യത്തിന് എത്രയോ അകലെയാണ്.

ലെനിനിസ്റ്റുസംഘടനാതത്വങ്ങളെ ഗൃഹാതുരതയോടെ ആശ്ലേഷിക്കുന്ന ഡോ. തോമസ് ഐസക്കിന്റെ സ്വാതന്ത്ര്യസങ്കല്പത്തെ, ടോള്‍സ്റ്റോയിയുടെ ഒരുകല്പന ഉപയോഗിക്കുകയാണെങ്കില്‍, “ആത്മീയരോഗ”മെന്നു മാത്രമെ വിശേഷിപ്പിക്കാനാവൂ. ഈ രോഗത്തിന്, മാര്‍ക്‌സിസത്തില്‍ ചികിത്സയില്ല!

അട്ടിമറിയുടെ സംഘടനാരൂപം

ലിഖിതഭരണഘടനയ്ക്കു വിധേയമായ രാഷ്ട്രീയ ക്രമത്തില്‍ അധികാരപ്രയോഗം ചില അടിസ്ഥാന തത്വങ്ങളുടെ നിയന്ത്രണത്തിനു വിധേയമാണ്. വ്യക്തിയുടെ മൗലികാവകാശതത്വങ്ങള്‍ക്കു വിധേയമായി മാത്രമേ ഇന്ത്യയില്‍ ഭരണകൂടത്തിനു അധികാരപ്രയോഗം നടത്താനാവൂ. അതു ലംഘിക്കപ്പെടുമ്പോള്‍ അടിയന്തിരാവസ്ഥയിലേക്കും ഫാസിസത്തിലേക്കുമായിരിക്കും നയിക്കുക. ലെനിനിസ്റ്റുപാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിതമായി നിലനിര്‍ത്തുന്ന ആത്യന്തികതത്വങ്ങള്‍ ഏതാണ്?

എന്നാല്‍, ലെനിനിസ്റ്റു പാര്‍ട്ടിയെന്ന “ആയുധ”ത്തെ ആത്യന്തികമായി നിര്‍ണയിക്കുന്നത് ആയുധധാരിയാണ്. ഇതര ആയുധധാരികള്‍- ക്കെതിരെയോ നിരായുധര്‍ക്കെതിരെയോ പ്രയോഗിക്കാനുള്ളതാണ് ആയുധം

ലെനിനിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സാര്‍വലൗകിക നിയാമകതത്വങ്ങള്‍ വിഭാവന ചെയ്യപ്പെട്ടിട്ടുണ്ടോ? നിലവിലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനും തൊഴിലാളിവര്‍ഗസര്‍വാധിപത്യം സ്ഥാപിക്കുന്നതിനുമുള്ള ഒരു “സൈനികായുധം” എന്ന നിലയിലാണ് “എന്തുചെയ്യണം?” എന്ന കൃതിയില്‍ ലെനിന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ വിഭാവന ചെയ്തിട്ടുള്ളത്.

ലെനിന്റെ സംഘടന ഒരു ആയുധമാണെന്ന വസ്തുത എടുത്തുപറയേണ്ടതാണ്. തുറന്ന ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും രൂപപ്പെടുന്നതും പരിവര്‍ത്തനക്ഷമവുമായ പ്രക്രിയകളായിട്ടാണ് ജനാധിപത്യ ഭരണഘടനകള്‍ രാഷ്ട്രീയത്തെയും ഭരണകൂടസ്ഥാപനങ്ങളെയും വിഭാവന ചെയ്യുന്നത്.

അതുകൊണ്ടാണ് നിയാമകതത്വങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും അധികാരം നിയന്ത്രിതമാവുന്നതും. എന്നാല്‍ ആയുധത്തിന്റെ കാര്യം അങ്ങനെയല്ല. സാര്‍വലൗകികമായ നിയാമകതത്വങ്ങള്‍ക്കു വിധേയമായിട്ടായിരിക്കില്ല ആയുധം പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷങ്ങള്‍ക്കു ഇഷ്ടംപോലെ ദുരുപയോഗം ചെയ്യാനാവില്ല, നിയാമകതത്വങ്ങളെ.

എന്നാല്‍, ലെനിനിസ്റ്റു പാര്‍ട്ടിയെന്ന “ആയുധ”ത്തെ ആത്യന്തികമായി നിര്‍ണയിക്കുന്നത് ആയുധധാരിയാണ്. ഇതര ആയുധധാരികള്‍ക്കെതിരെയോ നിരായുധര്‍ക്കെതിരെയോ പ്രയോഗിക്കാനുള്ളതാണ് ആയുധം. ആയുധധാരിയുടെ ആത്മനിഷ്ഠമായ ഇച്ഛയും താത്പര്യവുമാണ് ആയുധപ്രയോഗത്തെ നിര്‍ണയിക്കുന്നത്. ആയുധപ്രയോഗം നിയന്ത്രിതമല്ല, നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.
അടുത്തപേജില്‍ തുടരുന്നു

“അധികാരത്തിനു വേണ്ടിയുള്ള യുദ്ധത്തില്‍, സംഘടനയല്ലാതെ തൊഴിലാളിവര്‍ഗത്തിന് മറ്റൊരായുധവുമില്ലെ”ന്നാണ് ലെനിന്‍ സിദ്ധാന്തിച്ചത്. “ഇടതുകമ്യൂണിസം: ഒരു ബാരാരിഷ്ടത”യില്‍ ട്രേഡ് യൂണിയനുകളില്‍ നുഴഞ്ഞുകയറുന്നതിനും കൈപ്പിടിയിലൊതുക്കുന്നതിനും നിയമവിരുദ്ധവും വിധ്വംസകവുമായ ഏതുമാര്‍ഗവും സ്വീകരിക്കാമെന്നും ലെനിന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭരണകൂടനിയന്ത്രണം പിടിച്ചെടുക്കുകയും തൊഴിലാളിവര്‍ഗസര്‍വാധിപത്യം സ്ഥാപിക്കുകയുമാണ് ആയുധധാരിയായ ഓരോ പാര്‍ട്ടി അംഗത്തിന്റെയും ലക്ഷ്യവും ഇച്ഛയുമെന്ന് ലെനിന്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍, ജനാധിപത്യേതരവും സൈനികവും സര്‍വാധിപത്യപരവുമായ ലക്ഷ്യങ്ങളാണ് ലെനിനിസ്റ്റു പാര്‍ട്ടിയെ നയിക്കുന്നത്.[]

വസ്തുനിഷ്ഠവും സാര്‍വലൗകികവുമായ നിയാമകതത്വങ്ങളുടെ അഭാവത്തില്‍, ഇത്തരമൊരു സംഘടനയ്ക്കു ഗൂഡാലോചനക്കാരുടെ ഒരു അട്ടിമറിസംഘമായി മാറാനേ കഴിയൂ? ജനാധിപത്യകേന്ദ്രീകരണമെന്ന ലെനിനിസ്റ്റു സംഘടനാതത്വം ഞങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണെന്ന് ഡോ. തോമസ് ഐസക്ക് പറയുമ്പോള്‍, ഗൂഡാലോചനയും അട്ടിമറിയും സ്വയം തിരഞ്ഞെടുത്തതാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ചെയ്യുന്നത്.

അട്ടിമറിക്കാരായിരിക്കാനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്നവരല്ലേ, ജനാധിപത്യനിഷേധികള്‍ എന്നും അദ്ദേഹം ചോദിക്കുന്നു. ഗൂഡാലോചനയും അട്ടിമറിയും ജനാധിപത്യതത്വങ്ങളനുസരിച്ച് കുറ്റകൃത്യങ്ങളാണ്. കുറ്റകൃത്യത്തിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഡോ. തോമസ് ഐസക്ക് വാദിക്കുന്നത്.

പൈശാചികമായ ഈ സ്വാതന്ത്ര്യതൃഷ്ണ, അധോലോകത്തുമാത്രം ജന്മമെടുക്കുന്ന തൃഷ്ണയാണ്.  സി.പി.എമ്മിന്റെ അധോലോകസാമ്പത്തിക ക്രമം അതിന്റെ നേതാക്കളെ എത്രമാത്രം രോഗാതുരമാക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണിത്.

കാഫ്കയുടെ വിഖ്യാതമായ “മെറ്റമോര്‍ഫോസിസി”ലെ ഗ്രിഗര്‍ സംസയെന്ന കഥാപാത്രത്തെപ്പോലെയാണ് ഡോ. തോമസ് ഐസക്ക്. തന്റെ ശരീരം ഒരു കീടമായി രൂപാന്തരീകരണം സംഭവിക്കുന്നതിന് നിസ്സഹയനായി സാക്ഷ്യംവഹിക്കുന്ന സംസയെയാണ് ഡോ. തോമസ് ഐസക്കിന്റെ അധോലോകസ്വാതന്ത്ര്യതൃഷ്ണ അനുസ്മരിപ്പിക്കുന്നത്.

സംസയെ ഏറ്റവുമധികം സ്‌നേഹിക്കുന്ന സഹോദരിയ്ക്കുപോലും പ്രിയസഹോദരന്റെ കീടശരീരത്തെ മരണത്തിനുവിട്ടുകൊടുക്കേണ്ടിവരുന്നു. ബീഭത്സജീവികളായി രൂപാന്തരണം സംഭവിച്ച മുന്‍സോഷ്യലിസ്റ്റു രാജ്യങ്ങളോട് ചരിത്രം കരുണ കാണിക്കാതിരുന്നത് അതുകൊണ്ടാണ്.

പാര്‍ലമെന്റേതരമായ സംഘട്ടത്തിനുസജ്ഞമായ ഒരു സംഘടനയെയാണ് ലെനിന്‍ രൂപകല്പന ചെയ്തത്. ആധുനികജനാധിപത്യ സിദ്ധാന്തങ്ങളോ പാര്‍ലമെന്ററി സ്ഥാപനങ്ങളോ വികസിച്ചിട്ടില്ലാത്ത സാറിസ്റ്റു റഷ്യയില്‍, വിപ്ലവകാരികള്‍ക്ക് ഒരു സൈനിക-അട്ടിമറി സംഘമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നുള്ളു.

നിയമവിധേയ- പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് മത്സരങ്ങളുമൊക്കെ നിയമത്തെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള മറകളായിട്ടാണോ സി.പി.ഐ.എം. ഉപയോഗിക്കുന്നത്?

രഹസ്യാത്മകത, അച്ചടക്കം, കാര്‍ക്കശ്യം, അനുസരണ, ശ്രേണീഘടന തുടങ്ങിയ സൈനികതത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്കുമാത്രമേ അന്നത്തെ സാഹചര്യത്തില്‍ സാറിസ്റ്റു ഭരണത്തെ അട്ടിമറിക്കാനുള്ള ശേഷി ഉണ്ടാകൂ.

കാള്‍ വിറ്റ്‌ഫോഗല്‍ സിദ്ധാന്തീകരിച്ച “പൗരസ്ത്യസ്വേഛാധിപത്യ”ത്തിന്റെ പരിമിതവും അവികസിതവുമായ സാഹചര്യത്തിന്റെ ഉല്പന്നമാണ് ലെനിനിസ്റ്റു സംഘടന. വികസിതവും ആധുനികവുമായ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിനുകീഴില്‍ ഈ ലെനിനിസ്റ്റുസംഘടനാ പരിപ്രേഷ്യത്തിനു എന്തുപ്രസക്തിയാണുള്ളത്.?

സാറിസ്റ്റു സൈനിക സ്വേച്ഛാധിപത്യത്തെ അതേ രീതിയില്‍ നേരിടുന്നതിനുവേണ്ടി ലെനിന്‍ സൃഷ്ടിച്ച സംഘടനാസംവിധാനത്തെ ഇപ്പോഴും വിമര്‍ശനരഹിതമായി പിന്തുടരുന്നതിനുപിന്നിലെ യുക്തി എന്താണ്? ഇന്ത്യയിലെ നിയമവാഴ്ചയും പാര്‍ലമെന്ററി ജനാധിപത്യവും വ്യാജവും പ്രച്ഛന്നവുമാണെന്ന് സി.പി.ഐ.എം. വിശ്വസിക്കുന്നുണ്ടോ?

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രച്ഛന്നരൂപത്തിനു പിന്നിലുള്ളത് റഷ്യയിലേതുപോലെ അവികസിതമായ സൈനിക സ്വേച്ഛാധിപത്യമാണെന്ന് സി.പി.ഐ.എം. രഹസ്യമായി വിശ്വസിക്കുന്നുണ്ടോ? എങ്കില്‍, സി.പി.എമ്മിന്റെ പരസ്യ നയങ്ങള്‍ ഒരു തട്ടിപ്പാണെന്നല്ലേ വിവക്ഷ.

നിയമവിധേയപ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് മത്സരങ്ങളുമൊക്കെ നിയമത്തെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള മറകളായിട്ടാണോ സി.പി.ഐ.എം. ഉപയോഗിക്കുന്നത്? തരംകിട്ടിയാല്‍ അട്ടിമറി നടത്താന്‍ കൂസാത്ത അപകടകരമായ ഒരു ഗൂഢസംഘമാണോ സി.പി.എം.? ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള അതിന്റെ നേതാക്കള്‍ നിയമത്തിന്റെ കണ്ണുവെട്ടിക്കുന്ന “രഹസ്യായുധധാരി”കളാണോ?
അടുത്തപേജില്‍ തുടരുന്നു

ജനാധിപത്യത്തിലെ “ഒളിപ്രവര്‍ത്തനം”

ലെനിനിസ്റ്റു പാര്‍ട്ടിയെ മറ്റു ജനാധിപത്യപാര്‍ട്ടികളില്‍നിന്നു ഭിന്നമാക്കുന്നതില്‍ പ്രത്യയശാസ്ത്രത്തെക്കാള്‍ പ്രധാനം അതിന്റെ സംഘടനാ സംവിധാനമാണ്. ട്രേഡ് യൂണിയനുകളിലും പോഷകസംഘടനകളിലും നുഴഞ്ഞുകയറിപിടിമുറുക്കുന്നതിന് സി.പി.ഐ.എം. ഉപയോഗിക്കുന്ന രീതിയാണ് “പാര്‍ട്ടി ഫ്രാക്ഷന്‍”.

പരസ്യമായി സ്വതന്ത്രസംഘടനകളെന്നവകാശപ്പെടുന്ന ഈ പോഷകസംഘടനകള്‍ ഫലത്തില്‍, സി.പി.ഐ.എമ്മിന്റെ പൂര്‍ണനിയന്ത്രണത്തിലാണ്. സംഘടനകളുടെ നയങ്ങള്‍ തീരുമാനിക്കുക, നേതൃത്വത്തെ അവരോധിക്കുകയും സ്ഥാനഭ്രഷ്ടമാക്കുകയും ചെയ്യുക, സമരങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയൊക്കെ അന്തിമമായി തീരുമാനിക്കുന്നത് പാര്‍ട്ടി ഫ്രാക്ഷനായിരിക്കും. []

ഡി.വൈ.എഫ്.ഐ. പോലെ ലക്ഷക്കണക്കിനു അംഗങ്ങളുള്ള യുവജനസംഘടനയിലെ സാധാരണ അംഗങ്ങള്‍ക്കും നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും ആരൊക്കെയാണ് ഫ്രാക്ഷന്‍ അംഗങ്ങളെന്നോ, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ സി.പി.ഐ.എമ്മുമായി ബന്ധപ്പെടുന്ന കണ്ണി ഏതെന്നോ അറിയാനിടയില്ല.

സാധാരണഗതിയില്‍ സി.പി.ഐ.എം. സംസ്ഥാനനേതൃത്വത്തിലെ ഒരു പ്രധാന നേതാവായാരിക്കും ഡി.വൈ.എഫ.ഐ. ഫ്രാക്ഷന്‍ നിയന്ത്രിക്കുന്നത്. ഡി.വൈ.എഫ.ഐ. എന്ന “സ്വതന്ത്ര” സംഘടനയെ സി.പി.ഐ.എമ്മിന്റെ “ചട്ടുക”മാക്കാന്‍ ഉപയോഗിക്കുന്ന ഈ ഫ്രാക്ഷന്‍ സമ്പ്രദായം യഥാര്‍ഥത്തില്‍ “നുഴഞ്ഞുകയറ്റ”വും “ചാരപ്രവര്‍ത്തന”വുമാണ്.

അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള അന്തിമയുദ്ധത്തില്‍ വിജയിക്കുന്നതിനുള്ള പരിശീലനക്കളരികള്‍ കൂടിയാണ് ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍. സര്‍വീസ് സംഘടനകള്‍, പോലീസ് അസോസിയേഷനുകള്‍ എന്നിവയിലെ ഫ്രാക്ഷനുകള്‍ വഴി, ഭരണകൂടത്തിന്റെ വിവിധ തലങ്ങളെ “യുദ്ധ”ത്തിന്റെ നിര്‍ണായകഘട്ടങ്ങളില്‍ സ്വാധീനിക്കാമെന്ന് സി.പി.ഐ.എം. മോഹിക്കുന്നുണ്ടാവാം.

ടി.പി. ചന്ദ്രശേഖരനെ പരസ്യമായ ആശയസംവാദത്തിനു ക്ഷണിക്കാന്‍ ഒരു ലെനിനിസ്റ്റു സംഘടനയ്ക്കാവില്ല. വിമതര്‍ക്കെതിരെ മഴു പ്രയോഗിക്കുകയെന്നത് സി.പി.ഐ.എമ്മിന്റെ ജനിതകവാസനയാണ്

പരസ്യമായി സമ്മതിക്കാനാവാത്തതും അതീവഗുഢവുമായ ഈ ഫ്രാക്ഷന്‍ സമ്പ്രദായം വാസ്തവത്തില്‍, തുറന്ന പാര്‍ലമെന്ററി ജനാധിപത്യക്രമത്തിനുള്ളില്‍ നടത്തുന്ന “ഒളിപ്രവര്‍ത്തന”വും “ചാരപ്രവര്‍ത്തന”വുമാണ്. ഡോ. തോമസ് ഐസക്ക് അഭിമാനത്തോടെ സ്വയം സീകരിച്ച ലെനിനിസം ജനാധിപത്യപരമായ അന്തസ്സില്ലാത്ത ഒളിപ്രവര്‍ത്തനത്തിന്റെ സംഘടനാരൂപമാണ്.

ഒളിപ്രവര്‍ത്തനത്തിനും അട്ടിമറിയ്ക്കുംവേണ്ടി വിഭാവന ചെയ്യപ്പെട്ട ഒരു സംഘടനാ സംവിധാനത്തിന്, ആവശ്യം സൈനികാച്ചടക്കത്തെ ആന്തരികവത്കരിച്ച അന്ധയോദ്ധാക്കളെയാണ്. യോദ്ധാക്കള്‍ അഭ്യസിച്ചിട്ടുള്ള ഏകവിദ്യ ഉന്നം തെറ്റാതെയുള്ള ആയുധ (മഴു) പ്രയോഗമാണ്.

ടി.പി. ചന്ദ്രശേഖരനെ പരസ്യമായ ആശയസംവാദത്തിനു ക്ഷണിക്കാന്‍ ഒരു ലെനിനിസ്റ്റു സംഘടനയ്ക്കാവില്ല. വിമതര്‍ക്കെതിരെ മഴു പ്രയോഗിക്കുകയെന്നത് സി.പി.ഐ.എമ്മിന്റെ ജനിതകവാസനയാണ്. “കമ്യൂണിസ്റ്റ് വാസന” എന്നൊരു സംജ്ഞ തന്നെ കൗട്‌സ്‌കി ആവിഷ്‌കരിച്ചിരുന്നു. തോമസ് ഐസക്കിനെപ്പോലുള്ളവര്‍ മറിച്ചാഗ്രഹിച്ചാലും അതിന് സ്വന്തം ജനിതകവാസനാബലത്തെ മറികടക്കാനാവില്ല.

ജനാധിപത്യസമ്പ്രദായത്തിലെ ഒരു പാര്‍ട്ടി, ബഹുപാര്‍ട്ടികള്‍ക്കിടയിലെ ഒരു പാര്‍ട്ടി മാത്രമാണ്. ലെനിന്റെ പാര്‍ട്ടിയാകട്ടെ, “ഏകപാര്‍ട്ടി”യാണ്. ഈ വലിയ ഏകപാര്‍ട്ടിയിക്ക് ബഹുകക്ഷി സമ്പ്രദായത്തിലെ ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിക്കുക അസാധ്യമാണ്.

ഇതര പാര്‍ട്ടികളെ ഉന്മൂലനം ചെയ്തുകൊണ്ട് എല്ലാ പാര്‍ട്ടികള്‍ക്കും പകരമാവുന്ന “ഏകപാര്‍ട്ടി”യെയാണ് ലെനിന്‍ വിഭാവന ചെയ്യുന്നത്. എന്നാല്‍ ഇതരപാര്‍ട്ടികളെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെങ്കിലും, തങ്ങളുടെ “ശരി”യാണ് “ഏകശരി”യെന്ന അസഹിഷ്ണുതയാണ് സി.പി.എമ്മിനെ നയിക്കുന്നത്.

“ആശയങ്ങള്‍, സ്ഥാപനങ്ങള്‍, ആചാരങ്ങള്‍, ജനങ്ങള്‍ എന്നിങ്ങനെ പാര്‍ട്ടിയുടെ തന്ത്രവുമായി യോജിക്കാത്ത എന്തിനുമെതിരെ കര്‍ക്കശവും അവിരാമവുമായ യുദ്ധം ചെയ്യുന്ന ഒരു കേന്ദ്രീകൃത സൈനികസംഘടന”യെന്നാണ് ലെനിന്‍ വിപ്ലവപാര്‍ട്ടിയെ നിര്‍വചിച്ചത്. ലെനിന്റെ പാര്‍ട്ടി ഒരു യുദ്ധയന്ത്രമാണ്.

പൗരസമൂഹത്തെ നിരന്തരം സൈനികവത്കൃത സമൂഹമാക്കി പരിവര്‍ത്തിപ്പിക്കേണ്ടത് യുദ്ധയന്ത്രത്തിന്റെ നിലനില്‍പിനാവശ്യമാണ്. സൈനിക സമാനമായി സംഘടിപ്പിക്കുന്ന വിപ്ലവപാര്‍ട്ടിയെ ബൂര്‍ഷ്വാ ചെളിക്കുണ്ടില്‍ നിന്നുയരുന്ന ധാര്‍മികവിഷവായു ഏല്‍ക്കാതെ കാത്തുസൂക്ഷിക്കാനുള്ള ഏകമാര്‍ഗം വിപ്ലവപ്രത്യയശാസ്ത്രത്തെ വിമര്‍ശനബുദ്ധിയില്‍നിന്നു അടര്‍ത്തിമാറ്റുകയാണ്.

സ്വതന്ത്രചിന്തയ്ക്കും വിമര്‍ശനബോധത്തിനും അപ്രവേശ്യമായ സൈനികതന്ത്രങ്ങളാണ് ജനാധിപത്യകേന്ദ്രീകരണവും അച്ചടക്കവും. വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളുടെ  നിശ്ചയദാര്‍ഢ്യവും പ്രത്യയശാസ്ത്രവിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനുള്ള മാര്‍ഗവും ജനാധിപത്യകേന്ദ്രീകരണമാണ്.

എല്ലാ പാപങ്ങളില്‍നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത ക്രൈസ്തവ അന്ത്യവിധിപ്രസ്ഥാനങ്ങളുടെ വിശുദ്ധിബോധം തന്നെയാണ് ലെനിനിസം അവലംബമാക്കിയത്. “ശാസ്ത്രീയ സോഷ്യലിസ”ത്തിലുള്ള അചഞ്ചലവും അലംഘനീയവുമായ വിശ്വാസവിശുദ്ധിയ്ക്കു കളങ്കമേല്ക്കാത്ത സങ്കേതമാണ് ലെനിന്റെ പാര്‍ട്ടി.

വിമതശബ്ദങ്ങള്‍, സന്ദേഹങ്ങള്‍, ചോദ്യങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള ബൂര്‍ഷ്വാ സ്വാധീനങ്ങളെ തുടര്‍ച്ചയായി ഉച്ഛാടനം ചെയ്തുകൊണ്ടിരിക്കണമെന്നും ലെനിന്‍ സിദ്ധാന്തിക്കുന്നുണ്ട്. ശാസ്ത്രീയ സോഷ്യലിസ്റ്റു പ്രത്യയശാസ്ത്രത്തില്‍നിന്നുള്ള നേരിയ വ്യതിയാനം പോലും ബൂര്‍ഷ്വാസിയെ ശക്തിപ്പെടുത്തും.

അതിനാല്‍ “സത്യവിശ്വാസി”കളുടെ ഒരു കൂട്ടായ്മ പോലെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. “വിമര്‍ശനസ്വാതന്ത്ര്യത്തിന്റെ പേരില്‍ വളരുന്നത്  തിരുത്തല്‍വാദമായിരിക്കുമെന്നും ലെനിന്‍ മുന്നറിയിപ്പു നല്കി. “ബൂര്‍ഷ്വാ ആശയ”ങ്ങളുമായുള്ള എല്ലാവിധ സമ്പര്‍ക്കവും വിപ്ലവപാര്‍ട്ടിയെ ഒരു ജനാധിപത്യപാര്‍ട്ടിയായി ദുഷിപ്പിക്കുമെന്നും ലെനിന്‍ പറഞ്ഞു. ലെനിന്‍ സിദ്ധാന്തവത്കരിച്ച പാര്‍ട്ടിസംഘടനയുടെ ഏറ്റവും വിശ്വസ്തനും സത്യസന്ധനുമായ നിര്‍വഹകനും പ്രയോക്താവുമാണ് സ്റ്റാലിന്‍.

ഓരോ പാര്‍ട്ടി അംഗത്തിന്റെയും പെരുമാറ്റത്തെയും ചിന്തയെയും അദൃശ്യമായി നിയന്ത്രിക്കാനും വിശ്വാസവിശുദ്ധി നിലനിര്‍ത്താനുമുള്ള തന്ത്രമാണ് ജനാധിപത്യകേന്ദ്രീകരണം. എല്ലാ പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടിയുടെ-നേതൃത്വത്തിന്റെ-നേതാവിന്റെ-നിരീക്ഷണത്തിനു വിധേയമാണ്. അഥവാ, ലെനിനിസ്റ്റു സംഘടനയെ ചാരക്കണ്ണുകളുടെ വലിയൊരു ശൃംഖലയെന്നു വിശേഷിപ്പിക്കാം.

തന്റെ ശരീരത്തെ, പെരുമാറ്റത്തെ, ചിന്തയെ, സ്വപ്നത്തെ ഒക്കെ പാര്‍ട്ടി സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഓരോ പാര്‍ട്ടി അംഗവും സ്വയം നിരീക്ഷിക്കാനും സ്വയം സെന്‍സര്‍ ചെയ്യാനും അനുശീലിക്കുന്നു. പാര്‍ട്ടിയ്ക്ക് അനഭിമനമായ ചിന്തകളെയും ആശയങ്ങളെയും മൂല്യങ്ങളെയും സ്വയം ഉച്ഛാടനം ചെയ്യാന്‍ ഓരോ പാര്‍ട്ടി അംഗവും പരിശീലിക്കുന്നു. പാര്‍ട്ടി എന്ന ചാരശൃംഖലയുടെ അവിഭാജ്യഭാഗമാകുന്ന വ്യക്തി സ്വന്തം സ്വാതന്ത്ര്യത്തിന്റെ ചാരനാകുകയാണ് ചെയ്യുന്നത്.

ലെനിന്റെ “നിര്‍ദ്ദയമായ കേന്ദ്രീകരണം” ഒരുതരം “ഉപരോധമനശാസ്ത്ര”ത്തെയാണ് (siege psychology) യാണ് ആവിഷ്‌കരിക്കുന്നതെന്ന് ലക്‌സംബര്‍ഗ് വിമര്‍ശിച്ചു. സെന്‍സര്‍ഷിപ്പ്, കേന്ദ്രീകരണം, സൈനികച്ചിട്ട, അച്ചടക്കനടപടികള്‍, സ്റ്റഡിക്ലാസുകള്‍, പ്രത്യയശാസ്ത്രവത്കരണം എന്നിവയുടെ ലക്ഷ്യം, ഓരോ പാര്‍ട്ടി അംഗത്തെയും ഒരു അന്ധയുദ്ധയന്ത്രമാക്കി പരിവര്‍ത്തിപ്പിക്കുകയെന്നതാണ് (Blind war machine).

ലെനിന്റെ പാര്‍ട്ടി, ജനങ്ങളെ നിര്‍ജീവ വസ്തുക്കളാക്കുന്നുവെന്നാണ് പ്ലെഹനോവ് വിമര്‍ശിച്ചത്. “ഒരു അട്ടിമറിക്കാരന്റെ മനശാസ്ത്രമാണ് തന്റെ മജ്ജവരെ ലെനിന്‍ സ്വാംശീകരിച്ചിരിക്കുന്നതെ”ന്ന് മാര്‍ട്ടോവ് പറഞ്ഞു. ലെനിന്റെ സംഘടനാതത്വങ്ങള്‍, തൊഴിലാളിവര്‍ഗത്തിനുമേലുള്ള സര്‍വാധിപത്യമായി കലാശിക്കുമെന്ന് ഗ്രോട്‌സ്‌കിയും ഭയന്നിരുന്നു.

ലെനിന്റെ അതിരുകളില്ലാത്ത  വിപ്ലവകാല്പനികത, അവികസിതമായ റഷ്യന്‍ ബുദ്ധിജീവി വിഭാഗത്തിന്റെ അപഹര്‍ഷതയുടെയും അസഹിഷ്ണുതയുടെയുടെയും ഉല്പന്നമാണ്.

കമ്മിറ്റികളിലെ ചര്‍ച്ചകളെയും സെക്രട്ടറിയെ തീരുമാനിക്കാനുള്ള അവകാശത്തെയുമാണ് ഡോ. തോമസ് ഐസക്ക് ജനാധിപത്യമെന്നതുകൊണ്ടര്‍ഥമാക്കുന്നത്. ജനാധിപത്യത്തിന്റെ പ്രായോഗിക സാക്ഷാത്കാരത്തിനുവേണ്ടി രൂപംകൊടുത്തിട്ടുള്ള നടപടിക്രമങ്ങളെ അദ്ദേഹം ജനാധിപത്യമെന്നു തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്.

സ്വതന്ത്രനും പരമാധികാരിയുമായ വ്യക്തിയ്ക്കുനല്കുന്ന ഭവശാസ്ത്രപരമായ മുന്‍ഗണന(Ontological priority)യാണ് ആധുനിക ജനാധിപത്യത്തിന്റെ താത്വികമായ അടിസ്ഥാനം. ഈ വ്യക്തിത്വതത്വം താത്വികമായി അംഗീകരിക്കാന്‍ കഴിയാത്ത മാര്‍ക്‌സിസം-ലെനിനിസമെന്ന സത്യവിശ്വാസത്തെ മുറുകെപ്പിടിക്കുന്ന സി.പി.ഐ.എമ്മിനു ഒരിക്കലും ഒരു ജനാധിപത്യപാര്‍ട്ടി ആകാനാവില്ല. സ്വന്തം “ഉപരോധമനശാസ്ത്ര”ത്തെ ഒളിപ്പിക്കാനുള്ള ഒരു മറമാത്രമാണ് സി.പി.ഐ.എമ്മിനു ജനാധിപത്യം.

‘അടിയന്തിരാവസ്ഥാ’പാര്‍ട്ടിയും ധൈഷണികസംവാദത്തിന്റെ കണ്ണൂര്‍ മോഡലും (ഭാഗം: ഒന്ന്
)

We use cookies to give you the best possible experience. Learn more