ഹിന്ദു കൊളോണിയലിസത്തിനെതിരായ മദ്രാസ് ഹൈക്കോടതി വിധി
DISCOURSE
ഹിന്ദു കൊളോണിയലിസത്തിനെതിരായ മദ്രാസ് ഹൈക്കോടതി വിധി
ജെ. രഘു
Monday, 8th August 2022, 10:22 pm
ഈഴവര്‍, തങ്ങള്‍ ഈഴവരാണെന്ന് അഭിമാനിക്കുന്നതിന് പകരം, 'തങ്ങള്‍ ഹിന്ദുക്കളാണെന്ന്' ചിന്തിക്കാന്‍ തുടങ്ങിയതോടെ, കേരളത്തിലെ സവര്‍ണ ഹിന്ദു കൊളോണിയലിസം വിജയിക്കുന്നു. ഹിന്ദുനുകം സ്വയം പേറുന്ന ഈഴവര്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ സവര്‍ണ ഹൈന്ദവ കൊളോണിയലിസത്തിന്റെ 'കോളനി'യായി മാറുകയാണ് ചെയ്യുന്നത്.

സേലത്തിനടുത്ത് ചെരിയേരി ഗ്രാമത്തിലെ തലൈവെട്ടി മുനിയപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ട ബുദ്ധന്റേതാണെന്നും അതിനാല്‍ അവിടെ സവര്‍ണ ഹൈന്ദവാചാരങ്ങളും പൂജകളും പാടില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നു.

ജസ്റ്റിസ് ആനന്ദ് വെങ്കിടേശിന്റെ വിധിയില്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പില്‍ നിന്ന് ക്ഷേത്രം ഏറ്റെടുത്ത് ബുദ്ധിസ്റ്റ് കേന്ദ്രമായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാട് പുരാവസ്തു വകുപ്പിന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സേലത്തെ ബുദ്ധിസ്റ്റ് ട്രസ്റ്റ് നല്‍കിയ കേസിനെ തുടര്‍ന്ന് തലൈവെട്ടി മുനിയപ്പ വിഗ്രഹവും ക്ഷേത്രവും പരിശോധിക്കാന്‍ തമിഴ്‌നാട് ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിശദമായ പരിശോധനക്ക് ശേഷം ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ‘തലൈവെട്ടി മുനിയപ്പന്‍’ ഒരു ഹിന്ദു ദൈവമാണെന്ന വാദം നുണയാണെന്നും പ്രതിഷ്ട ബുദ്ധന്റേതാണെന്നും വ്യക്തമാക്കുന്നു.

‘തലൈവെട്ടി മുനിയപ്പന്‍’ വിഗ്രഹം

ഈ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഹൈക്കോടതി അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രസ്താവിച്ചു; ”ക്ഷേത്രമാണെന്ന വാദത്തിന് ഇനി യാതൊരടിസ്ഥാനവുമില്ല. അവിടെ പൂജകളും മറ്റും നടത്തുന്നത് ബുദ്ധിസ്റ്റ് തത്വങ്ങളുടെ ലംഘനമാണ്.”

കേന്ദ്രത്തിന്റെ നിയന്ത്രണം പുരാവസ്തു വകുപ്പിനെ ഏല്‍പ്പിച്ച ഹൈക്കോടതി, അവിടെ ‘ബുദ്ധ പ്രതിമ’ എന്ന് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഗോത്ര- ബുദ്ധിസ്റ്റ്- ജൈന കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും അവയെ സവര്‍ണാരാധനാ കേന്ദ്രങ്ങളാക്കുകയും ചെയ്യുകയെന്നത് സവര്‍ണ ഹൈന്ദവ കൊളോണിയലിസത്തിന്റെ പ്രധാന തന്ത്രമായിരുന്നു. ഇന്ത്യയിലെ മര്‍ദ്ദിത മഹാഭൂരിപക്ഷ ജനതയില്‍ നിന്ന് അവരുടെ അഹൈന്ദവ സാംസ്‌കാരിക- വിശ്വാസ സ്വത്വ മുദ്രകളെ അടര്‍ത്തിമാറ്റുന്ന ‘സാംസ്‌കാരിക വിശ്വാസഹത്യ’യിലൂടെയാണ് സവര്‍ണ ഹിന്ദു അധിനിവേശം അതിന്റെ ജൈത്രയാത്ര നടത്തിയത്.

വ്യതിരിക്തമായ ‘ സാംസ്‌കാരിക സ്മൃതിനാശ’ത്തിലൂടെ (Cultural Forgetting) മര്‍ദ്ദിതജാതി മനുഷ്യരെ സവര്‍ണ ഹിന്ദു വലയത്തിലേക്ക് ആഗിരണം ചെയ്യാനെളുപ്പമാണ്.

ഈഴവര്‍, തങ്ങള്‍ ഈഴവരാണെന്ന് അഭിമാനിക്കുന്നതിന് പകരം, ‘തങ്ങള്‍ ഹിന്ദുക്കളാണെന്ന്’ ചിന്തിക്കാന്‍ തുടങ്ങിയതോടെ, കേരളത്തിലെ സവര്‍ണ ഹിന്ദു കൊളോണിയലിസം വിജയിക്കുന്നു. ഹിന്ദുനുകം സ്വയം പേറുന്ന ഈഴവര്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ സവര്‍ണ ഹൈന്ദവ കൊളോണിയലിസത്തിന്റെ ‘കോളനി’യായി മാറുകയാണ് ചെയ്യുന്നത്. ഹിന്ദുക്കളായി മാറുന്ന ഈഴവര്‍, ഉത്തരേന്ത്യന്‍ സവര്‍ണ വംശീയവാദ വേട്ടക്കാരുടെ ഇരകള്‍ മാത്രമാണ്.

ഇങ്ങനെ ആയിരക്കണക്കിന് അഹൈന്ദവ മര്‍ദ്ദിത ജാതികള്‍ ഉള്‍പ്പെടുന്ന ‘ഹിന്ദു കോളനി’കളുടെ വലിയൊരു സാംസ്‌കാരിക ശൃംഖലയാണ് സമകാലിക ഹിന്ദുയിസം.

ഇന്ന് സവര്‍ണ ഹിന്ദു ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി അറിയപ്പെടുന്നവയില്‍ ഭൂരിപക്ഷവും സവര്‍ണര്‍ കയ്യേറി പിടിച്ചെടുത്തതാണ്. ഇവയ്ക്കുമേല്‍ ബദല്‍ അവകാശവാദം ഉന്നയിക്കാനും തിരികെ പിടിക്കാനുമുള്ള സമയമാണിത്. മദ്രാസ് ഹൈക്കോടതി ആവശ്യപ്പെടുന്നത് തീര്‍ച്ചയായും അതാണ്. അതിന് സ്വീകരിക്കുന്ന ഏത് മാര്‍ഗവും- ബല പ്രയോഗമുള്‍പ്പെടെ- ന്യായമാണ്.

അങ്ങനെ മാത്രമേ ഇന്ത്യയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ‘ഹിന്ദു ഐഡന്റിറ്റി’യെ തകര്‍ക്കാനാകൂ.

Content Highlight: J Raghu writes about Hindu colonialism and Madras High Court verdict on Thalaivetti Muniappan deity

ജെ. രഘു
എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍