ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് പിന്തുണ പ്രഖ്യാപിച്ച് ജനതാദള്‍ സെക്യുലര്‍ (ജെ.ഡി.എസ്). 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇടതു പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാനാണ് തീരുമാനമെന്ന് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളി മണ്ഡലത്തിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച ജെ.ഡി.എസ്, സി.പി.ഐ.എമ്മിനെ പിന്തുണക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഡോ. എ. അനില്‍കുമാറാണ് ഇത്തവണ ബാഗേപ്പള്ളിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി. അദ്ദേഹം ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തു.
കഴിഞ്ഞ തവണ ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തായിരുന്നു. കോണ്‍ഗ്രസിലെ എസ്.എന്‍ സുബ്ബറെഡ്ഡിയോട് 14,013 വോട്ടിനാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്ന ജി.വി ശ്രീരാമ റെഡ്ഡി പരാജയപ്പെട്ടത്. അന്ന് ജെ.ഡി.എസ് ഇവിടെ 38,302 വോട്ടുകളാണ് നേടിയത്. അതുകൊണ്ട് തന്നെ ജെ.ഡി.എസ് പിന്തുണ ലഭിക്കുന്നതോടെ മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ.എം.
ബാഗേപ്പള്ളി മണ്ഡലത്തില്‍ മൂന്ന് തവണ വിജയം നേടിയതിന്റെ ചരിത്രം സി.പി.ഐ.എമ്മിനുണ്ട്. 1983, 1994, 2004 എന്നീ വര്‍ഷങ്ങളിലാണ് സി.പി.ഐ.എം ഇവിടെ വിജയിച്ചത്. 1994ലും 2004ലും ശ്രീരാമ റെഡ്ഡിയായിരുന്നു ബാഗേപ്പള്ളിയില്‍ വിജയിച്ചത്. 2018ല്‍ പെരുമാറ്റ ദൂഷ്യം ആരോപിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ശ്രീരാമ റെഡ്ഡിയെ പുറത്താക്കിയിരുന്നു. 2022 ഏപ്രിലില്‍ ശ്രീരാമ റെഡ്ഡി അന്തരിച്ചു.
കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും ജെ.ഡി.എസ് പുറത്ത് വിട്ടിരുന്നു. 49 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ജെ.ഡി.എസ് പുറത്തു വിട്ടത്. കേരളത്തില്‍ എല്‍.ഡി.എഫ് മുന്നണിയുടെ ഭാഗമാണ് ജെ.ഡി.എസ്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സി.പി.ഐയും തീരുമാനിച്ചെങ്കിലും സഖ്യ സാധ്യതകള്‍ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തു വന്നിട്ടില്ല.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നേരത്തെ ജെ.ഡി.എസ് തീരുമാനിച്ചിരുന്നു.
Content Highlights: J.D.S supports C.P.I.M in karnataka election