| Monday, 13th July 2020, 9:51 am

തീരദേശമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം പരിഗണനയില്‍; മത്സ്യ വില്‍പന സര്‍ക്കാര്‍ സംവിധാനത്തില്‍ നടത്തുമെന്നും ജെ. മേഴ്‌സിക്കുട്ടിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. കേരളത്തിലെ തീരദേശ മേഖലയിലാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ പറഞ്ഞു. ഏഷ്യാനെറ്റിന്റെ നമസ്‌തേ കേരളത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

പുറത്ത് നിന്ന് ആരെയും തീരദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ കടലില്‍ പോകാന്‍ മാത്രം അനുവദിക്കുന്ന തരത്തിലായിരിക്കും ലോക്ക് ഡൗണെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

‘ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത് ചിലയിടങ്ങളില്‍ മാത്രമാണ്. എന്നാല്‍ തീരദേശമേഖലയാകെ ഒരു സ്തംഭനത്തിലേക്ക് പോവുകയാണ്. ഇത് പടര്‍ന്നു പോയാല്‍ കൈവിട്ടു പോകും എന്നതില്‍ ഒരു സംശയവുമില്ല. അപ്പോള്‍ കോണ്‍ടാക്ട് വരാതെ തന്നെ തീരദേശ മേഖലയെ കടലുമായി മാത്രം ബന്ധം വെച്ച് ട്രിപ്പിള്‍ ലോക്ക് ഡൗണിലാക്കുക എന്നതാണ് ആലോചിക്കുന്നത്. പുറത്തു നിന്നുള്ളവരെ ദീരദേശത്തേക്ക് അടുപ്പിക്കാതിരിക്കുക, അവരുടെ ജീവിതം കടല്‍ത്തീരവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഉറപ്പാക്കുക എന്നകാര്യം ആലോചിച്ച് വരുന്നുണ്ട്,’ മന്ത്രി പറഞ്ഞു.

മത്സ്യം വിപണിയിലെത്തിക്കാന്‍ പ്രത്യേകം സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

‘തീരദേശമേഖലയിലെ ജനങ്ങള്‍ കടലുമായി മാന്ത്രം ബന്ധപ്പെട്ട് കിടക്കുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ പിടിച്ചു കൊണ്ടു വരുന്ന മത്സ്യം ലേലം ചെയ്യാതെ ആള്‍ക്കൂട്ടമില്ലാതെ വില നിശ്ചയിച്ച് അതിനെ മാര്‍ക്കറ്റിലെത്തിക്കാനുള്ള മത്സ്യ ഫെഡിന്റെ ഇടപെടലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. മത്സ്യത്തൊഴിലാളികള്‍ ഇതിന് സഹകരിക്കേണ്ടതുണ്ട്. മത്സ്യ കച്ചവടത്തിലെ ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ സംവിധാനത്തില്‍ നടത്തും,’ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് 6 മുതല്‍ ജൂലൈ 23 വൈകീട്ട് ആറു മണിവരെയാണ് ലോക്ഡൗണ്‍.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകള്‍, കൊല്ലത്തെ ചവറ, പന്മന ആലപ്പുഴയില്‍ പട്ടണക്കാട് , കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതല്‍ നിയന്ത്രണം. ഇതില്‍ ചിലയിടങ്ങള്‍ ഇപ്പോള്‍ത്തന്നെ ട്രിപ്പിള്‍ ലോക് ഡൗണിലാണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നാന്നൂറ് കടന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 435 പേരില്‍ 206 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more