| Thursday, 26th May 2022, 7:04 pm

സി.പി.ഐ.എം എന്ന രാഷ്ട്രീയ മാഫിയയും 'പിണറായി വിജയന്‍, ദ് ഇംപെയ്‌ലറും'

ജെ. രഘു

15ാം നൂറ്റാണ്ടില്‍ ഒരു റുമേനിയന്‍ നാട്ടുപ്രമാണിയായിരുന്ന വ്‌ലാഡ് മൂന്നാമന്‍, ദുരധികാരത്തിന്റെയും ക്രൂരതയുടെയും സര്‍വകാല പ്രതീകമാണ്. തന്നെപ്പറ്റി ജനങ്ങളില്‍ ഭയവും ഉള്‍ക്കിടിലവും സൃഷ്ടിക്കാന്‍, വ്‌ലാഡ് സ്വീകരിച്ച മാര്‍ഗം, മനുഷ്യരെ പരസ്യമായി ശൂലത്തില്‍ തറച്ചുനിര്‍ത്തുകയെന്നതായിരുന്നു. ശൂലാഗ്രത്തില്‍ പിടയുന്ന മനുഷ്യരുടെ ഹൃദയഭേദകമായ കാഴ്ച, അത് കാണുന്നവരില്‍ അതിഭയങ്കരമായ ഭീതിയും വിഭ്രാന്തിയും സൃഷ്ടിക്കും. വ്‌ലാഡിനെതിരെ സ്വപ്നം കാണാന്‍ പോലും പേടിക്കുന്ന മനുഷ്യര്‍, ക്രമേണ വ്‌ലാഡിനെ വാഴ്ത്താനും സ്തുതിക്കാനും തയ്യാറാകും.

ക്രൂരതയുടെ മനുഷ്യരൂപമാര്‍ന്ന ഗ്ലാഡ് മൂന്നാമന്‍ ചരിത്രത്തിലറിയപ്പെടുന്നത്, ‘വ്‌ലാഡ് ദ് ഇംപെയ്‌ലര്‍’ (ശൂലത്തിലേറ്റുന്നവന്‍) എന്നാണ്. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ (1897) എന്ന നോവലാണ് വ്‌ലാഡിനെ അന്വരഭീതിയുടെയും കുപ്രസിദ്ധിയുടെയും പര്യായമാക്കി മാറ്റിയത്. ഡ്രാക്കുള ക്രമേണ ഭീകരത ചിത്രീകരിക്കുന്ന ഒരു രചനാ സങ്കേതത്തിന് തന്നെ തുടക്കംകുറിച്ചു. ഡ്രാക്കുള നാടകങ്ങളും ഡ്രാക്കുള സിനിമകളും പ്രസിദ്ധമാണ്.

വ്‌ലാഡ്, ദ് ഇംപെയ്‌ലര്‍

ചരിത്രത്തിലെ ദുരധികാര മൂര്‍ത്തികളുടെയും മാഫിയാ ഡോണുകളുടെയും പ്രാക് രൂപമാണ് വ്‌ലാഡ് ദ് ഇംപെയ്‌ലര്‍. സ്വന്തം അധികാരത്തിന്റെ പൊയ്ക്കാലുകള്‍ ഉറപ്പിക്കാന്‍ ക്രൂരതയേയും കൈക്കരുത്തിനെയും ചതിയേയും ആയുധമാക്കുന്ന ആധുനിക പാര്‍ട്ടി നേതാക്കളുടെയും ഭരണാധികാരികളുടെയും പൂര്‍വമാതൃക വ്‌ലാഡ് ആണ്. ഇന്ന് ഇവര്‍ ഉപയോഗിക്കുന്നത് ‘ശൂലത്തില്‍ തറയ്ക്കുക’ എന്നതിനുപകരം, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും യു.എ.പി.എയുമാണെന്ന വ്യത്യാസമേയുള്ളു.

2016ല്‍ കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ‘വ്‌ലാഡ്, ദ് ഇംപെയ്‌ലറി’ലേക്കുള്ള കിരീടാരോഹണച്ചടങ്ങ് നടന്നത്, നിരായുധരും രോഗികളുമായിരുന്ന എട്ട് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നുകൊണ്ടായിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, തന്റെ സ്ഥാനം അലംഘനീയവും ഭീതിജനകവുമാക്കിയത് ടി.പി ചന്ദ്രശേഖരന്റെ ചോരപുരണ്ട മഴുക്കള്‍ക്കൊണ്ടായിരുന്നു.

ടി.പി ചന്ദ്രശേഖരന്‍

കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി ജയിലിലടക്കുകയും വിമര്‍ശിച്ചവരെ, അവര്‍ ചായ കുടിക്കാന്‍ പോയവരല്ലെന്ന ഡ്രാക്കുള യുക്തികൊണ്ട് പരിഹസിക്കുകയും ചെയ്ത പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി കല്ലേപ്പിളര്‍ക്കുന്നവനായി മാറി. തങ്ങളെ കാത്തിരിക്കുന്നത് ‘ഏറ്റുമുട്ടല്‍’ മരണമോ കാരാഗ്രഹവാസമോ ആയിരിക്കുമെന്ന ചിന്ത, വിമര്‍ശകരെ നടുക്കി.

എന്നാല്‍, വിമര്‍ശനങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ശബ്ദങ്ങളെ ഞെരിച്ചമര്‍ത്തിക്കൊണ്ട്, സ്തുതിപാഠകരുടെ വലിയൊരു ‘വായ്പ്പാട്ടുസംഘ’വും രൂപംകൊണ്ടു. നവോത്ഥാന സദസ്സുകളും സാഹിത്യസമ്മേളനങ്ങളും നവകേരള ഗീതികള്‍കൊണ്ട് അഭിനവ വ്‌ലാഡ് അഥവാ കേരള ഡ്രാക്കുളയെ വാനോളമുയര്‍ത്തി!

താഹ ഫസല്‍, അലന്‍ ഷുഹൈബ്

വ്‌ലാഡിന് ശേഷം ലോകം ആറ് നൂറ്റാണ്ട് പിന്നിട്ടു. യൂറോപ്പിലെ നവോത്ഥാനവും ശാസ്ത്രവിപ്ലവവും പ്രബുദ്ധതയും ഫ്രഞ്ച് വിപ്ലവവും മനുഷ്യാവകാശങ്ങളും ലിഖിത ഭരണഘടനയും ലിംഗസമത്വവും മനുഷ്യരാശിയുടെ മൂല്യ ഭാവുകത്വങ്ങളെ മാറ്റിമറിച്ചു. കേരളത്തിലാകട്ടെ, ഡോ. പല്‍പ്പുവും നാരായണഗുരുവും അയ്യന്‍കാളിയും സഹോദരന്‍ അയ്യപ്പനും ജാതിവ്യവസ്ഥയ്ക്ക് മേല്‍ വലിയ പ്രഹരങ്ങളേല്‍പ്പിച്ചു. കേരളമുള്‍പ്പെടെ, ലോകമെമ്പാടും മനുഷ്യബന്ധങ്ങള്‍ കൂടുതല്‍ സ്നേഹ- സ്വതന്ത്ര്യ സാന്ദ്രമായി.

ക്രൂരതയില്‍ അഭിരമിക്കുന്ന ‘സീരിയല്‍ കൊലയാളി’കളും ‘ഡ്രാക്കുള’മാരും ഇന്ന് ഒരപവാദം മാത്രമാണ്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ അപവാദങ്ങള്‍ക്ക് സമൂഹത്തിന്റെ പൊതുനിയമമാകാന്‍ കഴിഞ്ഞേക്കാം. സി.പി.ഐ.എമ്മും പിണറായി വിജയനും കേരളത്തിന്റെ പൊതുനിയമമായി അവരോധിക്കപ്പെട്ട ക്രൂരമായ അപവാദങ്ങളാണ്. കേരളീയ ജീവിതത്തിന് മേല്‍ അവരോധിക്കപ്പെട്ടിരിക്കുന്ന അപായകരമായ ഈ അപവാദത്തെ ‘പിണറായി വിജയന്‍ ദ് ഇംപെയ്‌ലര്‍’ എന്ന് വിശേഷിപ്പിക്കാം!

ഇ.എം.എസിന്റെ ആദര്‍ശപാര്‍ട്ടിയും ബ്രാഹ്മണദാസ്യവും

സി.പി.ഐ.എമ്മിന്റെ ഇന്നത്തെ രൂപാന്തരീകരണത്തില്‍ ദുഃഖിക്കുന്ന വലിയൊരു വിഭാഗം ഇടതുപക്ഷ വിശ്വാസികള്‍ കേരളത്തിലുണ്ട്. സി.പി.ഐ.എം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും ഇടതുപക്ഷ പ്രസ്ഥാനമാണെന്നുമുള്ള മിഥ്യാബോധത്തിന്റെ തടവുകാരാണിവര്‍. സി.പി.ഐ.എമ്മിന്റെ ‘നയവ്യതിയാന’ത്തെക്കുറിച്ചും അപചയത്തെക്കുറിച്ചുമുള്ള വ്യാകുലതയ്ക്കു കാരണം, ഒരു ‘ആദര്‍ശ കമ്യൂണിസ്റ്റു ഭൂതകാല’ത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമാണ്.

ഈ ആദര്‍ശ കമ്യൂണിസ്റ്റുപാര്‍ട്ടി മിക്കപ്പോഴും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍, ഇ.എം.എസിന് അപ്രമാദിത്വം ലഭിച്ചതിനുകാരണം, ബ്രാഹ്മണ്യത്തോടുള്ള കേരളത്തിന്റെ ദാസ്യമനോഭാവത്തെ, തന്നോടുള്ള ഭക്തിയാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഈ ബ്രാഹ്മണന് കഴിഞ്ഞു എന്നതാണ്.

ഇ.എം.എസ്

1964 മുതല്‍, ഇ.എം.എസ് മരിക്കുന്നത് വരെയുള്ള സുദീര്‍ഘ കാലയളവില്‍ സി.പി.ഐ.എമ്മിന്റെ ഏക ‘മസ്തിഷ്‌കം’ അദ്ദേഹമായിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയുള്ള ചിന്താ- വിചാരങ്ങളുടെ ഭാരം സ്വന്തം ചുമലിലേറ്റ ഈ നമ്പൂതിരി കമ്യൂണിസ്റ്റ്, പഴയ നമ്പൂതിരിമാരെപ്പോലെ ചിന്താശൂന്യരായ കാര്യസ്ഥന്മാരുടെ വലിയൊരു ശൃംഖലയെയാണ് വളര്‍ത്തിയത്. പഴയ നായര്‍ കാര്യസ്ഥന്മാരുടെ തൊഴില്‍, നമ്പൂതിരിയുടെ വെറ്റിലച്ചെല്ലം ചുമക്കുകയും നായര്‍വീടുകളിലെ സംബന്ധമെന്ന വ്യഭിചാരത്തിനു അകമ്പടി സേവിക്കുകയും നമ്പൂതിരിയുടെ ‘ശുംഭന്‍’ വിളികളില്‍ കോരിത്തരിക്കുകയുമായിരുന്നു.

നമ്പൂതിരിയുടെ വിശുദ്ധ ചുണ്ടുകളില്‍ നിന്നൂര്‍ന്ന് വീഴുന്ന ‘ശുംഭ’നെ, ആന്തരികവല്‍ക്കരിച്ച നായര്‍ കാര്യസ്ഥന്മാരുടെ അഭിമാനം തന്നെ ശുംഭത്വമായിരുന്നു. സ്വന്തം ആചാരഭ്രാന്തുകളുടെ തടവറകളില്‍ ബന്ധിതരായി നശിച്ച, കേരളത്തിലെ ബ്രാഹ്മണരില്‍ നിന്ന് ഇ.എം.എസിനെ വ്യത്യസ്തനാക്കുന്നത്, കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ്. പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയമുഖമായ കമ്യൂണിസത്തിന്റെ മുഖംമൂടിയണിഞ്ഞ ഇ.എം.എസ്, ബ്രാഹ്മണന്റെ അപ്രമാദിത്വത്തെ തന്നിലേക്കാവാഹിക്കുകയായിരുന്നു.

1957ല്‍ ജനകീയരായ അനവധി നേതാക്കളുണ്ടായിരുന്നിട്ടും, മുഖ്യമന്ത്രിയായത് ഇ.എം.എസാണ്. ബ്രാഹ്മണ്യവും പാര്‍ട്ടി അച്ചടക്കമെന്ന വ്യക്തിത്വരാഹിത്യത്തെ സ്വയം വരിക്കാനുള്ള മടിയില്ലായ്മയുമായിരുന്നു ഇ.എം.എസിന്റെ കൈമുതല്‍. ടി.വി. തോമസിനെപ്പോലെയുള്ള വലിയ ജനനേതാക്കളെ തഴഞ്ഞ്, ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കുന്നതില്‍, താനും ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് എം.എന്‍. ഗോവിന്ദന്‍ നായര്‍ തന്റെ ആത്മകഥയില്‍ ഖേദിക്കുകയും ആത്മപരിഹാസം നടത്തുകയും ചെയ്യുന്നുണ്ട്.

പാര്‍ട്ടിക്ക് വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ പറയുകയും ചെയ്തിരുന്നത് ഇ.എം.എസ് മാത്രമായിരുന്നു. സി.പി.ഐ.എം എന്ന സംഘടനയെ നമ്പൂതിരിയില്ലത്തെ ‘കാര്യസ്ഥ കൂട്ടായ്മ’യാക്കി മാറ്റി. ‘കാര്യസ്ഥ കൂട്ടായ്മ’യുടെ അഖില കേരള രൂപമാണ് സി.പി.ഐ.എം. ബ്രാഹ്മണ മേല്‍ക്കോയ്മയുടെ സ്ഥാനത്ത് ജനാധിപത്യ കേന്ദ്രീകരണവും ശുംഭത്വത്തിന്റെ സ്ഥാനത്ത് ‘പാര്‍ട്ടി അച്ചടക്കവും’ സ്ഥാപിക്കപ്പെട്ടു.

അങ്ങനെ, ബലപ്രയോഗമി ല്ലാതെ തന്നെ സ്വന്തം അപ്രമാദിത്വം പാര്‍ട്ടിയ്ക്കുള്ളില്‍ നടപ്പാക്കാന്‍ ഇ.എം.എസിനു കഴിഞ്ഞു. ഒ.വി. വിജയന്റെ ഒരു കാര്‍ട്ടൂണില്‍, ഇ.എം.എസിനോട് സാദൃശ്യമുള്ള ഒരു വിഷപ്പാമ്പിനോട് ഒരാള്‍ ചോദിക്കുന്നു: അടുത്ത ജന്മത്തില്‍ ഏന്താകാനാണ് ആഗ്രഹം? ‘വിഷവൈദ്യന്‍’ എന്നാണ് പാമ്പിന്റെ മറുപടി. ഇ.എം.എസ് എന്ന നമ്പൂതിരി കമ്യൂണിസ്റ്റിനെ ഒ.വി. വിജയനെപ്പോലെ മറ്റാരും മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു!

ഒ.വി. വിജയന്‍

ഇ.എം.എസ് എന്ന ഏക മസ്തിഷ്‌ക പാര്‍ട്ടിയായി സി.പി.ഐ.എം മാറുമ്പോള്‍, അതിന്റെ സ്വഭാവമെന്തായിരിക്കും? ഇ.എം.എസ് ഒഴികെ മറ്റെല്ലാ നേതാക്കളുടെയും ജോലി, ഫണ്ട് പിരിക്കുക, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക, കമ്മിറ്റി കൂടുക, മുദ്രാവാക്യം വിളിക്കുക, സമരങ്ങള്‍ നടത്തുക, വല്ലപ്പോഴുമൊക്കെ പൊലീസിന്റെ അടി വാങ്ങുക, എന്നതുമാത്രമായിരുന്നു. മറ്റൊരു ജോലി കൂടി ഉണ്ടായിരുന്നു, രാഷ്ട്രീയ ശത്രുക്കളെ വകവരുത്തുകയെന്നത്.

ചിന്തയുടെ ആര്‍ഭാടമേതുമില്ലാത്ത നേതാക്കള്‍ക്ക് സംഘടനാ ശ്രേണിയില്‍ മേലോട്ടുയരാനുള്ള പ്രധാന യോഗ്യതകള്‍, ഫണ്ടുപിരിവിലെയും അടിപിടിയിലെയും സാമര്‍ത്ഥ്യമായിരുന്നു. കാര്യമായ വിദ്യാഭ്യാസമോ വാഗ്മിത്തമോ ഇല്ലാതിരുന്നിട്ടും, നേതൃത്വത്തിന്റെ ഗിരിശൃംഗങ്ങളിലെത്താന്‍ പിണറായി വിജയന് തുണയായത് ‘പണസമാഹരണ- ശത്രുസംഹാര’ നൈപ്യുണ്യമാണ്. ചിന്തിക്കുക, വിചാരിക്കുക തുടങ്ങിയ ‘ക്ലേശങ്ങള്‍’ മറ്റൊരാളിലേല്‍പ്പിക്കുന്ന ഒരു സംഘടനയ്ക്ക് അങ്ങനെയാകാനെ സാധിക്കൂ.

വന്‍തോതിലുള്ള പണസമാഹരണത്തിനും ശത്രു നിഗ്രഹത്തിനും നേതൃത്വം കൊടുക്കുന്നവര്‍ക്ക് ആധുനികവും സംസ്‌കാരസമ്പന്നവുമായ മൂല്യ-ഭാവുകത്വങ്ങള്‍ ചേരില്ല. അവര്‍ക്കാവശ്യം ‘ഗ്ലാഡ്, ദ് ഇംപെയ്‌ലറി’ന്റെ ക്രൂരതയും മനസാക്ഷിയില്ലായ്മയുമാണ്. ഇത് രണ്ടും ഒത്തിണങ്ങിയവര്‍ക്കു മാത്രമെ, ചിന്താക്ലേശമെന്തെന്നറിയാത്ത ഒരു സംഘടനയുടെ ക്യാപ്റ്റനും കാരണഭൂതനുമാകാനാവൂ.

സി.പി.ഐ.എമ്മിനു വേണ്ടിയുള്ള വിചാരച്ചുമട് സ്വയമേറ്റെടുത്ത ഇ.എം.എസ് അറിയപ്പെട്ടിരുന്നത് ‘ബുദ്ധിരാക്ഷസന്‍’ എന്നാണ്. ഇ.എം.എസിനെ ബുദ്ധിരാക്ഷസന്‍ എന്നു വിളിയ്ക്കുമ്പോള്‍, വെളിപ്പെടുന്നത് ചിന്തയേയും ബുദ്ധിയേയും കുറിച്ചുള്ള മലയാളിയുടെ ശുഷ്‌ക- ക്ഷുദ്രമായ ധാരണകളാണ്. ഇ.എം.എസ് വലിയ ചിന്തകനും പണ്ഡിതനുമാണെന്ന ഒരു ‘മിഥ്യ’ സൃഷ്ടിക്കാനും വ്യാപകമായി പ്രചരിപ്പിക്കാനും ഒരു പരിധി വരെ ഇ.എം.എസിനു തന്നെ കഴിഞ്ഞിരുന്നു.

ഇതര നേതാക്കളില്‍ നിന്നു വ്യത്യസ്തമായി, കലയേയും സാഹിത്യത്തെയും ചരിത്രത്തയും എന്നുവേണ്ട സൂര്യനു കീഴിലുള്ള ഏതു കാര്യത്തെയും കുറിച്ച് ‘അഭിപ്രായം’ (Opinion/ Doxa) പറയാന്‍ കഴിയുന്നവരായിരിക്കണം കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ എന്നൊരു ധാരണ എങ്ങനെയോ കേരളത്തില്‍ പ്രചരിച്ചിട്ടുണ്ട്. ‘ചിന്ത’ (thought) എന്നത് ‘അഭിപ്രായം’ പറയലാണെന്നാണ് ഇന്നും നിലനില്‍ക്കുന്ന പൊതുവിശ്വാസം. പ്രാചീന ഗ്രീസില്‍, അഭിപ്രായക്കാരെ ‘സോഫിസ്റ്റുകള്‍’ (Sophists) എന്നാണ് വിളിച്ചിരുന്നത്. പ്ലാറ്റോയ്ക്കും അരിസ്റ്റോട്ടിലിനും സോഫിസ്റ്റുകളോട് പരമപുച്ഛമായിരുന്നു.

കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് സോഫിസ്റ്റ് മാത്രമായിരുന്നു ഇ.എം.എസ്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍, 100 വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഇ.എം.എസിന്റെ സമ്പൂര്‍ണ കൃതികള്‍ പരിശോധിക്കട്ടെ! ‘ഭാരതീയ ദര്‍ശനം’ എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഹേത്വാഭാസവാദം (Indian Sophistry) അഥവാ ഇന്ത്യന്‍ മന്ത്രവാദത്തിന്റെ ഇടതുപക്ഷ പതിപ്പ് മാത്രമാണ് ഇ.എം.എസിന്റെ കൃതികള്‍. ‘ദര്‍ശന’ത്തെ മിക്കവരും ‘ഫിലോസഫി’ (തത്വചിന്ത) എന്നു പരിഭാഷപ്പെടുത്താറുണ്ട്. ദര്‍ശനം എന്നാല്‍ ഒരു ഇന്ദ്രിയ പ്രവര്‍ത്തനമോ ഇന്ദ്രിയാനുഭവമോ മാത്രമാണ്. രുചി, ശ്രവണം എന്നതുപോലെയുള്ള ഒരു ശരീരക്രിയ. എന്നാല്‍, തത്വചിന്തയുടെ വിവക്ഷ സാര്‍വലൗകിക തത്വങ്ങളിലൂടെയുള്ള ചിന്തയെന്നതാണ്.

ഹോമകുണ്ഡങ്ങള്‍ക്കു ചുറ്റുമിരുന്ന് നിരക്ഷര ബ്രാഹ്മണര്‍ നടത്തിയ അര്‍ത്ഥശൂന്യമായ പേച്ചുകളാണ്, പില്‍ക്കാലത്ത് ‘വേദാന്തം’ എന്ന പേരില്‍ ദര്‍ശനമായത്. നിരര്‍ത്ഥകവും മിക്കപ്പോഴും അശ്ലീലവുമായ കണ്ഠക്ഷോഭങ്ങളുടെയും വിതണ്ഡവാദത്തിന്റെയും മധ്യകാല വക്താവായിരുന്ന ശങ്കരനെ, ‘ഇന്ത്യന്‍ ഹെഗല്‍’ എന്നു വിശേഷിപ്പിച്ച ഇ.എം.എസിന്റെ ശതവാല്യ സമ്പൂര്‍ണ കൃതികള്‍, ആനുകാലിക കക്ഷിരാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ തുടങ്ങിയ മാര്‍ക്സിസ്റ്റ് ഗുരുക്കന്മാരുടെ ഉദ്ധരണികളുമാണ്. ഇതില്‍ മൗലികതയുള്ള ഒരു വാചകമെങ്കിലും ആര്‍ക്കെങ്കിലും കാണിക്കാനാകുമോ?

‘പ്രച്ഛന്ന പുഷ്യാമിത്രന്‍’

മൗലികചിന്താശൂന്യനായ ഒരു ബ്രാഹ്മണന്‍ ആധുനിക കേരളത്തിലെ ധൈഷണിക മാതൃകയായി മാറിയത്, പിന്നെ, എന്തുകൊണ്ട്? സവര്‍ണജാതി താല്പര്യങ്ങളെയും ബ്രാഹ്മണിക മുല്യങ്ങളെയും മാര്‍ക്സിസ്റ്റു പദാവലിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നതിലുള്ള ബ്രാഹ്മണ കൗശലമാണ് ഇ.എം.എസിനെ ബുദ്ധിരാക്ഷസനാക്കിയത്. അദ്ദേഹത്തിന്റെ പരസ്യ രാഷ്ട്രീയ ജീവിതത്തിനു പിന്നിലൊളിപ്പിച്ച രഹസ്യ രാഷ്ട്രീയം എന്നത്, മര്‍ദ്ദിത ജാതി രാഷ്ട്രീയത്തെയും അതിന്റെ നേതാക്കളെയും നമസ്‌കരിക്കുകയും അദൃശ്യവല്‍ക്കരിക്കുകയുമെന്നതായിരുന്നു.

നാരായണ ഗുരു, അംബേദ്കര്‍, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍ എന്നിവരെ തരംകിട്ടുമ്പോഴെല്ലാം ‘സാമ്രാജ്യത്വ പാദസേവകര്‍’ എന്നു വിളിക്കുക ഇ.എം.എസിന്റെ പതിവായിരുന്നു.ഇ.എം.എസിനെ സംബന്ധിച്ചിടത്തോളം ഉച്ചരിക്കാനോ എഴുതാനോ യോഗ്യമായ ഒരു നാമം പോലുമായിരുന്നില്ല, അയ്യന്‍ കാളിയുടേത്.

നിരന്തരം ആവര്‍ത്തിച്ചിരുന്ന ‘തൊഴിലാളി- കര്‍ഷകാദി- ബഹുജനങ്ങള്‍’ എന്ന പൊള്ളയായ സംവര്‍ഗം കൊണ്ട് ഇ.എം.എസ് മറയ്ക്കാനാഗ്രഹിച്ചത് ഇന്ത്യയിലെ മര്‍ദ്ദിത ജാതി ജനങ്ങളുടെ അസ്തിത്വമായിരുന്നു. പാര്‍ട്ടി നയങ്ങളില്‍ നിരന്തരം അഭിപ്രായം തിരുത്തിയിരുന്ന ഇ.എം.എസ് ജീവിതത്തിലൊരിക്കലും തിരുത്തിയിട്ടില്ലാത്ത ഒരു ‘ഇരുമ്പുലക്ക’ ഉണ്ടായിരുന്നു, അത് സംവരണത്തെക്കുറിച്ചുള്ളതായിരുന്നു. 1957ല്‍ തന്നെ ഇദ്ദേഹം സാമ്പത്തിക സംവരണമെന്ന സവര്‍ണവാദം മുന്നോട്ടുവെച്ചിരുന്നു.

മണ്ഡല്‍ കമ്മീഷനെ തുടര്‍ന്ന് 1992ല്‍ ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് (The Marxist Definition: Class and Caste in ‘Creamy Layer’ controversy. Frontline, October 17, 1957) എന്ന ശീര്‍ഷകത്തില്‍, ഇ.എം.എസ് ഫ്രണ്ട്ലൈന്‍ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തില്‍ (Ocotber 17, 1995) എഴുതി:

ഞാന്‍ അധ്യക്ഷനായുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റി 1958ല്‍ മുന്നോട്ടുവെച്ച ആശയത്തെ പരമോന്നത നീതി പീഠം, ‘ക്രീമിലെയര്‍’ എന്ന പേരില്‍ സാധൂകരിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഞാന്‍ ആവിഷ്‌കരിച്ച ഉള്ളടക്കത്തിന്, സുപ്രീംകോടതി മറ്റൊരു പേര് നല്‍കിയെന്നേയുള്ളു. അതിനാല്‍, ‘ക്രീമിലെയര്‍’ ആശയത്തിന്റെ ആദിപിതാവ് ഞാനാണ് എന്ന ഒരു അവകാശവാദം വിനയത്തോടെ ഞാന്‍ മുന്നോട്ടുവെയ്ക്കുന്നു. (I may, therefore, make the modest claim that I was the original author of the ‘creamy layer’ formula)

സാമ്പത്തിക സംവരണവാദത്തിന്റെ പിതൃത്വമാണ് ഇ.എം.എസിനെ അഭിമാനപൂരിതനാക്കുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തിലെ ഭരണശക്തിയായപ്പോഴും സവര്‍ണ- ബ്രാഹ്മണ അജണ്ട സമര്‍ത്ഥമായി നടപ്പാക്കി എന്നതുകൊണ്ടാണ്, ഇ.എം.എസ് ആധുനിക കേരളത്തിന്റെ ധൈഷണിക പ്രതീകമായി വാഴ്ത്തപ്പെടുന്നത്. ഉത്തരേന്ത്യയില്‍, അവസാന മൗര്യ രാജാവിനെ വധിച്ച്, ബ്രാഹ്മണാധിപത്യം പുനഃസ്ഥാപിച്ച പുഷ്യാമിത്രസംഗന്റെ വംശാവലിയിലെ അവസാനകണ്ണിയാണ് ഇ.എം.എസ്. അതിനാല്‍, ഇ.എം.എസിനെ ‘പ്രഛന്ന പുഷ്യാമിത്രന്‍’ എന്നു വിളിക്കാം.

പ്രച്ഛന്ന പുഷ്യാമിത്രന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സി.പി.ഐ.എം അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പുറംതോടിട്ട സവര്‍ണ പാര്‍ട്ടിയാണ്. ആര്‍.എസ്.എസിന്റെ പദ്ധതികള്‍, ആര്‍.എസ്.എസിനെക്കാള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സി.പി.ഐ.എമ്മിനു കഴിയും. അതുകൊണ്ടാണ് കേരളത്തിലെ സി.പി.ഐ.എമ്മിന്റെ തുടര്‍ഭരണത്തിന് ആര്‍.എസ്.എസിന്റെ നിരുപാധിക പിന്തുണ ലഭിച്ചത്.

ഇ.എം.എസ് അവശേഷിപ്പിച്ച ‘രാഷ്ട്രീയ കബന്ധം’

1998ല്‍ ഇ.എം.എസ് മരിക്കുമ്പോള്‍, അദ്ദേഹം അവശേഷിപ്പിച്ച സി.പി.ഐ.എം എന്ന സംഘടനയുടെ സ്വഭാവമെന്തായിരുന്നു? അദ്ദേഹത്തിന്റെ ജീവിതകാലത്ത്, പാര്‍ട്ടിയ്ക്കു വേണ്ടിയുള്ള ചിന്തയുടെയും ആലോചനയുടെയും മുള്‍ക്കുരിശ് ഇ.എം.എസ് സ്വയം ഏറ്റെടുത്തതിനാല്‍, ഇതര നേതാക്കളെല്ലാം സംഘടനയുടെ കൈകാലുകളും ആമാശയവും ആസനവുമായി മാറുകയാണുണ്ടായത്. ഇ.എം.എസിന്റെ മരണത്തോടെ, സി.പി.ഐ.എമ്മിന്റെ നേതൃത്വം ഈ അവയവങ്ങളുടെ ഉത്തരവാദിത്തമായി.

ഇ.എം.എസ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ, സ്വന്തമായ വിചാരമാവശ്യമില്ലാത്ത അവയവങ്ങള്‍, കൈക്കരുത്തുകൊണ്ടും പണക്കൊഴുപ്പുകൊണ്ടും, ക്രൂരതകൊണ്ടും പ്രാദേശിക മാഫിയാ ഡോണുകളെപ്പോലെ സ്വന്തം കീടസാമ്രാജ്യങ്ങള്‍ പണിതുയര്‍ത്തിയിരുന്നു. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇ.എം.എസിനു ശ്രദ്ധിക്കാന്‍ കഴിയാതെ വന്നതോടെ, സംഘടനയാകെ ഈ കീടസാമ്രാജ്യാധിപതികളുടെ മത്സരവേദിയായി മാറിയിരുന്നു. മരണത്തോടെ, ഇ.എം.എസ് അവശേഷിപ്പിച്ചത് ഒരു ‘രാഷ്ട്രീയകബന്ധ’മാണ്. (political torso) കബന്ധങ്ങളെ ഭരിക്കുന്നത് കൃമികളും പുഴുക്കളും ഈച്ചകളും കീടങ്ങളുമാണ്. ചിലപ്പോള്‍, കൂടുതല്‍ ശക്തരായ കീടങ്ങള്‍ക്ക്, അഥവാ കീടത്തിന്, ഇതര കൃമികീടങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയ്ക്കു നിര്‍ത്താന്‍ കഴിഞ്ഞേക്കും.

ഇ.എം.എസിന്റെ മരണശേഷം കേരളത്തിലെ സി.പി.ഐ.എമ്മില്‍ അതാണ് സംഭവിച്ചത്. സി.പി.ഐ.എമ്മില്‍ സംഭവിച്ച കീടമത്സരത്തെയാണ് ‘ഗ്രൂപ്പുവഴക്ക്’ എന്ന് ചിലര്‍ വിശേഷിപ്പിച്ചത്. കീടസംഘങ്ങളെ, ‘ഉറുമ്പ് കോളനി’കള്‍ എന്നു നിര്‍വചിക്കുന്നതായിരിക്കും നല്ലത്. ഉറുമ്പ് കോളനിയുടെ പ്രത്യേകത, അവിടെ അസ്തിത്വം ഒരൊറ്റ ഉറുമ്പിന് മാത്രമാണ്. ‘ഉറുമ്പത്തി’യ്ക്ക് (Queen Ant). ഉറുമ്പുകളുടെ ജോലി ഉറുമ്പത്തിയുടെ അസ്തിത്വത്തെ പൊലിപ്പിക്കുക മാത്രമാണ്. തിരുവാതിരകളും പാര്‍ട്ടി കോണ്‍ഗ്രസ്സും കെ റെയിലും ഒക്കെ, ഉറുമ്പത്തിയെ സുഖിപ്പിക്കാനുള്ള കെട്ടുകാഴ്ചകള്‍ മാത്രം.

അസ്തിത്വശൂന്യരായ നൂറായിരക്കണക്കിന് ഉറുമ്പുകളും ഉറുമ്പത്തിയും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹ്യ കൂട്ടായ്മയെ ‘സാമൂഹ്യ ജൈവശാസ്ത്ര’ (Socio- biology) ശാഖയുടെ ഉപജ്ഞാതാവായ ഇ.ഒ. വില്‍സണ്‍ ‘യു- സോഷ്യല്‍’ (eu- social) എന്നാണ് നിര്‍വചിക്കുന്നത്. മനുഷ്യരുടെ സാമൂഹ്യ ബന്ധങ്ങളുമായി ഇതിനു സമാനതകളില്ല. സി.പി.ഐ.എം എന്ന ഉറുമ്പ്-കീടകോളനിയില്‍ ഉറുമ്പത്തിയുടെ പദവി ലഭിച്ചത് പിണറായി വിജയനാണ്. അതിനാല്‍, സി.പി.ഐ.എമ്മിലെ ലക്ഷോപലക്ഷം നേതാക്കളും അനുയായികളുമെല്ലാം പിണറായി എന്ന ഉറുമ്പത്തിയുടെ പോഷക കീടങ്ങള്‍ മാത്രമാണ്. ഈ കോളനിയെ ‘പിണറായി കോളനി’യെന്നു പുനര്‍നാമകരണം ചെയ്യാം.

മലയാള സമൂഹത്തിന്റെ കാര്യസ്ഥ മനോഭാവം

സാധാരണ ഉറുമ്പ് കോളനികളില്‍ നിന്നു പിണറായി കോളനിയെ വ്യത്യസ്തമാക്കുന്നത് ചില അജൈവ പ്രത്യേകതകളാണ്. കലാ- സാഹിത്യ- സാംസ്‌കാരിക നായകര്‍ എന്ന വിചിത്ര സ്പീഷീസിന്റെ വായ്ത്താരികളാണ് ഒന്നാമത്തേത്. സാഹിത്യ- സംഗീത- നാടക അക്കാദമികളുടെയും മറ്റനേകം സാംസ്‌കാരിക സ്ഥാപനങ്ങളുടെയും തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ട ഈ നായകര്‍ കീടഫാസിസ്റ്റിന്റെ മാഫിയ ദര്‍ബാറിലെ വിദൂഷകരുടെ ജോലിയാണ് നിര്‍വഹിക്കുന്നത്.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, പിളര്‍പ്പിന് മുമ്പും പിളര്‍പ്പിന് ശേഷവും കലാ- സാഹിത്യ- സാംസ്‌കാരിക മേഖലയെ വരുതിക്കു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. അതിന് ഒരു കാരണം, കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ ഭരിക്കുന്നത്, പ്രച്ഛന്ന പുഷ്യാമിത്രനായ ഇ.എം.എസിലൂടെ സാധൂകരിക്കപ്പെട്ട ബ്രാഹ്മണ മേല്‍ക്കോയ്മയും കാര്യസ്ഥ മനോഭാവവുമാണ് എന്നതാണ്. അപൂര്‍വം ചില പ്രതിഭകളൊഴിച്ചാല്‍, മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും വെറും മീഡിയോക്കറുകളാണ്. ഈ മീഡിയോക്കര്‍ സാഹിത്യം, നായര്‍ കാര്യസ്ഥബോധത്തിന്റെ ആധുനിക മണിപ്രവാള രൂപങ്ങള്‍ മാത്രമാണ്.

ചങ്ങമ്പുഴയുടെ മാറ്റൊലി കവി മാത്രമായ ഒരാള്‍ക്കുമേല്‍ മഹാകവി കിരീടം ചാര്‍ത്തുന്നത് ഈ മണിപ്രവാള സ്വാധീനം കൊണ്ടാണ്. ബംഗാളിലെ ബുദ്ധിജീവികളും എഴുത്തുകാരും പൊതുവെ ഇടതുമനോഭാവമുള്ളവരായിരുന്നുവെങ്കിലും, സി.പി.ഐ.എം എന്ന ദുരധികാരശക്തിയ്ക്കു സ്വയം പണയപ്പെടുത്തിയവരായിരുന്നില്ല. നന്ദിഗ്രാമിലും സിങ്കൂരിലും ബംഗാളിലെ ഇടതുസാംസ്‌കാരിക ലോകം ഒന്നടങ്കം സമരമുഖത്ത് അണിനിരന്നത് അതുകൊണ്ടാണ്. എന്നാല്‍, സി.പി.ഐ.എമ്മിന്റെ പണയപ്പണ്ടങ്ങള്‍ മാത്രമായ കേരളീയ സാംസ്‌കാരിക നായകരില്‍ നിന്ന് അത്തരമൊരു സ്വാതന്ത്ര്യ പ്രഖ്യാപനം പ്രതീക്ഷിക്കുന്നത് വെറും വ്യാമോഹമാണ്.

കെ റെയിലിനെതിരായ പ്രസ്താവനയില്‍ ഒപ്പിട്ട ചില സാംസ്‌കാരിക വിദൂഷകര്‍, പുതിയ സ്ഥാനലബ്ധിയെ തുടര്‍ന്ന് സ്വന്തം ഒപ്പ് മായ്ച്ചത് നാം കണ്ടതാണല്ലോ.

ഇതെല്ലാം തെളിയിക്കുന്നത്, മലയാള സാഹിത്യവും ബൗദ്ധികതയും ഈ 21-ാം നൂറ്റാണ്ടിലും നായര്‍ കാര്യസ്ഥ മനോഭാവത്തിനപ്പുറത്തേക്കു വളര്‍ന്നിട്ടില്ല എന്നതാണ്. ഈ നായര്‍ സാഹിത്യ ദര്‍ബാറിലെ പല പ്രമുഖരും പുകള്‍പെറ്റ സാഹിത്യകള്ളന്‍മാര്‍ (Plagiarists) കൂടിയാണ്. സാഹിത്യമോഷണത്തെ ‘അഭിമാനകര’മായ കലയും പ്രഭാഷണവുമാക്കിയ കുഞ്ഞുകീടങ്ങളാണ് ഇടതു സാഹിത്യ- സാംസ്‌കാരിക മണ്ഡലത്തില്‍ നുരയുന്നത്.

പിണറായി കോളനിയുടെ രണ്ടാമത്തെ പ്രത്യേകത, അതിന്റെ രാഷ്ട്രീയാധികാര ലബ്ധിയാണ്. തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയാധികാരത്തിലെത്താന്‍ കഴിയുംവിധം കേരളീയ സമൂഹത്തെ ഒരു പരിധിവരെ കാര്യസ്ഥവല്‍ക്കരിക്കാന്‍ സി.പി.ഐ.എമ്മിന് കഴിഞ്ഞിട്ടുണ്ട്. 2016ല്‍ ‘എല്‍.ഡി.എഫ് വരും, എല്ലാ ശരിയാകും’ എന്ന അശ്ലീല അധമ വാഗ്ദാനത്തില്‍ വിശ്വസിക്കുകയും 2021ല്‍ പിണറായിയുടെ ‘ഉറപ്പി’ല്‍ മനം മയങ്ങുകയും ചെയ്യുന്ന ഒരു അടിമപ്പറ്റമായി കേരളത്തിലെ ഭൂരിപക്ഷ വോട്ടര്‍ സമൂഹത്തെ മാറ്റിയെടുക്കാന്‍ പിണറായി കോളനിയുടെ പ്രചരണങ്ങള്‍ക്ക് കഴിഞ്ഞു.

ഒരു കീടഫാസിസ്റ്റിനെ രണ്ടാമതും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്ന ജനതയെ ആധുനികമായ അര്‍ത്ഥത്തില്‍, ‘പീപ്പിള്‍’ (people) എന്നു വിളിയ്ക്കാനാവില്ല. 2002ലെ വംശഹത്യയ്ക്ക് ശേഷവും ഒരു ‘മാസ് മര്‍ഡറ’റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഗുജറാത്ത് ജനതയെപ്പോലെ ഭൂരിപക്ഷ കേരളീയ വോട്ടര്‍ സമൂഹവും ഒരു വഷളന്‍ സമൂഹമായി മാറിയിരിക്കുന്നു!

സി.പി.ഐ.എമ്മും പിണറായിയെന്ന കീടഫാസിസ്റ്റും കേരളത്തിന്റെ ആശങ്കയും ആധിയുമാകാന്‍ കാരണം, അത് ഭരണഘടനാനുസൃത ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്നു എന്നതാണ്. അല്ലായിരുന്നുവെങ്കില്‍, ഒരു അഖില കേരള ക്രിമിനല്‍ ഗാംങ് അഥവാ സംഘടിത മാഫിയയെന്ന നിലയ്ക്ക്, പൊലീസിന്റെ തലവേദന മാത്രമാകുമായിരുന്നു. സി.പി.ഐ.എമ്മിന്റെയും കീടഫാസിസ്റ്റിന്റെയും കയറ്റിറക്കങ്ങള്‍ അടിമത്തത്തെ സ്വയം വരിച്ചിട്ടില്ലാത്ത മലയാളിയുടെ ഉല്‍ക്കണ്ഠയാകുന്നത് ഭയാനകമായ അവസ്ഥയാണ്.

ലോകത്തൊരിടത്തും മാഫിയ സംഘങ്ങള്‍ ഒരേസമയം നിയമാനുസൃത ഭരണകൂടമായിട്ടില്ല. കൊളംബിയന്‍-  മെക്സിക്കന്‍ മാഫിയ ഡോണുകളായിരുന്ന പാബ്ലോ എസ്‌ക്കോബാറും എല്‍ ചാപ്പോയും എന്നും ഭരണകൂടത്തിന്റെ പിടികിട്ടാപ്പുള്ളികളായിരുന്നു. എന്നാല്‍, കേരളത്തിലെ ഒരു ചെറുകിട പാബ്ലോ എസ്‌ക്കോബാറിന് ഒരേസമയം മാഫിയ ഡോണും മുഖ്യമന്ത്രിയുമാകാന്‍ കഴിയുന്നു എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. ഇത്തരമൊരവസ്ഥയുടെ അപായകരമായ പരിണതികള്‍ നാം മനസിലാക്കേണ്ടതുണ്ട്.

കേരളത്തിന്റെ ‘സ്റ്റാസിസ്’

കേരള സമൂഹം അതിഭയാനകവും അഗാധവുമായൊരു ‘സ്തംഭനാവസ്ഥ’യില്‍ (Stasis) അമര്‍ന്നിരിക്കുകയാണ്. മൂന്നരക്കോടി മലയാളികളുടെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ചിറകുമുളയ്ക്കാനാകാതെ വരുന്ന അവസ്ഥയെയാണ് ‘സ്റ്റാസിസ്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. Reghu Janardhanan, Deconstructive Materialism: (Philosophy World Democracy, 13 November 2021) കുല- ഗോത്ര- ജാതി സമൂഹങ്ങളില്‍ നിന്ന് ആധുനിക ജനാധിപത്യ സമൂഹങ്ങളെ വ്യതിരിക്തമാക്കുന്നത്, നീതിയിലും, സമത്വത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ നിയമവ്യവസ്ഥയുടെയും ഭരണഘടനയുടെയും സാന്നിധ്യമാണ്.

ലിഖിത ഭരണഘടന നിലവില്‍ വരുന്നതിനുമുമ്പ്, ഇന്ത്യയിലെയും കേരളത്തിലെയും മനുഷ്യര്‍ ജീവിച്ചുപോന്നത് ജാതി വഴക്കങ്ങളുടെയും ആന്തരികവല്‍ക്കരിച്ച ശീലങ്ങളുടെയും പിന്‍ബലത്തിലായിരുന്നു. മേല്‍ജാതിക്കാര്‍ക്കു മുമ്പില്‍ വഴിമാറി ഓച്ഛാനിച്ച് നില്‍ക്കുകയെന്നത് കീഴ്ജാതിക്കാര്‍ ഒരു ‘ജനിതകവാസന’ പോലെ അനുശീലിച്ചിരുന്നു. ജാതി നിയമങ്ങള്‍ നടപ്പാക്കുന്നതിന് പൊലീസിന്റെയോ പട്ടാളത്തിന്റെയോ ആവശ്യമില്ലായിരുന്നു. കാരണം, ബ്രാഹ്മണധര്‍മസംഹിതകളും പുരാണങ്ങളും ഇതിഹാസങ്ങളും മനുഷ്യര്‍ക്കിടയിലെ ഉത്തമാധമ ബോധത്തെ ‘സാമൂഹ്യവാസന’കളാക്കി (Social Instinct) മാറ്റിയിരുന്നു.

ബ്രിട്ടീഷുകാരുടെ ആഗമനത്തിനുമുമ്പ്, ജാതി സാമൂഹ്യവാസനകള്‍ക്കൊത്ത് ചലിച്ചിരുന്ന ഒരു ജാഢസമൂഹമായിരുന്നു ഇന്ത്യ. ഈ ജാഢസമൂഹത്തിന്റെ ഗുണഭോക്താക്കള്‍ നിസ്സാരന്യൂനപക്ഷമായ സവര്‍ണര്‍ മാത്രമായിരുന്നു. അനീതിയും അടിച്ചമര്‍ത്തലും അടിമത്തവും വിജ്ഞാനശൂന്യതയും മുഖമുദ്രകളായസവര്‍ണ സംസ്‌കാരത്തെയാണ്, ഇന്ന് ‘ഭാരതീയ സംസ്‌കാരം’, ‘ഹിന്ദുസംസ്‌കാരം’ എന്നൊക്കെ വാഴ്ത്തുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് സാന്നിധ്യമുണ്ടാകുന്നതുവരെ ഇന്ത്യ ഉപഭൂഖണ്ഡം സ്റ്റാസിസിന്റെ പടുകുഴിയിലാണ് കഴിഞ്ഞുപോന്നത്. ഈ ‘ഭാരീതയ- ഹൈന്ദവ’ സ്റ്റാസിസിനെ ഭഞ്ജിക്കുകയും പിളര്‍ക്കുകയും ചെയ്ത പുരോഗമനപരവും വിപ്ലവകരവുമായ രാഷ്ട്രീയ- വിച്ഛേദന വിസ്ഫോടനമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ‘ബ്രിട്ടീഷ് കോളാണിയലിസം’. ജാതി സാമൂഹ്യവാസനകളുടെ സമ്മര്‍ദ്ദത്തില്‍ നിന്നു മുക്തമാകാനും മറയ്ക്കപ്പെട്ട സ്വന്തം മനുഷ്യാന്തസ്സിനെക്കുറിച്ച് ചിന്തിക്കാനും മര്‍ദ്ദിത ജാതി മഹാഭൂരിപക്ഷത്തിനു പ്രേരകമായ ഈ അനസ്റ്റാസിസിനെതിരായ സവര്‍ണ ന്യൂനപക്ഷപ്രതികരണമാണ് ചരിത്രപാഠപുസ്തകങ്ങളില്‍ ‘ഇന്ത്യന്‍ ദേശീയപ്രസ്ഥാന’മെന്നും ‘സ്വാതന്ത്ര്യസമര’മെന്നും പ്രകീര്‍ത്തിക്കപ്പെടുന്നത്!

‘ചുവന്നവാലുകള്‍’

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് 1964ല്‍ രൂപംകൊണ്ട സി.പി.ഐ.എം ഇന്ന് കേരളത്തില്‍ മാത്രമേ അവശേഷിക്കുന്നുള്ളു. എന്നാല്‍, കഴിഞ്ഞ 58 വര്‍ഷങ്ങളായി നമ്മുടെ ഭാഗധേയത്തിന്റെ നിര്‍ണായക ഘടകമായ സി.പി.ഐ.എമ്മിന്റെ തുറസ്സും ഇരുട്ടും നമ്മുടെ കൂടി തുറസ്സും ഇരുട്ടുമാണ്. വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ താല്‍പര്യങ്ങളെയും സംഘര്‍ഷങ്ങളെയും രാഷ്ട്രീയ- മണ്ഡലത്തില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഒരു സംഘടനയെ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി എന്ന വിശേഷണത്തിനര്‍ഹമാക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തിന്റെ അനസ്റ്റാസിസിനും മനുഷ്യസ്വാതന്ത്ര്യത്തിനും വിഘാതമായ മുഖ്യശക്തി ജാതി സാമൂഹ്യക്രമമാണ്. അതിനാല്‍, ജാതി നിര്‍മാര്‍ജനം മുഖ്യലക്ഷ്യമായി കാണാത്ത സി.പി.ഐ.എമ്മിനെയും സി.പി.ഐയേയും കമ്യൂണിസ്റ്റ് പാര്‍ട്ടികളായി കാണാനാവില്ല. ന്യൂനപക്ഷ സവര്‍ണ ദേശീയപ്രസ്ഥാനത്തിന്റെ ദുര്‍മേദസില്‍ മുളച്ച ഈ ‘ചുവന്ന വാലുകള്‍’, ഫലത്തില്‍ സവര്‍ണതാല്പര്യത്തിന്റെ ‘കുരയ്ക്കാത്ത നായ്ക്കള്‍’ മാത്രമാണ്. ഈ പാര്‍ട്ടികളുടെ ഓഫീസുകളില്‍, ജ്യോതി റാവുഫുലെ, നാരായണഗുരു, അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍, അംബേദ്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനമില്ലാത്തത് ഒട്ടും യാദൃശ്ചികമല്ല!

സി.പി.ഐ.എം എന്ന രാഷ്ട്രീയമാഫിയ

സി.പി.ഐയെ അപേക്ഷിച്ച് സി.പി.ഐ.എം അത്യന്തം വിനാശകരമാകുന്നത്, അതൊരു ലക്ഷണമൊത്ത ‘രാഷ്ട്രീയമാഫിയ’ (political mafia) ആയിരിക്കുന്നു എന്നതാണ്. ലോകത്തെമ്പാടുമുള്ള ക്രിമിനല്‍ മാഫിയകളുടെ ജീനസിലെ പുതിയൊരു സ്പീഷിസാണിത്. കമ്യൂണിസ്റ്റ് രാഷ്ട്രീയാദര്‍ശങ്ങളെ മുന്‍നിര്‍ത്തി ആരംഭിക്കുകയും അടവുപരമായി ഭരണഘടനാ രാഷ്ട്രീയാധികാരം നേടുകയും ചെയ്തതിന് ശേഷം ആ അധികാരമുപയോഗിച്ചുകൊണ്ട് പതുക്കെപ്പതുക്കെ ഒരു അധോലോക ക്രിമിനല്‍ സാമ്പത്തിക സാമ്രാജ്യവും പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന വിളിപ്പേരുള്ള ക്രിമിനലുകളുടെ വലിയൊരു മാഫിയ ശൃംഖലയുമായി വളര്‍ന്ന സി.പി.ഐ.എം കേരളത്തിന്റെ ഭാവിജീവിതം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്.

പതിനായിരക്കണക്കിനു പാര്‍ട്ടി ഗുണ്ടകളുടെ അധോലോക ശൃംഖലയും വമ്പിച്ച സാമ്പത്തിക ശക്തിയും ഭരണകൂടാധികാരവും ഒന്നിക്കുമ്പോഴുള്ള അതിഭീതിദമായ രാഷ്ട്രീയ മാഫിയയെ, ഒരു രാഷ്ട്രീയപാര്‍ട്ടിയായോ ഇടതുപക്ഷമായോ കാണുന്നതുപോലും ആത്മഹത്യാപരമാണ്.പാബ്ലോ എസ്‌കോബാറിന്റെയും എല്‍ചാപ്പോയുടെയും ലാറ്റിനമേരിക്കന്‍ മാഫിയകള്‍, പിണറായി വിജയന്റെ രാഷ്ട്രീയ മാഫിയയ്ക്കു മുമ്പില്‍ എത്രയോ നിസ്സാരം!

പാബ്ലോ എസ്‌കോബാര്‍

പാബ്ലോ എസ്കോബാറിനെപ്പോലെയുള്ള മാഫിയത്തലവന്മാര്‍, നിയമാനുസൃത ഭരണകൂടത്തിന്റെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറുകയും നിയന്ത്രിക്കുകയും ചിലപ്പോള്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സ്വയം ഭരണകൂടമായി മാറിയിട്ടില്ല. കൊളംബിയന്‍ ഭരണകൂട വ്യവസ്ഥ എന്നും എസ്കോബാറിനെ ഒരു ക്രിമിനല്‍ ആയിട്ടാണ് വിലയിരുത്തിയത്. മാഫിയയും ഭരണകൂടവും തമ്മില്‍ ഉദ്ഗ്രഥിനമാക്കാന്‍ എസ്കോബാറിനു പോലും കഴിഞ്ഞിരുന്നില്ല.

കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളത്തില്‍ കോടതി ഒഴികെയുള്ള എല്ലാ ഭരണകൂടസ്ഥാപനങ്ങളും ഇന്ന് സി.പി.ഐ.എം മാഫിയയുടെ നിയന്ത്രണത്തിലായി കഴിഞ്ഞിരിക്കുന്നു. കോടതിയെ മാറ്റിനിര്‍ത്തിയാല്‍, നിയമവിരുദ്ധ മാഫിയയും നിയമാനുസൃത ഭരണകൂടവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞിരിക്കുന്നു. മാഫിയയും സ്റ്റേറ്റും തമ്മിലും നിയമാനുസൃത മുഖ്യമന്ത്രിയും മാഫിയഡോണും പരസ്പരം വെച്ചുമാറാവുന്ന വിധം ഇഴുകിചേര്‍ന്നിരിക്കുന്നു. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണ സംവിധാനത്തെയാകെ മാഫിയവല്‍ക്കരിച്ചിരിക്കുന്നു. സി.പി.ഐ.എം ഭരണകൂടസഹവര്‍ത്തിത്വം കേരളത്തില്‍ ഒരു പുതിയതരം ‘മാഫിയ സ്റ്റേറ്റിന്’ രൂപം നല്‍കിയിരിക്കുന്നു.

ജനക്ഷേമ ഗവണ്മെന്റിനെ ഒരു ഡ്രാക്കുള ഗവണ്മെന്റാക്കി മാറ്റാന്‍ പിണറായി വിജയന്‍ വിജയിച്ചിരിക്കുന്നു. കോണ്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റേറ്റ് അപ്പാരറ്റസ് എന്ന ബാഹ്യ പ്രതിച്ഛായയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത്, ഒരു ‘മാഫിയ ഡ്രാക്കുള സ്റ്റേറ്റാണ്.’

‘ജനാധിപത്യ കേന്ദ്രീകരണം’ എന്നു വിളിക്കുന്ന ജനാധിപത്യ ധ്വംസനവും വിമര്‍ശനരാഹിത്യവും ഈ മാഫിയയുടെ സംഘടനാ സംവിധാനത്തെ ജാതി സമൂഹത്തെപ്പോലെ ഒരു ‘ആചാരസംഘടന’യാക്കുന്നു. സംഘടനയിലെ അംഗങ്ങള്‍, സംഘടനാ ചട്ടങ്ങള്‍ അനുഷ്ഠാനംപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ആചാരസംഘടനകളുടെ പ്രവര്‍ത്തനത്തെ നയിക്കുന്ന തത്വത്തെ ഷാജ്മോഹനും ദിവ്യ ദിവ്വേദിയും ‘കാലിപ്സോളജി’ (Calypsology) എന്നു നിര്‍വചിക്കുന്നു. Shaj Mohan and Divya Dwivedi, Gandhi and Philosophy: On Theological Anti-Politics, P.128). പിറവിയില്‍ ആവിഷ്‌കരിക്കപ്പെട്ട സംഘടനാ ചട്ടങ്ങളെ യാതൊരു മാറ്റവുമില്ലാതെ സംരക്ഷിക്കുകയും പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന രീതിയേയാണ് കാലിപ്സോളജി എന്നു പറയുന്നത്.

ഗാന്ധിജിയുടെ ‘രാമരാജ്യ’മെന്നതുപോലെ, സി.പി.ഐ.എമ്മിന്റെ ‘നവകേരള’വും, പുതുമകളുടെയും വിപ്ലവങ്ങളുടെയും മുകളില്‍ കൂടി കെ റെയില്‍ ഓടിക്കുന്ന പൈശാചിക പദ്ധതികളാണ്. രാമരാജ്യത്തിന്റെ നായകന്‍ ശംബൂകഘാതകനും സീതയ്ക്ക് ജീവിതം നിഷേധിച്ചവനുമായ രാമനായിരുന്നുവെങ്കില്‍, 51 വെട്ടുകളുടെ ‘ഏക്ഷന്‍ഹീറോ’യായ പിണറായി വിജയനാണ് നവകേരള നായകനും കാരണഭൂതനും. സ്വന്തം അധോലോക പ്രതിച്ഛായയെ മറയ്ക്കാന്‍, സി.പി.ഐ.എം തിരുവാതിരകളും പാര്‍ട്ടി കോണ്‍ഗ്രസും നടത്തുന്നു.

എല്ലാ മാഫിയകള്‍ക്കും അതിന്റേതായ അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമുണ്ട്, ചിഹ്നങ്ങളും പ്രതീകങ്ങളുമുണ്ട്. അംഗങ്ങള്‍ തമ്മിലുള്ള പാരസ്പര്യവും മാഫിയത്തലവനോടുള്ള അനുസരണയും ദൃഢമാക്കുന്നതിന് ഇത്തരം അനുഷ്ഠാന മാമാങ്കങ്ങള്‍ ആവശ്യമാണ്. സാധാരണ മാഫിയകളുടെ കാര്യത്തിലെന്നപോലെ, രാഷ്ട്രീയ മാഫിയകളുടെ കാര്യത്തിലും ലക്ഷ്യവും മാര്‍ഗവും ഒന്നായിത്തീരുന്നു. സി.പി.ഐ.എം എന്ന രാഷ്ട്രീയ മാഫിയയുടെയും പിണറായി വിജയന്റെയും ലക്ഷ്യവും മാര്‍ഗവും ദുരധികാരവും സമ്പത്തുമാണ്.

മാഫിയത്തലവന്മാര്‍ അണികളോട് അടുത്തിടപെഴകുമ്പോള്‍ തന്നെ, ദുരൂഹമായിരിക്കുകയും ചെയ്യും. അയാള്‍ എന്തു ചിന്തിക്കും, എന്തുചെയ്യും എന്ന് മാഫിയ അംഗങ്ങള്‍ക്ക് ഒരു നിശ്ചയവുമുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ, ചട്ടലംഘനങ്ങളോ അനുസരണക്കേടോ അപൂര്‍വമായിരിക്കും. അഥവാ അങ്ങനെ സംഭവിച്ചാല്‍, ക്രൂരമായ കൊലയായിരിക്കും ശിക്ഷ. അത് അംഗങ്ങളെ നിതാന്തഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തും. മിക്ക മാഫിയ ഡോണുകളും ക്രൂരതയെ വിനോദമാക്കിയവരാണ്. അതിനാല്‍, സമകാലിക ലോകത്തിലെ മാഫിയ സോണുകളെ ‘ഇംപെയ്‌ലര്‍’ മാര്‍ എന്നും ‘ഡ്രാക്കുള’മാര്‍ എന്നും വിളിക്കാം. സമകാലിക കേരളത്തിന്റെ ‘ഇംപെയ്‌ലറും’ ‘ഡ്രാക്കുള’യുമാണ് പിണറായി വിജയന്‍ എന്ന കീടഫാസിസ്റ്റ്.

സി.പി.ഐ.എം എന്ന രാഷ്ട്രീയ മാഫിയയുടെയും പിണറായി വിജയന്റെയും ലക്ഷ്യവും മാര്‍ഗ്ഗവും ഒന്നായിത്തീരുന്ന ചരിത്ര ദുര്‍സന്ധിയിലാണ് നാമിന്ന് ജീവിക്കുന്നത്. പിണറായി വിജയന്റെയും കുടുംബത്തിന്റെയും അനുസരണയുള്ള കാര്യസ്ഥരോ പരിചാരകരോ ആവുകയാണ്, ഒരു മാതൃകാ സി.പി.ഐ.എം നേതാവിന്റെയും പ്രവര്‍ത്തകന്റെയും ഏകലക്ഷ്യം. സ്റ്റാലിനിസ്റ്റു സംഘടനാ ചിട്ടകള്‍ കര്‍ക്കശമായി പിന്തുടരുന്നുവെങ്കിലും, പിണറായി വിജയനെ സ്റ്റാലിനുമായി താരതമ്യം ചെയ്യരുത്. പിനോഷെ, പോള്‍പോട്ട്, ഫെര്‍ഡിനാന്റ് മാര്‍ക്കോസ്, പാബ്ലോ എസ്കോബാര്‍, എല്‍ചാപ്പോ തുടങ്ങിയ കീടഫാസിസ്റ്റുകളും മാഫിയ ഡോണുകളുമായിട്ടാണ് പിണറായി വിജയന് കൂടുതല്‍ സാദൃശ്യം.

പല ഘടകങ്ങള്‍ ചേരുമ്പോഴാണ് ഒരു ക്രമം അഥവാ വ്യവസ്ഥയുണ്ടാകുന്നത്. ഓരോ ഘടകത്തിനും (component) ഇതര ഘടകങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കിലും സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളുണ്ട്. ഘടകങ്ങള്‍ വ്യവസ്ഥയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം, ഏതെങ്കിലുമൊരു ഘടകത്തിന്റെ താല്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍, വ്യവസ്ഥയാകെ സ്റ്റാസിസില്‍ പെടുന്നു. സി.പി.ഐ.എമ്മിലെ അനവധി ഘടകങ്ങള്‍, മറ്റൊരു ഘടകം മാത്രമായ പിണറായി വിജയനെ പോഷിപ്പിക്കുന്ന അനുബന്ധങ്ങള്‍ മാത്രമാണിന്ന്.

ഇതാണ് സി.പി.ഐ.എമ്മിനെ ബാധിച്ചിരിക്കുന്ന സ്റ്റാസിസ്. കേരളസമൂഹത്തിലെ അനവധി ഘടകങ്ങളിലൊന്നു മാത്രമായ സി.പി.ഐ.എമ്മിന്റെ സ്റ്റാസിസ് ഇന്ന് കേരളത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ ഇതര രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളെയെല്ലാം തകര്‍ക്കുകയും അവയെ സി.പി.ഐ.എമ്മിന്റെയും പിണറായി വിജയന്റെയും മാഫിയ താല്പര്യങ്ങള്‍ക്കു അടിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ഭാവി നേരിടുന്ന ഏറ്റവും വലിയ വിപത്ത് സി.പി.ഐ.എമ്മും പിണറായി വിജയനുമാണെന്നു പറയുന്നത് അതുകൊണ്ടാണ്.

സ്റ്റാസിസത്തിലകപ്പെടുന്ന വ്യവസ്ഥകള്‍ ക്രമേണ ‘അനോമിയ’യിലേക്കു (anomia) പതിക്കുന്നു. അതിനെ ഭരിക്കുന്നത് ഭീകരവിചിത്ര ജീവികളായിരിക്കും. ഗ്രീക്കു മിത്തുകളിലെ ‘ടൈഫൂണ്‍’ (Typhoon) ഇങ്ങനെയൊരു മോണ്‍സ്റ്ററാണ്. ഹെസിയോഡിന്റെയും സോഫോക്ലിസിന്റെയും മിത്തിക്കല്‍ ആഖ്യാനഗാംഭീര്യത്തിന്റെ വിദൂരലാഞ്ചന പോലുമില്ലെങ്കിലും പിണറായി വിജയന്‍, ഒരു കീട ടൈഫൂണ്‍ ആണ്.

വിപ്ലവത്തെയും തൊഴിലാളി വര്‍ഗത്തിന്റെ സ്വാഭാവിക നേതൃശേഷിയേയും കുറിച്ച് മാര്‍ക്സ് അവശേഷിപ്പിച്ച ആശയക്കുഴപ്പങ്ങള്‍, ഇത്തരം കീടനേതാക്കളെ സാധൂകരിക്കുന്നു. തൊഴിലാളി വര്‍ഗത്തിന് സഹജമായ വിപ്ലവബോധവും സാമൂഹ്യപരിവര്‍ത്തനോന്‍മുഖതയുമുണ്ടെന്ന് മാര്‍ക്സ് എഴുതിയത്, ഒരുപക്ഷെ, തന്റെ സമകാലികമായ തൊഴിലാളി സംഘടനകളെ സാധൂകരിക്കാനാവാം. എന്നാല്‍, തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ബഹുജനങ്ങള്‍ക്കും ആസന്ന ഭൗതിക താല്‍പര്യങ്ങള്‍ മാത്രമെയുള്ളുവെന്ന് മാര്‍ക്സിന് അറിയാമായിരുന്നെങ്കിലും, അത് പരസ്യമായി പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നു വേണം അനുമാനിക്കാന്‍.

മാര്‍ക്സിന്റെ ഈ മുടിവെയ്പ് പിണറായി വിജയനെപ്പോലെയുള്ള ശരാശരിക്കാര്‍ക്ക് വലിയ സാധൂകരണമാണ് നല്‍കുന്നത്. വേണ്ടത്ര വിദ്യാഭ്യാസമോ വിവരമോ ചിന്താശേഷിയോ ഇല്ലെങ്കിലും, തന്റെ തൊഴിലാളി പശ്ചാത്തലം തനിക്ക് നേതൃഗുണങ്ങള്‍ നല്‍കുന്നുവെന്ന് അഹങ്കരിക്കാന്‍ പിണറായി വിജയനെ പ്രാപ്തനാക്കുന്നു.

ധിഷണാശൂന്യതയുടെ ഈ അഹന്ത, പൊതുവില്‍, ബുദ്ധിജീവിനിന്ദമായി പരിണമിക്കുന്നു. എന്നാല്‍ ജനങ്ങളുടെയും തൊഴിലാളി വര്‍ഗത്തിന്റെയും ആസന്ന താല്‍പര്യങ്ങളുടെ പരിമിതി തിരിച്ചറിഞ്ഞതുകൊണ്ടാണ്, ലെനിന്‍ ‘പ്രൊഫഷണല്‍ വിപ്ലവകാരികള്‍’ എന്ന സങ്കല്പം ആവിഷ്‌കരിച്ചത്. ലെനിന്റെ ഏറ്റവും മൗലികമായ സംഭാവനയും ഇതായിരിക്കും. ജനങ്ങളെയും തൊഴിലാളിവര്‍ഗത്തെയും ആദര്‍ശവല്‍ക്കരിക്കാന്‍ ലെനിന്‍ തയ്യാറായിരുന്നില്ല.

പ്രൊഫഷണല്‍ വിപ്ലവകാരിയാകാനുള്ള യോഗ്യത മൗലിക ചിന്താശേഷിയും ധിഷണാ ശക്തിയുമാണ്, തൊഴിലാളി വര്‍ഗ പശ്ചാത്തലത്തിന് ലെനിന്റെ വിപ്ലവകാരി സങ്കല്പത്തില്‍ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. റഷ്യന്‍ വിപ്ലവത്തിന്റെ നേതൃനിരയില്‍ ലെനിനൊപ്പം പ്രവര്‍ത്തിച്ചവരിലധികവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഉന്നതരായ ബുദ്ധിജീവികളായിരുന്നു. തുക്കടാ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ലെനിന്റെ വിപ്ലവത്തില്‍ ഒരു റോളുമില്ലായിരുന്നു.

ലെനിന്‍

കേരളത്തിന്റെ ഭാവി, രാഷ്ട്രീയ മാഫിയയുടെ നാശമാണ്

ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ലെനിന്റെ പ്രൊഫഷണല്‍ വിപ്ലവകാരി സങ്കല്‍പം കേരളം പോലെയുള്ള സ്ഥലങ്ങളില്‍ തലകുത്തനെ നിര്‍ത്തപ്പെടുകയാണുണ്ടായത്. കെ. ദാമോദരനെപ്പോലെയുള്ള ബുദ്ധിജീവികള്‍ തമസ്‌കരിക്കപ്പെടുകയും പി. കൃഷ്ണപിള്ളയെപ്പോലുള്ള തൊഴിലാളി നേതാക്കള്‍ ആദര്‍ശവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഇ.എം.എസ് ഈ തൊഴിലാളി മാതൃകയെ ബ്രാഹ്മണവല്‍ക്കരിക്കുക കൂടി ചെയ്തതോടെ, ധിഷണയും ചിന്തയും ബഹിഷ്‌കരിക്കപ്പെട്ടു.

ഇ.എം.എസില്‍ നിന്നു കൈമാറിക്കിട്ടിയ രാഷ്ട്രീയകബന്ധം ആവശ്യപ്പെടുന്നത് പിണറായി വിജയനെപ്പോലെയുള്ള ഫാസിസ്റ്റു കീടങ്ങളെയാണ്. സ്വന്തം വിദ്യാഭ്യാസ മികവുകൊണ്ടും ധിഷണകൊണ്ടും മാന്യമായ ഒരു തൊഴില്‍ കിട്ടാനിടയില്ലെന്നു നേരത്തെ തിരിച്ചറിയുന്ന മന്ദബുദ്ധികളുടെ അഭയകേന്ദ്രങ്ങളാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ കുഞ്ഞുകീട സംഘങ്ങള്‍. കേരളത്തില്‍ ഏറ്റവും നിലവാരം കുറഞ്ഞവരില്‍ ഒരു ചെറുവിഭാഗം പ്രാദേശിക ഗുണ്ടാസംഘങ്ങളിലേക്കും വലിയൊരു വിഭാഗം സി.പി.ഐ.എം എന്ന രാഷ്ട്രീയ മാഫിയയിലേക്കും ആകര്‍ഷിക്കപ്പെടുന്നു.

രണ്ടു കൂട്ടരുടെയും പൊതുമുദ്ര ക്രിമിനലിസമാണ്. ഈ ക്രിമിനലിസത്തിന്റെ രാഷ്ട്രീയ പ്രകാശനമാണ് സി.പി.ഐ.എമ്മും പിണറായി വിജയനും. ഈ ദുഷ്ടശക്തിയെ സമ്പൂര്‍ണമായി നശിപ്പിക്കാതെ കേരളത്തിനു മുന്നോട്ടു പോകാനാവില്ല. സി.പി.ഐ.എം തകര്‍ന്നാല്‍, ആര്‍.എസ്.എസ്- ബി.ജെ.പി വളരുമെന്ന ഒരു മിഥ്യാഭീതി വലിയൊരു വിഭാഗം ആളുകളെ ഇന്നും സ്വാധീനിക്കുന്നുണ്ട്.പശ്ചിമ ബംഗാളില്‍ സി.പി.ഐ.എം ചത്തുതുലഞ്ഞപ്പോള്‍ വളര്‍ന്നത് ബി.ജെ.പിയായിരുന്നില്ല. അവിടെ സി.പി.ഐ.എമ്മിനൊപ്പം ബി.ജെ.പിയുടെയും അടിവേരുകള്‍ പറിച്ചെറിയപ്പെടുകയാണുണ്ടായത്. കേരളത്തിനും ഇത് ഒരു പാഠമാണ്.

1964 മുതല്‍ സവര്‍ണ താല്‍പര്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് സി.പി.ഐ.എമ്മാണ്. പിണറായി വിജയന്‍ എന്ന കീടഫാസിസ്റ്റിന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം ഒരു രാഷ്ട്രീയ മാഫിയയായതോടെ, ബി.ജെ.പിയുമായുള്ള രഹസ്യവും പരസ്യവുമായ കൂട്ടുകെട്ടുകള്‍ കൂടുതല്‍ സജീവമാവുകയാണുണ്ടായത്. അതിനാല്‍, കേരളത്തില്‍ ബി.ജെ.പിയുടെ വേരറുക്കാനുള്ള സുനിശ്ചിതമാര്‍ഗം, സി.പി.ഐ.എമ്മിന്റെ വേരറുക്കുകയെന്നതാണ്. ലോകത്തെവിടെയുമുള്ള മാഫിയകളെ തകര്‍ത്തത് സംവാദങ്ങളിലൂടെയായിരുന്നില്ല എന്ന കാര്യം നാം വിസ്മരിക്കരുത്. സംവാദാത്മകത അര്‍ഹിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.ഐ.എം എന്ന അപകടകരമായ വ്യാമോഹം നാം ഉപേക്ഷിക്കണം.

ലക്ഷണമൊത്ത രാഷ്ട്രീയ മാഫിയയാണ് സി.പി.ഐ.എം എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയാല്‍, സി.പി.ഐ.എമ്മിന്റെ സര്‍വനാശത്തെ, കേരളത്തിന്റെ ഭാവി പുരോഗതിയായി നമുക്ക് കാണാനാകും. അതിനുള്ള ഉപാധികളില്‍, ബലപ്രയോഗവും നീതീകരിക്കപ്പെടുക തന്നെ ചെയ്യും. സി.പി.ഐ.എം എന്ന രാഷ്ട്രീയ മാഫിയയുടെയും ‘പിണറായി വിജയന്‍ ദ് ഇംപെയ്‌ലറു’ടെയും അന്ത്യത്തിലേക്കുള്ള ദൂരം എത്രയും കുറയുന്നുവോ, ഒരു ജനാധിപത്യ കേരളത്തിലേക്കുള്ള അകലവും കുറയും!

Content Highlight: J Raghu article criticizing CPIM, CPI, Pinarayi Vijayan and left politics and its fascism nature

ജെ. രഘു

എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍

We use cookies to give you the best possible experience. Learn more