| Monday, 22nd February 2021, 1:39 pm

ഉദ്യോഗസ്ഥര്‍ക്ക് മിനിമം വിവരം വേണം; ഐ.എ.എസ് ആണെന്ന് കരുതി എല്ലാം അറിയാമെന്ന ധാരണ വേണ്ട; ജെ. മേഴ്‌സിക്കുട്ടിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യു.എസ് കമ്പനിയായ ഇ.എം.സി.സിയുമായി ധാരണാപത്രം ഉണ്ടാക്കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി വീണ്ടും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചര്‍ച്ച ചെയ്യാതെ കെ.എസ്.ഐ.എന്‍.സി എന്ന പൊതു മേഖലാ സ്ഥാപനമാണ് കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ അത്തരം നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇ.എം.സി.സി മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റ് എന്നും മന്ത്രി ചോദിച്ചു.

400 ട്രോളറുകള്‍ നിര്‍മിക്കുമെന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും മിനിമം വിവരമുണ്ടെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമോയെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

ഐ.എ.എസ് ആണെന്ന് കരുതി ലോകത്ത് നടക്കുന്നതെല്ലാം അറിയാമെന്ന ധാരണ വേണ്ടല്ലോ. അത് ഇപ്പോള്‍ രമേശ് ചെന്നിത്തല ഉപയോഗിക്കുമ്പോള്‍ രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ടെന്ന കാര്യം ഉയരുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞു, സര്‍ക്കാര്‍ അറിയാതെ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫിഷിംഗ് ഡിപാര്‍ട്ടമെന്റുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കരാര്‍ ആരോട് ചോദിച്ചിട്ടാണ് ഉണ്ടാക്കിയതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

അതേസമയം മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ആരോപണവുമായി ചെന്നിത്തല ഇന്നും രംഗത്തെത്തിയിരുന്നു. മേഴ്‌സിക്കുട്ടിയമ്മയടക്കമുള്ള മന്ത്രിമാരും മുഖ്യമന്ത്രിയുമാണ് പ്രധാന പ്രതികളെന്നും മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ നേരത്തെ അറിയാമായിരുന്നുവെന്നുമാണ് ചെന്നിത്തല ആരോപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: J Mersykkutty amma against N Prashanth

We use cookies to give you the best possible experience. Learn more