ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശ്രിനഗര്‍: കശ്മീരിലെ റഷ്യന്‍ പൈന്മരങ്ങള് വ്യാപകമായി മുറിച്ച് നീക്കുന്നു. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് കശ്മീരിലെ റഷ്യന്‍ പൈന്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നത്.
പൂമ്പൊടികള്‍ മുഖേന കൊറോണ വൈറസ് വായുവിലൂടെ ശരീരത്തിലെത്തും എന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പൂമ്പൊടികള്‍ പൊഴിക്കുന്ന റഷ്യന്‍ പെണ് പൈന്മരങ്ങള് മുറിച്ചു നീക്കുന്നത്. എന്നാല്‍ സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ പൈന്മരങ്ങള് മുറിച്ചു നീക്കുന്നതിനെതിരെ കശ്മീരില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനം ഉയര്‍നിട്ടുണ്ട്.
റഷ്യന്‍ പൈന്മരങ്ങളും കശ്മീരും
1981-82 ല്‍ സോഷ്യല്‍ ഫോറസ്റ്റ്ട്രി വകുപ്പിന്റെ ഒരു പ്രൊജക്ടിന്റെ ഭാഗമായാണ് കശ്മീരില്‍ റഷ്യന്‍ പൈന്മരങ്ങള് എത്തുന്നത്. നിര്‍മാണത്തിനുപയോഗിക്കുന്ന പൈന്‍മരങ്ങളിലൂടെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് തൊഴിലവസരവും ജീവനോപാധിയും നല്കലായിരുന്നു പ്രൊജക്ടിന്റെ ലക്ഷ്യം. കശ്്മീരില്‍ നിരവധി പേര് ഈ മരങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ട്.
കശ്മീര്‍ പൈന്‍ മരങ്ങളെക്കാള്‍ വളരെ പെട്ടന്ന് വളര്‍ച്ച പ്രാപിക്കുന്നവയാണ് റഷ്യന്‍ പൈന്മരങ്ങള്. 1.6 കോടിയോളം പൈന്മരങ്ങള് കശ്മീരിലുണ്ടാവുമെന്നാണ് കണക്ക്. എന്നാല്‍ ഈ പൈന്‍മരങ്ങല്‍ ജനങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പെണ് പൈന്‍ മരങ്ങളുടെ പൂമ്പൊടികളിലൂടെയാണ് അലര്‍ജി വരുന്നത്. ഏപ്രില്‍ മാസത്തിലാണ് പൂമ്പൊടികള്‍ പരക്കുന്നത്. ആണ് പൈന്മരങ്ങള് പൂമ്പൊടികള്‍ ഉത്പാദിപ്പിക്കാറില്ല.
അലര്‍ജി വന്ന സാഹചര്യത്തില്‍ 2015 ല്‍ ലക്ഷക്കണണക്കിന് റഷ്യന്‍ പൈന്മരങ്ങള് കശ്മീരില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം മുറിച്ച് മാറ്റിയിരുന്നു.
ഇതിനെതിരെ പരാതികള്‍ വന്ന സാഹചര്യത്തില്‍ മരം മുറിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവ വീണ്ടും മുറിച്ചു നീക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം മരങ്ങള്‍ മുഴുവനായും മുറിച്ചു നീക്കുന്നില്ലെന്നും ശാഖകള്‍ വെട്ടിമാറ്റാനാണ് ഉത്തരവിട്ടിരിക്കുന്നതെന്നും ജമ്മുകശ്മീര്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് റീജുയണല്‍ ഡയരക്ടര്‍ മെഹറുജുദിന്‍ മാലിക് പറഞ്ഞു.