ശ്രീനഗർ: എ.ബി.വി.പി പരിപാടിയിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പങ്കാളിത്തം സംബന്ധിച്ച ഉത്തരവ് ജമ്മു കശ്മീർ സർക്കാർ പിൻവലിച്ചു. പൊതുജനങ്ങളിൽ നിന്നും പ്രതിപക്ഷത്ത് നിന്നും എതിർപ്പ് നേരിട്ടതോടെയാണ് സർക്കാരിന്റെ പിൻവാങ്ങൽ.
ശനിയാഴ്ച (ജനുവരി 25) ജമ്മു കശ്മീർ സർക്കാർ ദോഡ ജില്ലയിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ആസൂത്രണം ചെയ്ത ദ്വിദിന കായികമേള നടത്താൻ നാല് സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. നാല് ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരോട് ഇവൻ്റ് സുഗമമായി നടത്തുന്നതിന് പ്രവർത്തിക്കാൻ സർക്കാർ നിർദേശം നൽകുകയായിരുന്നു.
തുടർന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഉദ്യോഗസ്ഥരും പ്രതിഷേധവുമായെത്തി. അതോടെ സർക്കർ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ആർ.എസ്.എസ് പിന്തുണയുള്ള എ.ബി.വി.പിയെ ജമ്മു കശ്മീരിൽ ഇത്തരം പരിപാടികൾ നടത്താൻ അനുവദിക്കരുതെന്ന് ഗുജ്ജർ ബക്കർവാൾ സ്റ്റുഡൻ്റ്സ് അലയൻസ് വക്താവ് അമീർ ചൗധരി പറഞ്ഞു,
‘ഭരണകൂടത്തിൻ്റെ കാവിവത്ക്കരണത്തിനെതിരെ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തത് വിചിത്രമാണ്. ഇത് പൂർണമായും അംഗീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ജമ്മു ഡിവിഷനിലെ പൂഞ്ച് ജില്ലയിൽ സംഘടിപ്പിച്ച എ.ബി.വി.പി റാലിയിൽ സർക്കാർ നടത്തുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളോടും ജീവനക്കാരോടും പങ്കെടുക്കാൻ ഭരണകൂടം ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ഉത്തരവനുസരിച്ച്, വ്യാഴാഴ്ച (ജനുവരി 23) എ.ബി.വി.പി സംഘടിപ്പിച്ച തിരംഗ റാലിക്ക് സൗകര്യമൊരുക്കാൻ പൂഞ്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മുഖ്യ വിദ്യാഭ്യാസ ഓഫീസറോട് നിർദേശിച്ചു.
നിർദേശപ്രകാരം , 40-50 വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും പരിപാടിയിലേക്ക് അയയ്ക്കാൻ സി.ഇ.ഒ ഒമ്പത് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരവിൻ്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ ജമ്മു കശ്മീരിൽ വലിയ പ്രതിഷേധം ഉണ്ടായി. പ്രതിപക്ഷം ഈ വിഷയത്തിൽ ഒമർ അബ്ദുള്ള സർക്കാരിനെതിരെ രംഗത്തെത്തി.
Content Highlight: J&K Govt Withdraws Order on Student, Staff Participation in ABVP Event