തിരുവനന്തപുരം: അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും 5000 കോടിയുടെ കരാര്‍ കഴിഞ്ഞ ആഴ്ച കേരള സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി ഇന്റര്‍നാഷണലുമായി ഒപ്പിട്ടവെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ രൂക്ഷപ്രതികരണവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.
പ്രതിപക്ഷ നേതാവിന്റെ ആരോപണം തികച്ചും അസംബന്ധമാണെന്നും ഒരാളെയും കാണുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും എന്ത് കരാറിനെ കുറിച്ചാണ് ചെന്നിത്തല പറയുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.
പതിപക്ഷ നേതാവ് അസംബന്ധം വിളിച്ചു പറയുകയാണ്. ഇത്തരത്തിലൊരു കമ്പനിക്ക് റജിസ്‌ട്രേഷനോ അനുമതികളോ നല്‍കിയിട്ടില്ല. ഫിഷറീസ് വകുപ്പ് അറിയാതെ ഇത്തരത്തിലൊരു കരാര്‍ ഉണ്ടാകില്ല. പ്രതിപക്ഷനേതാവ് മുങ്ങി ചാകാന്‍ പോകുമ്പോള്‍ എവിടെയെങ്കിലും പിടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയാണ്. ചെന്നിത്തലയ്ക്ക് എന്തുതരം മാനസികാവസ്ഥയാണെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.
‘എന്ത് കരാര്‍, ഏത് ഉത്തരവ്, ആര് ഒപ്പിട്ടു ചെന്നിത്തലയുടെ ആരോപണത്തെ കുറിച്ച് എനിക്ക് ധാരണയില്ല. അസന്റ് കേരളയില്‍ എന്ത് ചര്‍ച്ചയ്ക്ക് വന്നുവെന്ന് അറിയില്ല. അതില്‍ താനില്ല. വ്യവസായ വകുപ്പുമായി കരാറിലേര്‍പ്പെട്ടോ എന്നത് പ്രശ്നമല്ല.
ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പാണ്. എന്നാല്‍ ഫിഷറീസ് വകുപ്പിന്റെ മുന്നില്‍ ഇത്തരമൊരു അപേക്ഷയില്ല. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്ന പ്രശ്നമില്ലെന്നും’ മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒക്കെ ബോംബ് പൊട്ടിച്ചു പോകണമെന്ന അത്യാര്‍ത്തി കൊണ്ടു പറയുന്നതാണ്. ഇതൊന്നും കേരളത്തില്‍ ഏശാന്‍ പോകുന്നില്ല. മല്‍സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തോടെയാണ് ഈ പണിയുമായി ഇറങ്ങിത്തിരിച്ചതെങ്കില്‍, ആ വെച്ച പരിപ്പ് വാങ്ങിവെച്ചേക്ക്.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ പ്രതിപക്ഷനേതാവ് നടത്തുന്ന അവസാനശ്രമം മാത്രമാണിത്. പ്രതിപക്ഷ നേതാവിന് അടുത്ത കാലത്തായി മാനസിക നില തെറ്റിയിരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ്. ഇപ്പോള്‍ 5000 കോടിയുടെ കണക്കുമായി വന്നിരിക്കുന്നു. എന്താ ഈ കോടിക്കൊന്നും ഒരു വിലയുമില്ലേ,
2018 ല്‍ യു.എന്നിലെ ചര്‍ച്ചക്കാണ് പോയത്. മൂന്നു ദിവസമാണ് അമേരിക്കയില്‍ ഉണ്ടായിരുന്നത്. ടി.കെ.എം കോളേജ് ചെയര്‍മാന്‍, പ്രിന്‍സിപ്പല്‍, കൊല്ലം ജില്ലാകളക്ടര്‍ എന്നിവരുണ്ടായിരുന്നു. യു.എന്‍ ചര്‍ച്ചയല്ലാതെ ഒരാളുമായും ചര്‍ച്ച നടത്തിയിട്ടില്ല, മന്ത്രി പറഞ്ഞു.
പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക് മാത്രമാണ് ആഴക്കടലില്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കുന്നത്. സര്‍ക്കാരിന് മുന്നില്‍ ഇത്തരമൊരു അപേക്ഷ വന്നിട്ടില്ല, ലൈസന്‍സ് കൊടുത്തിട്ടില്ല, നയപരമായി കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
5000 കോടിയുടെ കരാര്‍ കഴിഞ്ഞ ആഴ്ച കേരള സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി ഇന്റര്‍നാഷണലുമായി ഒപ്പിട്ടവെന്നും ഇതിന്റെ പിന്നില്‍ കോടികളുടെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നുമായിരുന്നു ചെന്നിത്തല ആരോപിച്ചത്.
4000 അത്യാധുനിക ട്രോളറുകളും അഞ്ച് കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ട് വരെ അരിച്ചു പെറുക്കത്തക്ക നിലയിലുള്ള വലകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വന്‍ കൊള്ളയാണ് ഈ കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികള്‍ മല്‍സ്യബന്ധനം നടത്തുന്നത് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണ്.
വന്‍കിട കുത്തക കമ്പനിക്ക് കേരളം തീരം തുറന്നുകൊടുക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ മല്‍സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ് കരാര്‍. പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ പട്ടിണിയിലാകും. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി പദ്ധതിയേക്കാള്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇടതുമുന്നണിയിലേ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട സംഘടനകളുമായും ചര്‍ച്ച ചെയ്തിട്ടില്ല. വിദേശ കപ്പലുകലെ നമ്മുടെ തീരത്തേക്ക് കൊണ്ടുവരാനുള്ള അപകടകരമായ നീക്കമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് പിന്നില്‍ വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗുഢാലോചനയാണ് നടത്തിയത്.
ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ്. മന്ത്രി 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍നടപടിയാണ് കഴിഞ്ഞ ആഴ്ച ഒപ്പിട്ട കരാര്‍. മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. ഈ പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി 2019 ല്‍ മല്‍സ്യ നയത്തില്‍ ആരോടും ആലോചിക്കാതെ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു എന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: J. Mercikutty amma Against RameshChennithala