| Sunday, 13th September 2020, 11:54 pm

കെ. ടി ജലീലിനെ അപായപ്പെടുത്താനുള്ള ശ്രമം ആസൂത്രിതം; മന്ത്രിക്കെതിരെയുള്ള വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ആരോപണങ്ങളില്‍ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നുവെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അദ്ദേഹത്തെ പാരിപ്പള്ളിയില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത് ആസൂത്രതമായാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

‘വേഗത്തില്‍ ഓടി വരുന്ന വാഹനത്തിനു മുന്നില്‍ പെട്ടെന്ന് മറ്റൊരു വാഹനം കുറുകെ വയ്ക്കുന്നത് ഉണ്ടാക്കുന്ന അപകടം എത്ര ഭീകരം ആകും എന്നത് അറിയാത്തവരാണോ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് സമരത്തിന്റെ രൂപം അല്ല. ആസൂത്രിതമായി അപകടപ്പെടുത്താന്‍ നടത്തിയ നീക്കം തന്നെയാണ് എന്നതില്‍ സംശയമില്ല. മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്,’ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വസ്തുത എന്താണെന്ന് മന്ത്രി തന്നെ ഒരു മാധ്യമപ്രവര്‍ത്തകന് വിശദീകരിച്ച് നല്‍കിയിട്ടുണ്ടെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നുമേ ചോദിച്ചില്ല എന്ന വസ്തുതയിരിക്കെ ഇന്നലെയും ഇന്നുമായി നടത്തുന്ന എന്ത് കോലാഹലങ്ങളാണ് നടത്തുന്നതെന്നും മന്ത്രി ചോദിച്ചു.

ഹാലിളകിയ പ്രതിപക്ഷത്തിന്റെ സമനില തെറ്റിയ അഴിഞ്ഞാട്ടമാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടായപ്പോഴും ഇതേ പ്രകടനമാണ് നടത്തിയതെന്നും അന്നും ഇതേ പ്രകടനമാണ് പ്രതിപക്ഷം നടത്തിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഫയലുകള്‍ കത്തി നശിച്ചുവെന്ന് പ്രതിപക്ഷം പറഞ്ഞപോലെതന്നെയാണ് മന്ത്രി കെടി ജലീലിനെതിരെ നടത്തുന്ന സമരത്തിലും സംഭവിക്കാന്‍ പോകുന്നത്. ജലീലിനെ കരുവാക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മന്ത്രി കെടി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.

പാരിപ്പള്ളിയില്‍ വെച്ചാണ് ജലീല്‍ സഞ്ചരിച്ച കാറിന് നേരെ മറ്റൊരു കാര്‍ അപകടകരമായ രീതിയില്‍ സമീപിച്ചത്. സംഭവത്തില്‍ യുവമോര്‍ച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ഇവര്‍ക്കെതിരെ വധശ്രമമാണ് ചുമത്തിയിരിക്കുന്നത്. കല്ലുവാതുക്കല്‍ പാമ്പ്രം സ്വദേശികളായ അഭിജിത്, വൈഷ്ണവ്, വിപിന്‍, എളിപ്പുറം സ്വദേശി പ്രവീണ്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രി കെ.ടി ജലീല്‍ മാധ്യമങ്ങളോട് മറച്ചുവെച്ചതും ഇ.ഡി ഓഫീസില്‍ ജലീല്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പോയതുമെല്ലാം ചര്‍ച്ചയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: J Mercykkutty Amma supports K T Jaleel

We use cookies to give you the best possible experience. Learn more