|

ബംഗാളില്‍ അമ്പേ പാളി അമിത് ഷാ; ഇനി കേരളവും തെലങ്കാനയും; കളിക്കളത്തില്‍ ഇറങ്ങുന്നത് നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാന്‍ തന്ത്രങ്ങള്‍ മെനയാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ നേതൃത്വത്തിലാണ് ബി.ജെ.പി ദക്ഷിണേന്ത്യ ലക്ഷ്യമിട്ടിറങ്ങുന്നത്.

കേരളവും തെലങ്കാനയുമാണ് ബി.ജെ.പി നോട്ടമിടുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും നദ്ദ നേരിട്ടെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം കേരളത്തിലും തെലങ്കാനയിലും എത്തുന്നത്.

ബി.ജെ.പിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളാണ് ഇവ രണ്ടും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയായ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. തെലങ്കാനയില്‍ നിയമസഭയില്‍ വെറും മൂന്ന് സീറ്റുകളും നാല് എം.പിമാരുമാണുള്ളത്.
തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

നേരത്തെ ബംഗാളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നിരുന്നു. എന്നാല്‍ ബംഗാളില്‍ ബി.ജെ.പി നേരിട്ടത് കനത്ത പരാജയമായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനും ബി.ജെ.പി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നീക്കം. പിന്നിലായി പോയ 74,000 ബൂത്തുകളില്‍ സംഘടന വളര്‍ത്താനുള്ള പദ്ധതികള്‍ രൂപപ്പെടുത്താന്‍ നാലംഗ സമിതിയെ പാര്‍ട്ടി തെരഞ്ഞെടുത്തിട്ടുണ്ട്.

നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേരാണ് നാലംഗ സമിതിക്ക്  നല്‍കിയിരിക്കുന്നത്.സംഘടനപരമായി സ്വാധീനമില്ലാത്ത ബൂത്തുകളെ കണ്ടെത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ഈ സമിതി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍മാരായ ബൈജയന്ത് പാണ്ഡ, ദിലീപ് ഘോഷ്, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി, പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ലാല്‍ സിങ് ആര്യ എന്നിവരാണ് സമിതി അംഗങ്ങള്‍.സ്വാധീനമില്ലാത്തെ ബൂത്തുകളെ തിരിച്ചറിഞ്ഞ് സ്വാധീനമില്ലാത്തത് എന്ത് കൊണ്ടെന്ന കാരണം സമിതി കണ്ടെത്തണം.

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, ചത്തീസ്ഗഡ്, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ബി.ജെ.പി പ്രത്യേക ശ്രദ്ധ പുലര്‍ത്തും.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്.

Contnet Highlights:J P Nadda heads to Kerala and Telangana to prepare a new pitch for BJP in South