| Wednesday, 8th July 2020, 6:20 pm

അഭിമുഖം: ഡബ്ല്യു.സി.സിയില്‍ ഭിന്നതകളുണ്ടാകുമ്പോള്‍ ഫെമിനിസം ആക്രമിക്കപ്പെടുന്നതിലെ യുക്തിയെന്ത്?

ശ്രിന്‍ഷ രാമകൃഷ്ണന്‍

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അധ്യാപികയും എഴുത്തുകരിയുമായ ഡോ.ജെ.ദേവിക വുമണ്‍ ഇന്‍ സിനിമാ കളക്ടറ്റീവില്‍ ഉയര്‍ന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ ഫെമിനിസത്തിനെതിരായി ഉയരുന്ന ആക്രമങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ്. കേരളത്തിലെ സ്ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്ട്രീയത്തെക്കുറിച്ചും ധാരാളം പഠനങ്ങള്‍ ജെ.ദേവികയുടേതായി ഉണ്ട്.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടറ്റീവില്‍ (ഡബ്ല്യൂ.സി. സി)  നിന്നും സംഘടനയിലെ തന്നെ അംഗമായ വിധു വിന്‍സന്റ് ചില അഭിപ്രായ വ്യത്യാസവുമായി ബന്ധപ്പെട്ട് രാജിവെച്ചതിനു ശേഷം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ? വനിതാ സംഘടനകളില്‍ നടക്കുന്ന ഇത്തരം ഭിന്നാഭിപ്രായപ്രകടനങ്ങള്‍ ഏറെ ആഘോഷിക്കപ്പെടുന്നതായി കാണുന്നുണ്ട്. എന്ത് കൊണ്ടായിരിക്കാം ഇത്?

മുകളില്‍ നിന്ന് നേതാക്കള്‍ കുറേ കാര്യം പറയുകയും ബാക്കിയുള്ളവര്‍ അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യുന്ന ഒരു കേഡര്‍ സംവിധാനം ശീലിച്ചു വന്ന പരിചയമാണ് നമുക്കുള്ളത്. രാഷ്ട്രീയ സംഘാടനത്തിനെ കേഡര്‍ സംവിധാനമായി കാണുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ആരെങ്കിലും വിയോജിപ്പ് അറിയിച്ചാലും, പ്രസ്ഥാനത്തില്‍ നിന്ന് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്ത് പോയാലും മൊത്തം പ്രസ്ഥാനം തകര്‍ന്നുവെന്ന ധാരണയെല്ലാം ഇതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ടാണ് ‘പിളരുന്തോറും വളരും’ എന്നത് തമാശ പ്രയോഗമായി ഇവിടെ നിലനില്‍ക്കുന്നത്. പിളര്‍ന്നു കഴിഞ്ഞാല്‍ നശിച്ചുവെന്നൊരു ധാരണയാണ് പൊതുവില്‍ ആളുകള്‍ക്കുള്ളത്. ഇതുകൊണ്ട് കൂടിയാണ് ഡബ്ല്യു.സി.സിയില്‍ നിന്ന് വിധു വിന്‍സന്റ് വിട്ട് പോയാല്‍ തീര്‍ന്നു കാര്യം എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നത്.
ഇനി ഒരു പക്ഷേ വിധു വിന്‍സന്റ് ഡബ്ല്യു.സി.സി.യില്‍ നിന്ന് പുറത്തുപോയി മറ്റൊരു സംഘടന ഉണ്ടാക്കിയെന്നു തന്നെ ഇരിക്കട്ടെ, ഇതിലൊന്നും ഇത്ര ആശങ്കപ്പെടാന്‍ ഒന്നുമില്ല. ഇവിടുത്തെ പഴകി ദ്രവിച്ച ഒരു സംസ്‌കാരത്തില്‍ നിന്നാണ് സ്ത്രീകള്‍ തമ്മില്‍ ഒരിക്കലും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന ധാരണ വരുന്നത്.

അധികാരശൂന്യരായ മനുഷ്യര്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവരില്‍ ആരെങ്കിലും ഒരാള്‍ പുറത്ത് പോകുകയോ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഒന്നിലധികം സംഘടനകളായി പിളരുകയോ ചെയ്താല്‍ അതെന്തോ മോശമാണെന്നും, അല്ലെങ്കില്‍ അത് സ്ത്രീകളുടെ കഴിവുകേടാണ് എന്നും വിലയിരുത്തലുകള്‍ ധാരാളം ഉണ്ടാകും.

ഇത്തരം സംഘടനകളൊന്നും നാളെ അധികാരം പിടിച്ചെടുക്കാമെന്നോ ഭൂരിപക്ഷ വോട്ട് തേടിക്കളയാമെന്നോ വിചാരിച്ച് പ്രവര്‍ത്തിക്കുന്നവരല്ല.   വളരെ പതുക്കെയാണെങ്കിലും സമൂഹത്തില്‍ മാറ്റം ഉണ്ടാക്കണം എന്ന് കരുതുന്നവരാണ്. ഒറ്റയടിക്കൊന്നും ഒരു കാര്യവും നടക്കില്ല എന്ന ബോധ്യം അവര്‍ക്കുണ്ട്. ഒരുമാറ്റത്തിന് ചിലപ്പോള്‍ വര്‍ഷങ്ങളെടുത്തേക്കാം, അതല്ലെങ്കില്‍ ദശകങ്ങളോ നൂറ്റാണ്ടുകളോ തന്നെ വേണ്ടി വരും. ഇതെല്ലാം അറിഞ്ഞുകൊണ്ടുള്ള ഒരു ബദല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണിത്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പിളരുന്നതൊന്നും ഒരു പ്രശ്നമല്ല. വിധു വിന്‍സന്റ് ഒരു സംഘടനയില്‍ നിന്ന് വിട്ടുപോയാല്‍  മറ്റൊരു  സംഘടനയുമായി യോജിക്കുമായിരിക്കും, അല്ലെങ്കില്‍ രൂപീകരിക്കുകമായിരിക്കും. അവരുടെ കൂടെ ഇതില്‍ ചേരാത്ത വേറെയും ചിലര്‍ സഹകരിച്ചെന്നും വരും.

കേരളത്തിലെ ഫെമിനസത്തിന്റെ വളര്‍ച്ചയില്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും നിര്‍ണായകമായിരുന്നില്ലേ?

അഭിപ്രായ വ്യത്യാസങ്ങളിലൂടെ തന്നെയാണ് കേരളം പോലൊരു സ്ഥലത്ത് ഫെമിനിസം വളരുന്നതും. എണ്‍പതുകളില്‍ ഇവിടെ ഫെമിനിസത്തിന് വളരാന്‍ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഇവിടുത്തെ സ്ത്രീകള്‍ തൊഴില്‍ സേനയ്ക്ക് പുറത്തായിരുന്നു. അവരുടെ നിലനില്‍പ്പ് തന്നെ കുടുംബം എന്നൊരു സ്ഥാപനത്തെ ആശ്രയിച്ചായിരുന്നു.. ഇത്തരത്തില്‍ ആളുകള്‍ വിട്ടുപോകുകയും കൂടിച്ചേരുകയും ചെയ്യുന്നത് ധാരാളം ഉണ്ടായിട്ടുണ്ട് ഫെമിനിസത്തില്‍.

മണ്ണിനടിയിലൂടെ വളരെ പതുക്കെ ഒഴുകുന്ന സബ്ടെറേനിയന്‍ നദിപോലെ നമുക്കിതിനെ കാണാം. പുറത്തു നിന്ന് നോക്കുമ്പോള്‍ ഒന്നും ദൃശ്യമായിരിക്കില്ല. ഇടയ്ക്ക് എവിടെയെങ്കിലുമായിരിക്കും ഇത് പുറത്തുവരിക. ചിലപ്പോള്‍ വന്നത് പോലെ തന്നെ ഉള്ളിലേക്ക് പോകുകയും ചെയ്യും. പക്ഷേ അടിസ്ഥാനപരമായി ആ നദി അവിടെയെല്ലാം പരന്നു കിടക്കും. ഇത് തന്നെയാണ് കേരളത്തിലെ ഫെമിനസത്തിന്റെ രീതിയും. ഇവരെല്ലാം തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പോലും പല കാര്യങ്ങളിലും അവര്‍ ഒപ്പമായിരിക്കും നില്‍ക്കുന്നത്.

ഡബ്ല്യു.സി.സിയിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഫെമിനിസത്തിന്റെ പ്രശ്‌നമാണ് എന്ന രീതിയിലൊക്കെയാണല്ലോ ചര്‍ച്ചകള്‍ വരുന്നത്?

ഡബ്ല്യു.സി.സി പിളരുന്നതും വളരുന്നതും ഒന്നും കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ ബാധിക്കുന്ന കാര്യമല്ല. അത് ഡബ്ല്യു.സി.സിയേയൊ വിധുവിനെയോ പോലും ബാധിക്കില്ലെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. ഫെമിനിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും അതിശക്തമായ ഒരു ഫെമിനിസ്റ്റ് സംവാദം ഇവിടെ നിലവിലുണ്ട്. ഇവിടുത്തെ  സോഷ്യല്‍ മീഡിയ സംവാദങ്ങള്‍ ശ്രദ്ധിക്കൂ. പുരുഷ കേന്ദ്രീകൃത ലോകം എന്നത് വെറു വിഡ്ഡിത്തരമാണ് എന്ന് ഇന്നത്തെകുട്ടികള്‍ക്ക് അറിയാം. ആണുങ്ങളോട് ഭയഭക്തി ബഹുമാനത്തോട് കൂടി പെരുമാറിയില്ലെങ്കില്‍ നമ്മുടെ ലോകവും സംസ്‌കാരവും ഇടിഞ്ഞു വീഴുമെന്ന ധാരണയില്‍ കാര്യമില്ലെന്നും ഇന്നത്തെ യുവതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.


ഡബ്ല്യു.സി.സി വിധുവിന്റെ വിമര്‍ശനത്തിനെ പോസീറ്റീവായി എടുക്കുമെന്നും അതിനോട് പ്രതികരിക്കുമെന്നുമാണ് ഞാന്‍ കരുതുന്നത്. അതേ പോലെ ഈ സംഘടനയില്‍ നിന്നും വിട്ടുപോയാലും ചെറുതെങ്കിലും വിധു വിധുവിന്റേതായ ഒരു സംഘടന രൂപീകരിക്കണമെന്നാണ് എന്റെ ആഗ്രഹം.

ഈ വിഷയം ചര്‍ച്ച ചെയ്തതില്‍ തന്നെ ചില പിശകുകള്‍ ഉണ്ടായിട്ടില്ലേ?

ഈ വിഷയം ഇങ്ങനെയല്ലായിരുന്നു ചര്‍ച്ചയ്ക്ക് വരേണ്ടത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. നോക്കൂ അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതവും, സ്ത്രീ വിരുദ്ധവുമായ വ്യവസായത്തിനുള്ളില്‍ സാമ്പത്തികമായിട്ടുള്ള സ്വതന്ത്ര ഉറവിടങ്ങളൊന്നും ഇല്ലാതെ വരുമ്പോള്‍ എന്ത് ചെയ്യും നിങ്ങള്‍?. സര്‍ക്കാര്‍ നേരത്തെ വനിതാ ഫിലിം മേക്കേഴ്സിന് സഹായം നല്‍കുമെന്ന് പറഞ്ഞിരുന്നല്ലോ?. ആ തുക നല്‍കിയോ, അതില്‍ എന്ത് പുരോഗതിയാണ് ഉണ്ടായത്?.  ഇത്തരത്തിലുള്ള വിഷയങ്ങളിലേക്കും ചര്‍ച്ച പോകേണ്ടതുണ്ട്.

സര്‍ക്കാര്‍ നേരിട്ട് എല്ലാത്തിനും ഫൈനാന്‍സ് ചെയ്യണം എന്നൊന്നുമല്ല പറഞ്ഞുവരുന്നത്.
വനിതാ സംവിധായകരെയും ഫിലിം മേക്കേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ നികുതി ഇളവ്, ഇന്‍സെന്റീവ്സ് തുടങ്ങിയവ നല്‍കി പിന്തുണക്കാം. ആ പ്രശ്നം തന്നെയാണ് സത്യത്തില്‍ വിധു ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. മറ്റ് വിഷയങ്ങള്‍ ഡബ്ല്യു.സി.സിയുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഞാന്‍ അതിനകത്ത് ഉള്‍പ്പെടാത്ത വ്യക്തി ആയതിനാല്‍ തന്നെ മറ്റ് വിഷയങ്ങളില്‍ പ്രതികരിക്കാന്‍ സാധിക്കുകയുമില്ല. അതിനകത്തെ ആഭ്യന്തരവിഷയങ്ങളെക്കുറിച്ച് എനിക്ക് ധാരണയുമില്ല.

നിങ്ങളുടെ പരിസരങ്ങളില്‍ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ് ഫെമിനിസം. അത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ട് കിടക്കുന്നതാണ്.  ഇത് തമ്മില്‍ പൊതുവായിട്ടുള്ളത് നമ്മള്‍ എല്ലാവരും പിതൃമേധാവിത്വ അധികാരത്തില്‍ നിന്നു വരുന്ന പലരതരം പ്രസരണങ്ങളെ എതിര്‍ക്കുന്നുണ്ട് എന്നതാണ്. പിതൃമേധാവിത്വ അധികാരം പലപ്പോഴും സ്ത്രീകളില്‍ കൂടി തന്നെയും പ്രസരിക്കുന്നുണ്ടല്ലോ? ഫെമിനിസത്തെ പരസ്പരം കോര്‍ത്തിണക്കുക എന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യവുമല്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more