മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ കിട്ടാന്‍ വ്യാജ ഭീകരാക്രമണം; ജമ്മു കശ്മീരില്‍ ബി.ജെ.പി. നേതാക്കള്‍ അറസ്റ്റില്‍
national news
മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ കിട്ടാന്‍ വ്യാജ ഭീകരാക്രമണം; ജമ്മു കശ്മീരില്‍ ബി.ജെ.പി. നേതാക്കള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th July 2021, 10:03 am

ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ വ്യാജ ഭീകരാക്രമണം നടത്തിയതിന് രണ്ട് ബി.ജെ.പി. നേതാക്കളെയും അവരുടെ രണ്ട് പൊലീസ് ഗാര്‍ഡുകളെയും അറസ്റ്റ് ചെയ്തു.

തങ്ങളുടെ സുരക്ഷ കൂട്ടുന്നതിനും മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ബി.ജെ.പി. നേതാക്കള്‍ വ്യാജ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഇഷ്ഫാഖ് അഹമ്മദ്, വടക്കന്‍ കശ്മീരിലെ അതിര്‍ത്തി ജില്ലയിലെ ബഷറത്ത് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായ ബി.ജെ.പി. നേതാക്കള്‍.

ഇവരെ ഏഴുദിവസത്തേക്ക് റിമാന്റ് ചെയ്തു. അജ്ഞാതരായ തോക്കുധാരികള്‍ തങ്ങളെ വെടിവച്ചുവെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞത്. ഇഷ്ഫാഖ് അഹമ്മദിന് കയ്യില്‍ പരിക്ക് പറ്റിയിരുന്നു.

തുടക്കത്തില്‍ പൊലീസ് ഇതിനെ ഗാര്‍ഡിന്റെ ഭാഗത്തുനിന്ന് അബദ്ധത്തില്‍ ഉണ്ടായ വെടിയുതിര്‍ക്കലായാണ് വിലയിരുത്തിയത്.

പി.എസ്.ഒയുടെ ആയുധം കാറില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടിയെന്നും അത് ബി.ജെ.പി. നേതാവായ ഇഷ്ഫാക്കിന്റെ കയ്യില്‍ തട്ടിയെന്നുമാണ് പൊലീസ് പറഞ്ഞത്.

തുടര്‍ന്ന് മറ്റ് പി.എസ്.ഒ. ഭയന്ന് വെടിവച്ചതാണെന്നും തീവ്രവാദ ആക്രമണത്തിന്റെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും കുപ്വാര ജില്ല പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്. കൂടുതല്‍ സുരക്ഷാ പരിരക്ഷ ലഭിക്കാനാണ് ബി.ജെ.പി. നേതാക്കള്‍ ഇത്തരമൊരു വ്യാജ ആക്രമണം ഉണ്ടാക്കിയതെന്നാണ് ബി.ജെ.പിക്കകത്തു നിന്നുള്ള വിലയിരുത്തല്‍.

വ്യാജ ‘ഭീകരാക്രമണം’ നടത്തിയ സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്തതിന് ഇഷ്ഫാഖ് അഹമ്മദിനെയും ബഷറത്ത് അഹമ്മദിനെയും ബി.ജെ.പി. സസ്പെന്റ് ചെയ്തു.

ഇതിന് മുന്‍പും ബി.ജെ.പി. നേതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
തീവ്രവാദികളായി വേഷം മാറി എത്തി കച്ചവടക്കാരില്‍ നിന്ന് പണം തട്ടിയതിന്
ഏപ്രില്‍, മെയ് മാസങ്ങളില്‍ രണ്ട് ബി.ജെ.പി. പഞ്ചായത്ത് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: J&K BJP Workers Arrested For Allegedly Staging Attack For More Security