സുപ്രീം കോടതിവിധിയും 'മനു- ബ്രാഹ്മണരാജി'ന്റെ തിരിച്ചുവരവും
DISCOURSE
സുപ്രീം കോടതിവിധിയും 'മനു- ബ്രാഹ്മണരാജി'ന്റെ തിരിച്ചുവരവും
ജെ. രഘു
Wednesday, 7th August 2024, 5:32 pm
കേരളത്തിലെ ഈഴവരുടെ കാര്യം തന്നെ എടുക്കാം. ഈഴവരില്‍ ഗണ്യമായൊരു വിഭാഗം 'ഹിന്ദു' എന്ന അടിമച്ചങ്ങലയെ പൂമാലയായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദു എന്ന കൊലമരം പേറിനടക്കുന്ന ഈഴവര്‍, അടുത്തകാലത്തായി സംവരണം ഒരു നാണക്കേടാണെന്നും തങ്ങള്‍ക്കത് വേണ്ടെന്നും ചിന്തിക്കുന്നു. സംവരണം കൊണ്ടു മാത്രം ഉയര്‍ന്ന വിദ്യാഭ്യാസവും ഉദ്യോഗങ്ങളും നേടിയവര്‍, തങ്ങളുടെ മക്കള്‍ക്ക് ഇനി അതാവശ്യമില്ലെന്നു വിചാരിക്കുന്നു. ഈഴവര്‍ക്കു വേണ്ടാത്ത സംവരണം പിന്നെന്തിനു നിലനിര്‍ത്തണമെന്ന സവര്‍ണവാദത്തെയാണ് ഇത് ബലപ്പെടുത്തുന്നത്.

കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി സവര്‍ണന്യൂനപക്ഷത്തെ വേട്ടയാടിക്കൊണ്ടിരുന്ന മണ്ഡല്‍ കമ്മിഷന്റെ ‘ഉച്ചാടനമന്ത്രവാദ’മാണ്, സുപ്രീം കോടതിയുടെ ഏഴംഗഭരണഘടന ബഞ്ചിന്റെ സംവരണവിധിന്യായം. 6 പേരുടെ ഭൂരിപക്ഷമുള്ള ഈ വിധി, സംവരണത്തെക്കുറിച്ചുള്ള അംബേദ്കറൈറ്റ്‌സ് തത്വങ്ങളുടെ മരണമണിയാണ്.

ജാതിസംവരണത്തെ സാമ്പത്തികസംവരണമായി പുനര്‍നിര്‍വചിക്കുന്നു എന്നു മാത്രമല്ല, സംവരണം തന്നെ ഇല്ലാതാക്കാനുള്ള സവര്‍ണ ഗുഢാലോചനയുടെ തുടക്കം കൂടിയാണ് ഈ വിധി. സംവരണാനുകൂല്യം ലഭിച്ചവരുടെ തലമുറയുടെ പിന്‍തലമുറയ്ക്ക് സംവരണം പാടില്ല എന്നു കല്പിക്കുന്നിടത്തോളം സുപ്രീം കോടതി എത്തിയിരിക്കുന്നു!

ഇന്ത്യയുടെ ജനസംഖ്യയില്‍ നിസ്സാരന്യൂനപക്ഷമായിട്ടും, സവര്‍ണരുടെ ആത്മവിശ്വാസം എത്രത്തോളം വര്‍ദ്ധിച്ചിരിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഈ കോടതി വിധി. ജനസംഖ്യയില്‍ 90 ശതമാനം വരുന്ന അവര്‍ണജാതികള്‍, സവര്‍ണശാസനകള്‍ക്കനുസരിച്ച് ജീവിക്കേണ്ട അടിമകള്‍ മാത്രമാണെന്ന സവര്‍ണ ദുരധികാര പ്രഖ്യാപനമാണ് ഈ വിധി.

നിയമനിര്‍മാണ സഭകളില്‍ നിന്നോ, നീതിപീഠങ്ങളില്‍ നിന്നോ നീതി ലഭിക്കുമെന്ന് ഇനി അവര്‍ണര്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഒ.ബി.സികളും ദളിതരും ജനസംഖ്യയില്‍ മഹാഭൂരിപക്ഷമായിട്ടും സവര്‍ണന്യൂനപക്ഷത്തിന്റെ സംവരണ വിരുദ്ധതീട്ടൂരങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? ഒ.ബി.സികള്‍ക്കും ദളിതര്‍ക്കുമിടയിലുള്ള അനൈക്യം തന്നെയാണ് മുഖ്യ കാരണം.

പല സംസ്ഥാനങ്ങളിലും ദലിതരുടെ പ്രത്യക്ഷമര്‍ദ്ദകരായി പ്രവര്‍ത്തിക്കുന്നത് ഒ.ബി.സികളാണ്. ബ്രാഹ്മണ -ക്ഷത്രീയ- ബനിയമാര്‍ നിര്‍വഹിച്ചുവന്ന ദലിത് മര്‍ദ്ദനയന്ത്രം ഒ.ബി.സികളെ ഏല്‍പ്പിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. ഇതിന് അന്തിമമായി വിലകൊടുക്കേണ്ടിവരുന്നത് ഒ.ബി.സികള്‍ തന്നെയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല.

ഇന്ത്യയിലെ ദളിതര്‍ക്കെതിരായ കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും അന്താരാഷ്ട്ര ട്രൈബ്യൂണലുകളില്‍ വിചാരണയ്ക്കു വന്നാല്‍, പ്രതികൂട്ടില്‍ നില്‍ക്കുന്നത് ബ്രാഹ്മണ- ക്ഷത്രിയ- ബനിയമാര്‍ ആയിരിക്കില്ല. ഒ.ബി.സി കളെ ചൂണ്ടി കൈകഴുകാനും കുറ്റവിമുക്തരാകാനും സവര്‍ണര്‍ക്കു കഴിയും.

ദളിത് മര്‍ദ്ദനത്തിന്റെ പേരില്‍ അന്താരാഷ്ട്ര കോടതികളുടെ പഴി കേള്‍ക്കേണ്ടിവരുന്നത് ഒ.ബി.സികള്‍ തന്നെയായിരിക്കും. സവര്‍ണര്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ദളിത് സംവരണത്തില്‍ ‘മേല്‍ത്തട്ട്’ (Creamy layer) സമ്പ്രദായമേര്‍പ്പെടുത്തണമെന്നു പറയുന്ന സുപ്രീം കോടതി, വരും നാളുകളില്‍ ഒ.ബി.സി  സംവരണം പൂര്‍ണമായി റദ്ദാക്കാനുള്ള സാദ്ധ്യതയുമുണ്ട്.

ഒ.ബി.സി ദളിത് വിഭാഗങ്ങളുടെ യോജിച്ച പ്രക്ഷോഭങ്ങളിലൂടെയല്ലാതെ അതിനെ നേരിടാനാവില്ല. എന്നാല്‍, ഒ.ബി.സി കളുടെ ദളിത് വിരുദ്ധമനോഭാവം അത്തരമൊരു പ്രക്ഷോഭത്തെ അസാധ്യമാക്കുന്നു.

കേരളത്തിലെ ഈഴവരുടെ കാര്യം തന്നെ എടുക്കാം. ഈഴവരില്‍ ഗണ്യമായൊരു വിഭാഗം ‘ഹിന്ദു’ എന്ന അടിമച്ചങ്ങലയെ പൂമാലയായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദു എന്ന കൊലമരം പേറിനടക്കുന്ന ഈഴവര്‍, അടുത്തകാലത്തായി സംവരണം ഒരു നാണക്കേടാണെന്നും തങ്ങള്‍ക്കത് വേണ്ടെന്നും ചിന്തിക്കുന്നു.

സംവരണം കൊണ്ടു മാത്രം ഉയര്‍ന്ന വിദ്യാഭ്യാസവും ഉദ്യോഗങ്ങളും നേടിയവര്‍, തങ്ങളുടെ മക്കള്‍ക്ക് ഇനി അതാവശ്യമില്ലെന്നു വിചാരിക്കുന്നു. ഈഴവര്‍ക്കു വേണ്ടാത്ത സംവരണം പിന്നെന്തിനു നിലനിര്‍ത്തണമെന്ന സവര്‍ണവാദത്തെയാണ് ഇത് ബലപ്പെടുത്തുന്നത്.

ഈഴവരുടെ അറിവൊളി – പോരാട്ട സംഘനയായിരുന്ന എസ്.എന്‍.ഡി.പിയുടെ സമകാലിക നേതൃത്വം അതിന്റെ ജാതി വിരുദ്ധ- ഹിന്ദുവിരുദ്ധ പാരമ്പര്യത്തെ പൂര്‍ണമായി വഞ്ചിച്ചിരിക്കുകയാണ്. ‘ഹിന്ദുമതം എന്നൊന്നില്ലല്ലോ’യെന്ന നാരായണഗുരുവിന്റെയും ”ബ്രാഹ്മണോപജ്ഞമാം കെട്ടമതം,… നമ്മളെത്തമ്മിലകറ്റും മതം നമ്മള്‍ വെടിയണം നന്മ വരാന്‍”, എന്ന സഹോദരന്‍ അയ്യപ്പന്റെയും മുന്നറിയിപ്പുകള്‍ എസ്.എന്‍.ഡി.പി മറന്നിരിയ്ക്കുന്നു.

തരം കിട്ടുമ്പോഴെല്ലാം ‘മുസ്‌ലിംപ്രീണനം’, ‘മുസ്‌ലിംഅക്രമം’ എന്നു പറയുന്നിടത്തോളം ആ സംഘടനയുടെ നേതൃത്വം സവര്‍ണ- ഹിന്ദുചട്ടുകങ്ങളായിരിക്കുന്നു.

ഈഴവരുടെ ഹിന്ദുവല്‍ക്കരണവും ഈഴവ-ദലിത് അനൈക്യവുമാണ്, യഥാര്‍ത്ഥത്തില്‍, കേരളത്തില്‍ നായര്‍ ഹുങ്കിന്റെയും സംഘപരിവാര്‍ വളര്‍ച്ചയുടെയും പിന്നിലുള്ളത്.

രണ്ടു ഈഴവര്‍ നേതൃത്വതം നല്‍കുന്ന സി. പി. എം – സി. പി. ഐ പാര്‍ട്ടികളില്‍ നിന്ന് ജാതിവിരുദ്ധമായ ഒന്നും പ്രതീക്ഷിക്കാനില്ല. കാരണം, അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കാലം മുതല്‍ സംഖ്യാബലത്തില്‍ ഈഴവര്‍ക്ക് പ്രാബല്യമുണ്ടായിരുന്നുവെങ്കിലും, പാര്‍ട്ടിയില്‍ അവര്‍ക്ക് ശരീരത്തിന്റെ സ്ഥാനമേ ഉണ്ടായിരുന്നുള്ളു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മസ്തിഷ്‌കമായി പ്രവര്‍ത്തിച്ചത് നമ്പൂതിരി, നായര്‍മാരായിരുന്നു. ഈ മസ്തിഷ്‌കത്തിന്റെ കല്പനകളുനുസരിച്ച്, പണം പിരിക്കുകയും അടിപടി നടത്തുകയും ചെയ്യുന്ന കൈകളും കാലുകളും മാത്രമായിരുന്നു ഈഴവര്‍. ഇന്നും ആ സ്ഥിതിയ്ക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.

ഇന്ത്യയിലെ മഹാ ഭൂരിപക്ഷമായ അവര്‍ണ ജനകോടികള്‍ എന്ത് പഠിക്കണം, ഏതു ജോലി ചെയ്യണം, എന്ത് കഴിക്കണം, എവിടെ താമസിക്കണം, എത്ര വയസ്സുവരെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഒരു ചെറു ന്യൂനപക്ഷമാണെന്നു വരുന്നതില്‍ പരം അപമാനവും അനീതിയും വേറെയില്ല.

ഈ കൊടിയ അപമാനം സഹിച്ചുകൊണ്ട് ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരണമാണ്. നിര്‍ഭയമായ പോരാട്ടത്തിനൊരുങ്ങേണ്ട സമയമാണിത്. നീതിപീഠങ്ങള്‍ സവര്‍ണപീഠങ്ങളാവുമ്പോള്‍, തെരുവുകളാണ് പോരാട്ടവേദികള്‍.

CONTENT HIGHLIGHTS: J. Raghu writes About the Supreme Court judgment on reservation

ജെ. രഘു
എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍