| Saturday, 24th November 2018, 10:14 am

ശബ്ദമില്ലാത്ത ശോഭാ സുരേന്ദ്രനെപ്പറ്റി കേരളത്തിലെ സ്ത്രീജനങ്ങള്‍ക്ക് ഒരു തുറന്ന കത്ത്

ജെ. ദേവിക

ശോഭാ സുരേന്ദ്രനെപ്പറ്റി ഒരു തുറന്ന കത്ത്

അല്ല, തെറ്റിപ്പോയതല്ല, ഈ കത്ത് കേരളത്തിലെ സ്ത്രീജനങ്ങള്‍ക്കാണ്, ശോഭാ സുരേന്ദ്രനല്ല. കഴിഞ്ഞ ദിവസം മീഡിയ വണ്ണില്‍ ഒരു ചര്‍ച്ചയില്‍ ഈ സ്ത്രീയോടൊപ്പൊം പങ്കെടുക്കാന്‍ ഇടവന്നു. അന്നു തോന്നി, ഇതെഴുതണമെന്ന്.

ആ ചര്‍ച്ച കണ്ടവര്‍ക്കറിയാം, ഇവര്‍ ജനാധിപത്യത്തെ വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും പാടെ പുച്ഛിക്കുന്നതെങ്ങനെ എന്ന്. ഇനി മുതല്‍ ഏതെങ്കിലും ചര്‍ച്ചയില്‍ ഇവരോടൊപ്പം ഉണ്ടായാല്‍ ഞാന്‍ ആവശ്യപ്പെടും, ഇവരുടെ ബാഗ് പരിശോധിക്കണമെന്ന്. കാരണം അവരോടു വിയോജിക്കുന്ന മറ്റു സ്ത്രീകളുടെ തല അടിച്ചുടയ്ക്കാന്‍ വല്ല തേങ്ങയും അതിലൊളിപ്പിച്ചിട്ടുണ്ടോ എന്നാര്‍ക്കറിയാം?

നാമജപത്തില്‍ പങ്കെടുത്തവരടക്കമുള്ള സഹോദരിമാരെ, കേരളത്തിലിന്ന് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തില്‍ തുല്യതയുണ്ടെങ്കില്‍, തൊഴിലെടുക്കാന്‍ കഴിയുന്നെങ്കില്‍, കണ്ട ബ്രാഹ്മണന്റെ വീട്ടിലും വിളയിലും ഒറ്റവസ്ത്രവുമുടുത്ത് അയാളുടെയും വീട്ടുകാരുടെയും എച്ചിലെടുത്തും തിന്നും കുട്ടികളുടെ തീട്ടവും മൂത്രവും കൊരിയും അയാളുടെ കാമവെറി തീര്‍ക്കാന്‍ കിടന്നുകൊടുത്തും നിര്‍ബന്ധിതരാവാതെ നിങ്ങള്‍ ഇരിക്കുന്നുണ്ടെങ്കില്‍, അതിനു കാരണം ഇവിടുത്തെ സ്ത്രീപക്ഷവാദികളുടെ ആദ്യതലമുറയാണ്.

അവരില്‍ മിക്കവരെയും പറ്റി നിങ്ങള്‍ കേട്ടിട്ടുപോലും കാണില്ല. അന്നാ ചാണ്ടിയെന്നോ കൊച്ചാട്ടില്‍ കല്ല്യാണിക്കുട്ടിയമ്മ എന്നോ ദാക്ഷായണീ വേലായുധനെന്നോ ഹലീമാ ബീവി എന്നോ നിങ്ങളില്‍ എത്ര പേര്‍ കേട്ടിട്ടുണ്ട് ?കേരളത്തിലെ സ്ത്രീകള്‍ക്ക് അവരുടേതായ ഒരു മഹതീപാരമ്പര്യമുണ്ടെന്ന് നിങ്ങളിലെത്രപേര്‍ക്കറിയാം? ഇന്ന് നവോത്ഥാന സദസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുരുഷന്മാരായ മഹത്തുക്കള്‍ക്കൊപ്പം നിന്ന് സ്ത്രീവിരുദ്ധ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടാണ് അവരില്‍ മിക്കവരും പ്രവര്‍ത്തിച്ചത്.
സ്വാതന്ത്ര്യത്തിനു മുന്‍പ് മലയാളി സമൂഹത്തില്‍ അവര്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ഇന്ന് സ്ത്രീകളനുഭവിക്കുന്ന മിക്ക അവകാശങ്ങളും.

ഇന്ന് നിങ്ങള്‍ക്ക് വിവാഹം കഴിച്ചാലോ പ്രസവിച്ചാലോ ജോലി രാജിവയ്‌ക്കേണ്ടി വരുന്നില്ലെങ്കില്‍ അതിനു കാരണം ശോഭാ സുരേന്ദ്രന്റെ രാഷ്ട്രീയമുന്‍ഗാമികളായ ആചാരപ്രേമികളായ യാഥാസ്ഥിതികരല്ല എന്ന് ദയവുചെയ്ത് ഓര്‍ക്കുക. പത്മാ പിള്ളയെപോലെ ഫെമിനിസ്റ്റുകളെ നിരന്തരം ആക്രമിക്കുന്ന ആചാരപ്രേമികള്‍ ഇത് നല്ലതുപോലെ ഓര്‍ക്കുക. ആചാരപ്രേമികളുടെ സങ്കല്പസ്വര്‍ഗത്തില്‍ പത്മാപ്പിള്ളയുടെ സ്ഥാനം ഇല്ലത്തെ അടുക്കളയുടെ പിന്നാംപുറത്താണ്, കൂടിപ്പോയാല്‍ ഏതെങ്കിലും തന്‍വാടിന്റെ ഉള്ളറയിലാണ്. നവോത്ഥാനത്തില്‍ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തവര്‍ പോലും ആണധികാരത്തെപ്പറ്റി ചോദിക്കാന്‍ ധൈര്യം കാട്ടാത്ത ചോദ്യങ്ങളാണ് സ്ത്രീവാദികളുടെ ആദ്യതലമുറ ചോദിച്ചതെന്ന് മനസ്സിലാക്കുക.

ശോഭാ സുരേന്ദ്രന് ശബ്ദമില്ല എന്ന് ഈ ചര്‍ച്ച കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. അവര്‍ക്കുള്ളത് അര്‍ത്ഥശൂന്യമായ ഒച്ചയാണ്. ശബ്ദമെന്നാല്‍ ആശയങ്ങളെ വ്യക്തമായി പ്രതിപാദിക്കാനും കാര്യകാരണബന്ധം വിടാതെ വാദിക്കാനുമുള്ള കഴിവാണ്. ഒച്ചയെന്നാല്‍ മറ്റുള്ളവരെ ഭയപ്പെടുത്താനോ, ഉള്ളില്‍ നിറയുന്ന അക്രമാസക്തിയടക്കമുള്ള അധമവികാരങ്ങളെ പ്രദര്‍ശിപ്പിക്കാനോ സഹായിക്കുന്ന
വെറും അമറലുകളാണ്.

Also Read:ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി; ആര്‍.എസ്.എസും ബി.ജെ.പിയും ഈ സാഹചര്യം മുതലെടുത്തു: എ.കെ ആന്റണി

അവര്‍ക്ക് അതില്ല എന്നു കണ്ടപ്പോള്‍ അതില്‍ ഒരു അതിശയവും എനിക്കു തോന്നിയില്ല. കാരണം അവരുടെ രാഷ്ട്രീയപാരമ്പര്യം അവര്‍ക്ക് അതുമാത്രമേ അനുവദിച്ചിട്ടുള്ളൂ. സ്ത്രീകളെ നിശബ്ദരായ ചിഹ്നങ്ങളായി കുറയ്ക്കുന്ന പാരമ്പര്യമാണത്. – കുലീന, വേശ്യ, ഭൃത്യ എന്നീ സംവര്‍ഗങ്ങളില്‍ സ്ത്രീകളെ ഒതുക്കുന്ന പാരമ്പര്യം. അതില്‍ സംസാരിക്കുന്ന സ്ത്രീകള്‍ക്ക് ഇടമില്ല.

അതുകൊണ്ടാണ് ശോഭാ സുരേന്ദ്രനും ശശികലയും എല്ലാം പൊതുചര്‍ച്ചകളില്‍ അലര്‍ച്ച മാത്രം സമ്മാനിക്കുന്നവരാകുന്നത്. അല്ലെങ്കില്‍ ആ മണിയമ്മയെപ്പോലെ ചീഞ്ഞുനാറിയ അച്ചിവര്‍ത്തമാനം പറയുന്നത്. അതും ശബ്ദമല്ല, ജാതിവെറിയുടെ ഭാഷയുടെ പുനരവതരണം മാത്രമാണ്.

പത്മാപിള്ളപോലുള്ള വരേണ്യ-കുലീന ചമയുന്ന ഹിന്ദുത്വ തീവ്രവാദികള്‍ മറ്റൊരു തരം ശബ്ദമില്ലായ്മയെയാണ് സ്വീകരിച്ചിരിക്കുന്നത് — ജാതിശ്രേണിയില്‍ ശ്രേഷ്ഠത ആവകാശപ്പെടുന്ന ഒന്ന്. സ്ത്രീവിരുദ്ധ ആചാരങ്ങളെ വാരിപ്പുണരാത്തവരെ ശപിച്ചു കളയും എന്ന ഭീഷണിയാണ് അവരില്‍ നിന്നു പുറപ്പെടുന്നത്. എന്താണ് ശാപം? അനേകം വര്‍ഷത്തെ കഠിനതപസ്സിലൂടെ, അല്ലെങ്കില്‍ സാധനയിലൂടെ, ആര്‍ജിച്ച പുണ്യത്തിന്റെ ശക്തിയെ വാക്കിലൂടെ ആവാഹിച്ചെടുക്കുന്നതാണ് ശാപം. അതായത്, ശബ്ദമല്ല, മറിച്ച് ഉത്തമഹിന്ദുവനിതയായതുകൊണ്ട് സ്വയം നേടി എന്ന് പിള്ളയും കൂട്ടരും കരുതുന്ന നശീകരണശക്തിയത്രെ ഈ ശാപം.

Also Read: ബി.ജെ.പിയുടെ പരസ്യചെലവുകള്‍ പരിശോധിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്

സ്ത്രീകള്‍ക്ക് ശബ്ദം ആവശ്യമില്ല, ഉത്തമഹിന്ദുസ്ത്രീയായി അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ അവര്‍ക്ക് ശപിക്കാനുള്ള ശക്തി കൈവരുമെന്നതാണ് ഹിന്ദുതീവ്രവാദികളുടെ പുതിയ സ്ത്രീശാക്തീകരണപ്രമേയം കലിയുഗത്തില്‍ ശാപം ഫലിക്കില്ല, പ്രാക്ക് മാത്രമേ ഉണ്ടാകൂ എന്നത് വേറെ കാര്യം. മാഡം പിള്ളയും മാഡം സുരേന്ദ്രനുമൊക്കെ പ്രാകിയാല്‍ ഫലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നല്ല വിശ്വാസമുണ്ട് എനിക്ക്.

പ്രിയ സഹോദരിമാരെ, നിങ്ങള്‍ തന്നെ തീരുമാനിക്കൂ. നിങ്ങള്‍ക്ക് ശബ്ദമുള്ളവരായി തുടരണോ അതോ ശബ്ദമില്ലായ്മ മതിയോ നിങ്ങള്‍ക്ക്?

ചിലരുടെ വീട്ടില്‍ നായയെ വളര്‍ത്തുന്നതിന്റെ ക്രൂരത കണ്ട് കണ്ണുനിറഞ്ഞു പോയിട്ടുണ്ട്. കുടുംബാംഗമോ അരുമയോ ആയല്ല, വീട്ടുകാവലിനൊരു ക്രൂരമൃഗമായാണ് പല വീട്ടുകാരും നായയെക്കാണുന്നത്. ചങ്ങലയ്ക്കിട്ടും അക്രമാസക്തിയെ വളര്‍ത്തുംവിധം മാത്രം പരിശീലിപ്പിച്ചും അന്യരെക്കാണുമ്പോള്‍ ചെറിയൊരു സംശയം തോന്നിയാല്‍ത്തന്നെ അവരെ ഭയപ്പെടുത്തി ഓടിക്കാന്‍ മാത്രം ഉച്ചത്തില്‍ കുരയ്ക്കാനും എത്ര ക്രൂരനാണെങ്കിലും ഉടമസ്ഥനെക്കണ്ടാല്‍ മോങ്ങിവാലാട്ടാനും പഠിപ്പിച്ചും അതിനെ അവര്‍ അവിടെ ഇട്ടേയ്ക്കും. നാട്ടുകാരുടെ വെറുപ്പും വൈരാഗ്യവും മുഴുവനും ഉടമസ്ഥനെ ബാധിക്കാത്തവിധം ഈ പാവം നായ ഏല്‍ക്കുകയും ചെയ്യും.

അതേ. പാവം നായ. സ്ത്രീകളുടെ മഹതീപാരമ്പര്യത്തില്‍ തുടങ്ങി നായ വളര്‍ത്തുന്നവരുടെ ക്രൂരതയില്‍ ഈ പോസ്റ്റ് അവസാനിച്ചിരിക്കുന്നു, മനഃപ്പൂര്‍വമല്ല, ക്ഷമിക്കുമല്ലോ. നമ്മുടെ നാടിനെ നാം തന്നെ രക്ഷിക്കട്ടെ. സ്ത്രീകളുടെ കാര്യം പറഞ്ഞാല്‍, നമ്മെ രക്ഷിക്കാന്‍ മനുഷ്യചരിത്രത്തില്‍ നാം മാത്രമേ ഉണ്ടായിട്ടുള്ളൂ.

ജെ. ദേവിക

എഴുത്തുകാരി, അധ്യാപിക, ചരിത്ര പണ്ഡിക എന്നീ നിലകളില്‍ ശ്രദ്ധേയ. ഇപ്പോള്‍ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രഫസര്‍

We use cookies to give you the best possible experience. Learn more