|

ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം.

ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും നീളും. ഇരുവരും ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.

പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുള്ളയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് പൊതുസുരക്ഷാ നിയമം.

ഫാറൂഖ് അബ്ദുല്ലയുടെ പിതാവായ ഷെയ്ഖ് അബ്ദുല്ലയുടെ ഭരണകാലത്താണ് ഈ നിയമം ആദ്യമായി കശ്മീരില്‍ നടപ്പാക്കിയത്. അതേസമയം വീട്ടുതടങ്കലില്‍ തുടരുന്ന അദ്ദേഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നില്ല.

മുന്നു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നിലവില്‍ ലോക്‌സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.

സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം. വീട്ടുതടങ്കലില്‍ കഴിയവെ തന്നെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തുവന്നിരുന്നു.