ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാം ഹെൽത്ത് റിസോർട്ടിൽ നടക്കുന്ന അനധികൃത നിർമാണവും പരിസ്ഥിതി നശീകരണവും തുറന്ന് കാട്ടിയ മുതിർന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാർ സ്ഥലം മാറ്റി.
പഹൽഗാം ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (പിഡിഎ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ആയി സേവനമനുഷ്ഠിച്ചിരുന്ന ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ജെ.കെ.എ.എസ്) ഉദ്യോഗസ്ഥനായ മസറത്ത് ഹാഷിമിനെയാണ് സ്ഥലം മാറ്റിയത്. കേന്ദ്രഭരണ പ്രദേശത്തെ തൊഴിൽ വകുപ്പിലേക്കാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടിയത്.
റിസോട്ടിൽ വ്യാപകമായ അനധികൃത നിർമാണം നടക്കുന്നുണ്ടെന്ന് ഹാഷിം ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥലം മാറ്റം. ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പെടെ 300 ഓളം അനധികൃത കെട്ടിടങ്ങളാണ് അനുമതിയില്ലാതെ കഴിഞ്ഞ മാസങ്ങളും വർഷങ്ങളിലുമായി ഉയർന്നത്.
ബിൽഡിങ് ഓപ്പറേഷൻസ് കൺട്രോളിങ് അതോറിറ്റിയുടെ (BOCA) മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെ പഹൽഗാമിൽ ഡസൻ കണക്കിന് വാണിജ്യ സ്ഥാപനങ്ങൾ ഉടമകൾ നവീകരിക്കുകയോ വിപുലീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നും സർക്കാരിന് അയച്ച കത്തിൽ ഹാഷിം ചൂണ്ടിക്കാട്ടിയിരുന്നു.
പി.ഡി.എയുടെ സി.ഇ.ഒയുടെ നേതൃത്വത്തിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ ബിൽഡിങ് ഓപ്പറേഷൻസ് കൺട്രോളിങ് അതോറിറ്റിയാണ് പഹൽഗാമിലെ പുതിയ നിർമാണങ്ങൾക്കും നവീകരണങ്ങൾക്കും അനുമതി നൽകുന്ന നോഡൽ അതോറിറ്റി.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നിയമ ലംഘനങ്ങളെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് പി.ഡി.എ ഈ മാസം ആദ്യം സർക്കാരിന് അയച്ചിരുന്നു. ഒപ്പം നിയമലംഘകരോട് കാരണം കാണിക്കാനും നിർമാണം ഉടൻ നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. പഹൽഗാമിലെ അനധികൃത നിർമാണങ്ങൾ തടയാൻ ഒരു സിവിൽ സൊസൈറ്റി ഫോറം രൂപീകരിക്കാനും അബ്ദുള്ള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് വിഷയത്തിൽ നടപടികളൊന്നും എടുക്കാതെ തിങ്കളാഴ്ച സർക്കാർ സി.ഇ.ഒയെ സ്ഥലം മാറ്റുകയാണ് ചെയ്തത്.
ഹാഷിമിനെ പുറത്താക്കിയതിനെത്തുടർന്ന്, പഹൽഗാം എം.എൽ.എയും മുതിർന്ന എൻ.സി നേതാവുമായ അൽത്താഫ് കല്ലൂവിൻ്റെ മുഖം ‘പുഷ്പ പുഷ്പ ‘ എന്ന തെലുങ്ക് ഗാനത്തിന്റെ പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Content Highlight: J&K Govt Transfers Officer Who Exposed Pahalgam’s Environmental Vandalism