തിരുവനന്തപുരം: കേരളം കടന്നുപോകുന്നത് നിര്‍ണായക ഘട്ടത്തിലൂടെയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരിശോധനകള്‍ വര്‍ധിക്കുമ്പോള്‍ കേസുകളുടെ എണ്ണവും കൂടാം. സംസ്ഥാനത്ത് അമിതമായ ഇളവുകള്‍ പ്രതീക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയെങ്കിലും ഇളവുകള്‍ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സംസ്ഥാനങ്ങള്‍ക്കായുള്ള അധികാരം കേരളം വിനിയോഗിക്കുകയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ബാറുകള്‍ തുറക്കേണ്ട എന്നാണ് കേന്ദ്രം പറയുന്നതെങ്കില്‍ അത് പാലിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇളവുകള്‍ അനുവദിക്കുമ്പോഴും നമ്മുടെ മനസില്‍ ഉണ്ടായിരിക്കേണ്ടത്. അത് മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക മരുന്ന്. ഗുജറാത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം അവസരങ്ങളെല്ലാം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ സംരക്ഷിച്ചുകൊണ്ട് കൊവിഡിനൊപ്പം സഞ്ചരിച്ചുള്ള ജീവിത ശൈലിയിലേക്ക് നമ്മുക്ക് പോയേ മതിയാവൂ. ഈ കാലയളവില്‍ ജനങ്ങള്‍ അത്യധികം പ്രതിസന്ധിയിലാണ്. കൂലിയില്ലാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ല. ഇതെല്ലാം ഉള്ളപ്പോള്‍ത്തന്നെ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയായിരിക്കണമെന്നും അവര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.